അമേധ്യം എന്നാലെന്തെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊരു സംസ്‌കൃത വാക്കാണ്. അമേധ്യ എന്നതിന് ആദ്യമുണ്ടായ അര്‍ഥം യജ്ഞയോഗ്യമല്ലാത്തത്, യാഗത്തിന് കൊള്ളരുതാത്തത് എന്നാണ്. ബൃഹദാരണ്യകോപനിഷത്തില്‍ ഇങ്ങനെ പറയുന്നു: ” യശസ്സും വീര്യവുമായ പ്രാണങ്ങള്‍ ശരീരത്തില്‍നിന്ന് നിഷ്‌ക്രമിച്ചപ്പോള്‍ പ്രജാപതിയുടെ ആ ശരീരം വീങ്ങുവാന്‍ തുടങ്ങി. അമേധ്യമായിത്തീരുകയും ചെയ്തു.”
അമേധ്യം എന്ന നാമപദത്തിന് മലം എന്നര്‍ഥം. വയറ്റില്‍നിന്ന് വിസര്‍ജിക്കപ്പെടുന്നത്, അശുദ്ധവസ്തു. അമേധ്യം, ഉച്ഛിഷ്ടം മുതലായ അശുദ്ധ ദ്രവ്യങ്ങളെ എടുത്ത് മറ്റൊരുത്തന്റെ ശരീരത്തില്‍ ഇടുന്നവന് പിഴയും പ്രായശ്ചിത്തം ചെയ്യിക്കലും പണ്ട് പതിവുണ്ടായിരുന്നു.
അമേധ്യഭോജം എന്നൊരു നരകവുമുണ്ട്. ഒരേ പന്തിയിലിരിക്കുന്നവര്‍ക്ക് ഒരേ മട്ടിലല്ലാതെ ഭക്ഷണംകൊടുക്കുന്നവര്‍ അമേധ്യഭോജനരകത്തില്‍ പതിക്കുമത്രെ.
അമ്പമ്പടാ, രാവണാ..എന്നു കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. അത്ഭുതവും അഭിനന്ദനവും നിന്ദയും മറ്റും ദ്യോതിപ്പിക്കുന്ന ഒരു വ്യാക്ഷേപക പദമാണ് അമ്പട. ‘അമ്പടാ! കുഞ്ഞെലിയായാലും നെല്ലുകൊറിക്കും’ എന്ന് പണ്ടൊരു കൃതിയിലുണ്ട്. അമ്പെടാ വീരാ..എന്നതും കേട്ടിട്ടുണ്ട്.
സംസ്‌കൃതത്തിലെ അംബഷ്ഠ എന്ന വാക്കിന്റെ തത്ഭവമായിട്ടാണ് മലയാളത്തില്‍ അമ്പട്ടന്‍ വന്നിട്ടുള്ളത്. തലമുടി വെട്ടുകയും മുഖംവടിക്കുകയും ചെയ്യുന്ന തൊഴില്‍ സ്വീകരിച്ചിട്ടുള്ളയാളാണ് അമ്പട്ടന്‍. ക്ഷുരകന്‍ എന്നും പറയും. സ്ത്രീലിംഗം അമ്പട്ടത്തി. അമ്പട്ടന്‍കത്തി എന്നു കേട്ടാലുടന്‍ അതു ക്ഷുരകന്റെ കത്തിയാണെന്നു കരുതരുത്. ബാര്‍ബേഴ്‌സ് നൈഫ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന സാധനം ഒരിനം കടല്‍മീനാണ്. നദികളിലും മറ്റും കാണുന്ന ഒരിനം വാളമീനിന് അമ്പട്ടന്‍വാള എന്നു പേര്.L
അമ്പന്‍ അമ്പുള്ളവന്‍. ശരമുള്ളവന്‍. അഞ്ചമ്പന്‍, പൂവമ്പന്‍ എന്നിങ്ങനെ കാമദേവന്‍ അറിയപ്പെടുന്നുണ്ടല്ലോ. എന്നാല്‍, അമ്പര്‍ ഈശ്വരന്മാരാണ്, പരലോകത്തുള്ളവര്‍. അമ്പയിടുക എന്നാല്‍ നിലവിളിക്കുക. അറബിയില്‍നിന്നുവന്ന അമ്പര്‍ എന്ന വാക്കുണ്ട്. ഒരു സുഗന്ധപദാര്‍ഥമാണത്. തിമിംഗിലത്തിന്റെ കുടലില്‍നിന്ന് ഉണ്ടാകുന്നതാണ് ഇത്. തിമിംഗിലമുള്ള കടലിന്റെ തീരത്ത് ചില കാലങ്ങളില്‍ ഇതടിയുന്നു. കേരളതീരത്തിലും അടുത്തിടെയായി ഇതു ലഭിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് അമ്പറിന്റെ വില.
