അമ്ലം എന്നാല്‍ പുളിപ്പ്, പുളിരസം എന്നൊക്കെയാണ് അര്‍ഥം. ഇംഗ്ലീഷില്‍ അസിഡിറ്റി. അമ്ലകം എന്നാല്‍ പുളിമരം. അമ്ലം സംസ്‌കൃതപദമാണ്. അമ്ലചതുഷ്ടയം എന്നാല്‍ അമ്പഴം, താളിമാതളം, മരപ്പുളി, ഞെരിഞ്ഞാമ്പുളി എന്നിവ നാലും. അമ്ലപഞ്ചകം എന്നാല്‍, ഇതിന്റെ കൂടെ പിണംപുളിയും. പുളിച്ച കഞ്ഞിവെള്ളമാണ് അമ്ലസാരം.
അയ എന്നതിനു പല രൂപഭേദങ്ങള്‍. അശ, അഴ എന്നിങ്ങനെ. അയഞ്ഞുകിടക്കുന്നതാണ് അയ. അയക്കോല്‍ വ്യക്തം. തികട്ടിച്ചവയ്ക്കലാണ് അയവെട്ടല്‍. അയന്‍ ബ്രഹ്മാവ്. അയനം ഗതി, സഞ്ചാരം, പോക്ക്. സൂര്യന്റെ വടക്കോട്ടോ തെക്കോട്ടോ ഉള്ള പോക്കാണല്ലോ ഉത്തരായനവും ദക്ഷിണായനവും. ആറുമാസക്കാലമാണിത്. ഈ കാലത്തേക്കുള്ള സൂര്യന്റെ പകര്‍ച്ച അറിയപ്പെടുന്നത് അയനസംക്രാന്തി എന്നാണ്. അയനിക്ക് ആഞ്ഞിലി എന്നു മാത്രമല്ല, ഒരു സദ്യ എന്നും അര്‍ഥം. വിവാഹത്തിനു പുറപ്പെടുംമുമ്പ് വരനും കൂട്ടര്‍ക്കും നല്‍കുന്ന സദ്യയാണ് അയനി. അയനിയൂണ് എന്നും പറയും. ഒരു ചെറിയ മരുന്നുചെടിയാണ് അയമോദകം.
അയല്, അയല്‍ എല്ലാം അയല്‍പക്കം. അയല്‍വീട്ടില്‍ താമസിക്കുന്നവന്‍ അയല്‍ക്കാരന്‍, അയല്‍വാസി. തനിദ്രാവിഡ പദമാണ് അയവിറക്കല്‍. അയസ്‌കാന്തം ഇരുമ്പിനെ ആകര്‍ഷിക്കാന്‍ കഴിവുള്ള വസ്തു. കാന്തം തന്നെയാണ്. ഇരുമ്പുകാമിക്കുന്നത് എന്നര്‍ഥവും കിട്ടും. ഭ്രാമകം, ചുംബകം, രോമകം, ഛേദകം എന്നിങ്ങനെ നാലുതരം കാന്തങ്ങളുണ്ട്. ഇരുമ്പുപണിക്കാരനായ കൊല്ലനെ അയസ്‌കാരന്‍ എന്നു വിളിക്കും.
അയാതയാമം എന്നത് ഒരു യാമം കഴിഞ്ഞിട്ടില്ലാത്തത് എന്നാണ്. സൂര്യന്‍ യാജ്ഞവല്ക്യന് ഉപദേശിച്ച യജുസ്സുകളെയും അയാതയാമങ്ങള്‍ എന്നുപറയും. സൂര്യന്‍ വാജിരൂപം ധരിച്ച് ഉപദേശിച്ചതുകൊണ്ട് ഇവയെ അധ്യയനം ചെയ്യുന്ന ബ്രാഹ്മണരെ വാജികള്‍ എന്നുവിളിക്കുന്നു.
