പരിത്യാഗത്തിന്റെ നേട്ടങ്ങള്‍
തപസ്‌സുകാല പൂജകളില്‍ വിശിഷ്യ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍, ചൊല്ലുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.
എന്നും പരിത്യാഗകൃത്യങ്ങളാല്‍ ഞങ്ങള്‍
നിന്നെ മഹത്വപ്പെടുത്തീടുവാന്‍
അല്ലയോ നിന്റെ തിരുവുള്ളമൂഴിയില്‍
വല്ലഭനാകുമെന്‍ തമ്പുരാനേ.
പാപികള്‍ ഞങ്ങളിലുള്ളൊരഹങ്കാരം
ദൂരീകരിച്ചു വിനീതരാകാന്‍
അന്യരായാലംബമില്ലാതെ പൈദാഹ
മെന്നും സഹിക്കുന്ന സോദരര്‍ക്കായ്
അന്നപാനാദികള്‍ നല്‍കിയവരുടെ
ഖിന്നതയാകെയകറ്റീടുവാന്‍
നിത്യപിതാവേ നിന്‍ കാരുണ്യമുള്‍ക്കൊണ്ട്
ഹൃദ്യമാം സാന്ത്വനമേകീടുവാന്‍
സര്‍വ്വജ്ഞനേശുവിന്‍ ദിവ്യപ്രസാദത്താ-
ലുര്‍വ്വിയിലീ ത്യാഗം ഹേതുവാകും
ആകയാലാമോദവായ്‌പോടെ നിത്യവും
നാക ദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)