അമ്പലം തമിഴ് വാക്കാണ്. ചിലര്‍ അംബരം എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണെന്ന് വാദിക്കുന്നുണ്ടെങ്കിലും ശുദ്ധ ദ്രാവിഡപദമാണെന്ന് ഡോ.ശൂരനാട് പറയുന്നു. അമ്പുന്നിടം അഥ്വവാ ദേവന്‍ കുടികൊള്ളുന്നിടം എന്നാണ് ശബ്ദാര്‍ഥം. അര്‍ഥവികാസം വന്നതാണ് വഴിയമ്പലം, കൊട്ടിയമ്പലം എന്നിവ. ഹിന്ദു ദേവാലയങ്ങള്‍ക്കാണ് അമ്പലമെന്ന് പൊതുവേ പറയാറുള്ളത്.
അമ്പലത്തില്‍ തുടങ്ങുന്ന കുറെ വാക്കുകളുണ്ട്. അമ്പലക്കാരന്‍ എന്നാല്‍ ഗ്രാമമുഖ്യന്‍. അമ്പലത്തിലെ ജീവനക്കാരില്‍ ചിലരെയും അങ്ങനെ വിളിക്കും. കൂട്ടമായി വലിയകെട്ടിടങ്ങള്‍ക്കു ചുറ്റും പറന്നുനടക്കുന്ന ഒരിനം ശരപ്പക്ഷി അമ്പലംചുറ്റി എന്നറിയപ്പെടുന്നു. ആറ്റക്കുരുവിയെക്കാള്‍ ചെറിയത്.
അമ്പലത്താടി എന്നൊരു തമിഴ് വാക്കുണ്ട്. അമ്പലത്തില്‍ ആടുന്നവന്‍, നടരാജന്‍. ശിവന്‍തന്നെ അമ്പലത്താടി. ശ്രീകോവിലിനു മുന്നിലെ പടിയാണ് അമ്പലപ്പടി. ആ പടികളിലിരുന്ന് ക്ഷേത്രകാര്യം നടത്താന്‍ അധികാരമുള്ളയാള്‍ എന്നുമര്‍ഥം. പ്രാചീന ഊരാണ്മാവകാശങ്ങളിലൊന്ന്. അമ്പലപ്പുഴ എന്നൊരു വിഖ്യാത സ്ഥലം ആലപ്പുഴ ജില്ലയിലുണ്ടല്ലോ. അവിടത്തെ പായസം പ്രസിദ്ധം-അമ്പലപ്പുഴപ്പായസം. അമ്പലപ്രാവുകളെ കണ്ടിട്ടുണ്ടല്ലോ. അമ്പലങ്ങളിലും മറ്റും സാധാരണ കണ്ടുവരുന്ന മാടപ്രാവാണ് അമ്പലപ്രാവ്. നടയ്ക്കുകെട്ടിയ കാളയാണ് അമ്പലമൂരി.
അമ്പലവാസി എന്നത് കേരളത്തിന്റെ സംസ്‌കാരത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു വിഭാഗമാണ്. ഹിന്ദുക്കളില്‍ ഒരു അന്തരാളജാതി. സമൂഹശ്രേണിയില്‍ ബ്രാഹ്മണര്‍ക്കും നായന്മാര്‍ക്കും ഇടയ്ക്ക് സ്ഥിതിചെയ്യുന്നവരാണ് അമ്പലവാസികള്‍. അമ്പലങ്ങളില്‍ മാലകെട്ട്, ശുചികരണം തുടങ്ങിയവയായിരുന്നു മുന്‍കാലങ്ങളില്‍ തൊഴില്‍. പൂണൂല്‍ ധരിക്കുന്നവരും അല്ലാത്തവരുമുണ്ട്. ‘ശൂദ്രരിങ്കല്‍നിന്ന് കയറിയവരും ബ്രാഹ്മണരിങ്കല്‍നിന്ന് കിഴിഞ്ഞവരും’ എന്നാണ് കേരളോത്പത്തിയില്‍ ഇവരെക്കുറിച്ച് പറയുന്നത്. നമ്പീശന്‍, പുഷ്പകന്‍, പൂപ്പള്ളി, ചാക്യാര്‍, ദൈവംപാടി (ബ്രാഹ്മണി), അടികള്‍, നമ്പിടി, പിലാപ്പള്ളി, നമ്പ്യാര്‍, പിഷാരോടി, വാരിയര്‍, നാട്ടുപ്പട്ടന്‍, തീയാട്ടുണ്ണി, കുരുക്കള്‍, പൊതുവാള്‍ എന്നിവരെയാണ് അമ്പലവാസികളായി കണക്കാക്കുന്നത്. ക്ഷേത്രസേവനത്തിന് പ്രതിഫലമായി വിട്ടുകൊടുത്തിരുന്ന വസ്തുവിനെ അമ്പലവിരുത്തി എന്നാണ് വിളിച്ചിരുന്നത്.