അയിത്തം എന്ന പദം സംസ്‌കൃതപദമായ അശുദ്ധത്തിന്റെ തത്ഭവമായി മലയാളത്തില്‍ ഉണ്ടായതാണ്. തീണ്ടലും തൊടീലും എന്നു പറയുന്നതാണ് അയിത്തം. ചില ജാതിക്കാര്‍ക്ക് മറ്റുചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന ആചാരമാണിത്. ”മലയാളത്തറവാടൊക്കെത്തന്നെ വേകുകയല്ലോ ചെയ്‌വതീയയിത്തത്തിന്‍ തീയാല്‍” എന്ന് ഒരു പഴയ കവിതയില്‍ പാടുന്നു. അയിത്തം ഇല്ലാതാക്കലാണ് അയിത്തോച്ചാടനം. തനിമലയാളമായി മാറിക്കഴിഞ്ഞ അയിത്തം എന്ന വാക്കിനോട് സംസ്‌കൃത്തിലെ ഉച്ചാടനം ചേര്‍ന്നാണ് ഈ സമസ്തപദമുണ്ടായിരിക്കുന്നത്.
യോനിയല്ലാത്തിടം അയോനി. ഉത്പത്തിശൂന്യമായ, നിത്യമായ എന്നിങ്ങതെയും അര്‍ഥം. ബ്രഹ്മാവും അയോനിയാണ്. ഉത്പത്തി ഇല്ലാത്തവന്‍ എന്ന അര്‍ഥത്തില്‍. പെറ്റുപിറക്കാത്ത എന്നു തനി മലയാളം. ശിവനും അങ്ങനെ പേര്. അയോനിജ സീതയാണ്. പ്രസവിച്ചുണ്ടാകാത്തവള്‍ ആണല്ലോ സീത. ജനകമഹാരാജാവ് യാഗത്തിന് നിലം ഉഴുതപ്പോള്‍ കിട്ടിയതാണല്ലോ സീതയെ. സിത (ഉഴവുചാല്‍)യില്‍നിന്ന് കിട്ടിയവള്‍ എന്ന അര്‍ഥത്തിലാണ് സീത എന്ന പേര്.
അയോമുഖം നീലഗിരിയുടെ ഭാഗമായ ഒരു പര്‍വതം. മാത്രമല്ല, വേറെയും വിവിധ അര്‍ഥങ്ങള്‍. അയോമുഖന്‍ കാശ്യപന് ദനുവില്‍ ജനിച്ച നൂറുപുത്രന്മാരില്‍ ഒരുവന്‍. അയോമുഖി ഒരു രാക്ഷസിയാണ്. പ്രണയാഭ്യര്‍ഥന നടത്തിയതുകൊണ്ട്, ലക്ഷ്മണന്‍ മൂക്കും മുലയും ഛേദിച്ച രാക്ഷസി. ഒരു ചെറിയ പക്ഷിയാണ് അയോറ.
മലയാളിക്ക്, പ്രത്യേകിച്ച് വ്യവഹാരത്തിന് ഇഷ്ടമുള്ള പദങ്ങളിലൊന്നാണ് അയ്യം. പറമ്പ്, ചീത്തയായത്, മുറവിളി, ദു:ഖം, ഭിക്ഷ തുടങ്ങിയ അര്‍ഥങ്ങളുള്ളതാണ് അയ്യം. കൊള്ളൂലാ, അഴുക്ക എന്നിങ്ങനെ നാടന്‍ പദങ്ങള്‍ക്കുപകരം ഉപയോഗിച്ചു ശീലിച്ചതാണ് അയ്യം. വീട്ടുമുറ്റത്തിന് തൊട്ടുകിടക്കുന്ന പറമ്പിനെയാണ് അയ്യം എന്നു പറയുന്നത്. അയ്യം എന്നവസാനിക്കുന്ന പേരുകള്‍ വീടുകള്‍ക്കും പറമ്പുകള്‍ക്കും സാധാരണം. അഴിയം എന്ന രൂപഭേദവുമുണ്ട്. ചിലമ്പിനഴിയം, പെട്ടരഴിയം എന്നിവ ഉദാഹരണം.
