Keralaliterature.com

വലിയ വ്യാഴാഴ്ച (തൈലപരികര്‍മ്മപൂജ)

 

ക്രിസ്തുവിന്റെ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും

തൈല പരികര്‍മ്മ പൂജയിലും പൗരോഹിത്യ ദാനം, പൗരോഹിത്യ അനുസ്മരണ പൂജകളിലും ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ദൈവമേ താവക സൂനുവാമേശുവേ
ദിവ്യാത്മാവിന്നഭിഷേചനത്താല്‍

ശാശ്വതമായൊരുടമ്പടിയാലെ നീ
വാഴിച്ചു നിത്യപുരോഹിതനായ്

രാജ പൗരോഹിത്യമേകി മാനിച്ചുതാന്‍
മോചിതരാക്കിയ തന്‍ ജനത്തെ

ശാശ്വതമാകും തന്നേക പൗരോഹിത്യം
തന്‍ സഭതന്നില്‍ തുടര്‍ന്നീടുവാന്‍

താവകജ്ഞാനവും സ്‌നേഹവും ഹേതുവായ്
തീരുവാനുള്ളം കനിഞ്ഞുവല്ലോ

ദിവ്യസ്‌നേഹത്താല്‍ തിരഞ്ഞെടുത്തോരെ നീ
കൈവയ്പാല്‍ ശുശ്രൂഷ ചെയ്‌വോരാക്കി

സ്തുത്യ ശുശ്രൂഷയാല്‍ തന്‍ തിരുനാമത്തില്‍
മര്‍ത്ത്യ രക്ഷയ്ക്കായ് ബലിയണക്കാന്‍

തന്‍ പെസഹാ വിരുന്നേവമൊരുക്കാനും
കല്പിച്ചധികാരം തന്നുവല്ലോ

ഉദ്ബുദ്ധരാക്കി തന്‍ സത്യവചനത്താല്‍
മക്കളെ സ്‌നേഹത്തിന്‍ പാത്രമാക്കി

കൂദാശയാല്‍ പരിപോഷണം നല്‍കാനും
നീതാനവരെ നിയുക്തരാക്കി

ഉത്തമമാതൃകയായ് നിന്‍ സ്‌നേഹത്തിലും
ഭക്തിയിലും അവര്‍ വര്‍ത്തിക്കാനും

നിന്റെ പ്രിയത്തിനും സോദര രക്ഷയ്ക്കും
തന്‍ ജീവനര്‍പ്പിച്ച നാഥനോട്

നിത്യമനുരൂപരായ് മുന്നേറാനും
മര്‍ത്യരില്‍ നിന്‍ കൃപ തൂകിയല്ലോ.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങീടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)

 

Exit mobile version