ഞായറാഴ്ചകളിലും മഹോത്‌സവങ്ങളിലും വിശേഷാല്‍ ആഘോഷമുള്ള അവസരങ്ങളിലും സുവിശേഷപ്രഭാഷണം കഴിഞ്ഞ് വിശ്വാസപ്രഖ്യാപനം നടത്തുന്നു.
പുരോഹിതന്‍ അഥവാ ഗായകസംഘം:
ഏകനാം ദൈവത്തില്‍ വിശ്വസിക്കുന്നേന്‍.
എല്ലാവരും: ആകാശത്തിന്റെയും ഭൂമിയുടേയും
ദൃശ്യാദൃശ്യങ്ങളാമെല്ലാറ്റിന്റെയും
സ്രഷ്ടാവും സര്‍വ്വൈകശക്തനുമായ
ദൈവപിതാവില്‍ ഞാന്‍ വിശ്വസിക്കുന്നേന്‍.
എല്ലാ യുഗങ്ങള്‍ക്കും മുമ്പു പിതാവില്‍-
നിന്നു ജനിച്ചൊരു ദൈവ സുതനും
ഏകനാം നാഥനും ജാതനുമായ
ക്രിസ്തുവാം ഈശോയില്‍ വിശ്വസിക്കുന്നേന്‍.
ദൈവത്തില്‍ നിന്നുള്ള ദൈവമാണെന്നും
ദീപ്തിയില്‍ നിന്നുള്ള ദീപ്തിയാണെന്നും
സത്യദൈവം തന്നില്‍ നിന്നുള്ള സാക്ഷാല്‍
ദൈവമാണെന്നും ഞാന്‍ വിശ്വസിക്കുന്നേന്‍.
ജാതനാണെങ്കിലും സൃഷ്ടനല്ലെന്നും
സത്തയില്‍ താതനോടേകനാണെന്നും
സര്‍വ്വവും താന്‍വഴി സൃഷ്ടമായെന്നും
സന്തതം ഞാനേവം വിശ്വസിക്കുന്നേന്‍.
നമ്മള്‍ക്കും നമ്മള്‍തന്‍ രക്ഷയ്ക്കും വേണ്ടി
സ്വര്‍ഗ്ഗത്തില്‍ നിന്നുമിറങ്ങിയിപ്പാരില്‍
കന്യാമറിയത്തില്‍ നിന്നു റൂഹയാല്‍
ധന്യശരീരമെടുത്തു നരനായ്.
പോന്തിയോസ് പീലാത്തോസ് വാണിടുംനാളില്‍
നമ്മള്‍ക്കായ് ഘോരമാം പീഡകളേറ്റു
ക്രൂശില്‍ മരിച്ചു സംസ്‌കാരവുമാര്‍ന്നു
വിശ്വസിക്കുന്നേനീ സത്യങ്ങളെല്ലാം.
മുന്നം ലിഖിതങ്ങള്‍ ചൊന്നതുപോലെ
മൂന്നാം ദിവസമുയിര്‍ത്തെഴുന്നേറ്റു
സ്വര്‍ഗ്ഗത്തിലേറി ഇരുന്നരുളുന്നു
തന്‍ പിതാവിന്‍ വലം പാര്‍ശ്വത്തിലായി.
ജീവിപ്പോരെയും മരിച്ചവരെയും
ന്യായം വിധിക്കാന്‍ പ്രതാപങ്ങളോടെ
വീണ്ടും വരും, അന്തമില്ലാത്തതാണോ
തന്‍ വാഴ്ചയെന്നതും വിശ്വസിക്കുന്നേന്‍.
താതനില്‍ നിന്നും തനയനില്‍ നിന്നും
ചെമ്മേ പുറപ്പെടും പാവനാത്മാവില്‍,
താതനും ജാതനുമൊന്നിച്ചു നിത്യം
സ്തുത്യനും പൂജ്യനുമാകും റൂഹായില്‍.
വേദപ്രവാചകന്‍മാര്‍ വഴിയെല്ലാം
നമ്മോടരുള്‍ ചെയ്ത ജീവദാതാവും
കര്‍ത്താവുമായുള്ള പാവനാത്മാവില്‍
ഏറ്റം ഉറപ്പായി വിശ്വസിക്കുന്നേന്‍
വിശ്വസിക്കുന്നു ഞാന്‍ ഏക വിശുദ്ധ
കാതോലിക്കാപ്പസ്‌തോലിക്കാ സഭയില്‍
പാപവിമോചനമേകുന്നോരേക
ജ്ഞാനസ്‌നാനം ഭക്ത്യാ പ്രഖ്യാപിക്കുന്നേന്‍.
മൃത്യു വരിച്ചവര്‍ക്കുള്ളോരുയിര്‍പ്പും
നിത്യപരലോക ജീവിതവും ഞാന്‍
വിശ്വസിച്ചേറ്റമുറപ്പായിഹത്തില്‍
പ്രത്യാശയോടിതാ കാത്തിരിക്കുന്നേന്‍.
ആമ്മേന്‍.