Keralaliterature.com

സ്വര്‍ഗരോഹണത്തിരുനാള്‍ 1

സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍ പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍ പിതാവേ
നിത്യപ്രതാപവാനായ് രാജാധിരാജനായ്
സത്യപ്രകാശത്തിന്നുറവിടമായ്
പാപമരണമകറ്റി ജയക്കൊടി
പാരിലുയര്‍ത്തിയ ജേതാവുമായ്
മാനവര്‍ വിസ്മയസ്തബ്ധരായ് നില്‍ക്കവേ
വാനിലുയര്‍ന്നു ഹാ!ദിവ്യനാഥന്‍
ദൈവസമക്ഷം മനുഷ്യര്‍തന്‍ മദ്ധ്യസ്ഥന്‍
ലോകവിധിയാളാന്‍ വാനവേശന്‍
വാണരുളീടുന്നു ഞങ്ങള്‍ക്കുമുന്നമേ
വാനിടം തന്നില്‍ ഗമിച്ചതെന്തേ
പാവങ്ങള്‍ നമ്മെ ത്യജിച്ചിടുവോനല്ല
പാപസംഹാരകനേശുനാഥന്‍
നമ്മള്‍തന്‍ ശീര്‍ഷവും ജീവനുമായിഹ
നിത്യവും ചൈതന്യദായകനായ്
മേവും അവിടുത്തെ ഭൗതികമേനിയില്‍
താവും അവയവമല്ലോ നമ്മള്‍
അങ്ങുന്നു സ്വര്‍ഗ്ഗത്തിലെത്തി പിതാവിന്റെ
സന്നിധിചേര്‍ന്നു വസിച്ചീടുന്നു
അങ്ങിനെ നമ്മളുമെത്തുമൊരുനാളില്‍
എന്നതുറപ്പായി തീര്‍ന്നുവല്ലോ
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ

Exit mobile version