ഈശ്വരസ്‌തോത്രം: ദൈവികദാനം
വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ഞങ്ങളര്‍പ്പിക്കുമീ നന്ദിയും സ്‌തോത്രവും
അങ്ങേക്കാവശ്യമില്ലെന്നാകിലും
നന്ദിപുകഴ്ചകള്‍ ഞങ്ങള്‍ നല്‍കുന്നത്
ഞങ്ങള്‍ക്കു നീ തന്ന ദാനമല്ലോ
അങ്ങേ മഹിമയെ തെല്ലും വളര്‍ത്തുവാന്‍
ഞങ്ങള്‍തന്‍ ഗീതങ്ങള്‍ക്കില്ല ശക്തി
എന്നാലും ഞങ്ങള്‍തന്‍ നിത്യരക്ഷയ്ക്കവ
നന്നായുപകരിക്കുന്നുവല്ലോ
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)