ചീത്ത, അഴുക്ക, അശുചിയായത് എന്നിങ്ങനെയും അയ്യം എന്നുപറയും. ‘ഇവന്‍ ചീത്ത, അങ്ങുന്നിന് ഇവന്റെ കൂട്ട് അയ്യം’ എന്ന് എന്‍.പി.ചെല്ലപ്പന്‍ നായരുടെ കലയുടെ കാമുകന്‍ എന്ന നാടകത്തില്‍ ഒരു കഥാപാത്രം പറയുന്നു. രക്ഷയ്ക്ക് അപേക്ഷിച്ചുകൊണ്ടുള്ള വിളിച്ചുകൂവലിനെയും അയ്യം എന്നുപറയും. ‘ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു, നീ എന്റെ നിലവിളികേട്ടു’ എന്ന് സംക്ഷേപവേദാര്‍ത്ഥ’ത്തില്‍ പ്രയോഗമുണ്ട്.
ദു:ഖം, സങ്കടം എന്നിവയ്ക്കും അയ്യം ഉണ്ട്. അതോ ഇതോ എന്നുള്ള സംശയത്തിനും അയ്യം എന്നു പറയും. സംസ്‌കൃതശബ്ദമായ സംശയത്തില്‍ നിന്നു വന്നതാകാം അയ്യം എന്ന് പണ്ഡിതന്മാര്‍ കരുതുന്നു. വ്യാക്ഷേപക രൂപത്തില്‍ ‘അയ്യടാ..’ എന്നു പ്രയോഗിക്കാറുണ്ടല്ലോ. സ്ത്രീയെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അയ്യടീ..സന്തോഷസൂചകമായി വ്യാക്ഷേപക പദമായി അയ്യയ്യ കാണാം. അത്ഭുതം, പരിഹാസം എന്നീ രീതിയില്‍. അയ്യയ്യേ..അയ്യയ്യോ.. എന്നിങ്ങനെയും അര്‍ഥഭേദത്തോടെ വ്യാക്ഷേപക പദങ്ങള്‍ മലയാളത്തിലുണ്ട്.
അയ്യന്‍ എന്ന വാക്കും നമുക്ക് പരിചിതം. പാലിയില്‍നിന്ന് ദ്രാവിഡത്തിലേക്കു വന്ന പദമാണിത്. പ്രഭു, സ്വാമി, യജമാനന്‍, അച്ഛന്‍, ബഹുമാന്യന്‍ എന്നിവയ്ക്കു പകരമായി അയ്യന്‍ ഉപയോഗിക്കും. എന്നാല്‍, മലയാളിക്കും മറ്റു ദ്രാവിഡ ഭാഷ സംസാരിക്കുന്നവര്‍ക്കും അയ്യന്‍ അയ്യപ്പസ്വാമിയാണ്. അയ്യപ്പന്‍ ഒരു നായാട്ടുദേവതയായിരുന്നു. ബുദ്ധഭിക്ഷു എന്ന അര്‍ഥമാണ് പാലിയില്‍ ഈ വാക്കിന്. പഴയകാലത്ത് പാതിരി, കത്തനാര്‍ എന്നിവരെയും അയ്യന്‍ എന്നു വിളിച്ചിരുന്നു. അയ്യനാര്‍ ശാസ്താവ് തന്നെ. അയ്യന്റെ പൂജക ബഹുവചനമാണിത്.
അയ്യരും അയ്യരുകളിയും പ്രസിദ്ധം. അയ്യന്‍ എന്നതിന്റെ പൂജകബഹുവചനമായി തമിഴില്‍ ഉപയോഗിക്കുന്നത് തമിഴ്ബ്രാഹ്മണരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടു എന്നു കരുതണം. രാമയ്യര്‍, കൃഷ്ണയ്യര്‍ എന്നിങ്ങനെ പേരുകളും പതിവ്. പഞ്ചപാണ്ഡവരുടെ വേഷംകെട്ടിയുള്ള ഐവര്‍കളി എന്നൊരു കലാരൂപം പണ്ടുണ്ടായിരുന്നു. അതില്‍നിന്നാണ് അയ്യരുകളി വന്നത്. പാണ്ഡവന്മാര്‍ അരക്കില്ലത്തില്‍നിന്നു രക്ഷപ്പെട്ട കഥയെ ആധാരമാക്കി മലയരയര്‍ കളിക്കുന്നതാണ് ഇത്. നേരമ്പോക്ക്, തമാശ, കോലാഹലം, ബഹളം, തിമിര്‍പ്പ് എന്നിങ്ങനെയുള്ള അര്‍ഥങ്ങളിലും അയ്യരുകളി പ്രയോഗമുണ്ട്.