വിശുദ്ധരുടെ മഹത്വം
വിശുദ്ധരുടെ തിരുനാളുകളിലും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍, നാമഹേതുക വിശുദ്ധര്‍ എന്നിവരുടെ ദിവ്യപൂജകളിലും ആമുഖഗീതിയില്ലാത്ത വിശുദ്ധരുടെ തിരുനാളുകളിലേയും മഹോത്‌സവങ്ങളിലേയും ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്. വിശുദ്ധരുടെ അനുസ്മരണ പൂജകളിലും ഉപയോഗിക്കാം.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
സ്വര്‍ഗ്ഗ സദസ്‌സില്‍ വിളങ്ങും വിശുദ്ധരാല്‍
എപ്പോഴും കീര്‍ത്തിതനാകുന്നു നീ
ജീവിതായോധന വേദിയിലായവര്‍
നേടിയ പുണ്യ ഫലങ്ങള്‍ക്കങ്ങ്
പൊന്നിന്‍ കിരീടമണിയിക്കും വേളയില്‍
നിന്‍ മഹാദാനങ്ങള്‍ കീര്‍ത്തിതമാം
ജീവിതകാലത്തവരില്‍ ചൊരിഞ്ഞതാം
ആയിരമായിരം നന്മകളാല്‍
പാരിലീ ഞങ്ങള്‍ക്കു മാതൃക കാട്ടുന്ന
ദീപങ്ങളായവര്‍ ശോഭിക്കുന്നു
ആ സിദ്ധന്‍മാരുടെ ഐക്യത്തിലൂടെയീ
ആത്മീയബന്ധവും ലഭ്യമായി
ആയവര്‍ തന്നുടെ മദ്ധ്യസ്ഥ ശക്തിയാല്‍
ആശ്വാസമിന്നിവര്‍ നേടിടുന്നു
ആ ധര്‍മ്മ സാക്ഷികള്‍ നല്‍കുന്ന ശക്തിയാല്‍
ഈ കര്‍മ്മഭൂവില്‍ മുന്നേറിയേവം
അക്ഷയജ്യോതിസ്‌സുതൂകും കിരീടമൊ-
ന്നിക്ഷിതിവാസികള്‍ ചൂടിടുവാന്‍
ഞങ്ങള്‍ തന്‍ കര്‍ത്താവാം യേശുനാഥന്‍വഴി
ഞങ്ങളുമര്‍ഹരായ് തീര്‍ന്നിടുന്നു
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)