Keralaliterature.com

ഭാഷാജാലം 10- അച്ചിയും അച്ചനും തനി അച്ഛനും

അച്ചന്‍ എന്ന വാക്കും അച്ഛന്‍ എന്ന വാക്കും മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും പള്ളിയിലച്ചനെ വിളിക്കുമ്പോള്‍ അച്ചനെന്നും വീട്ടിലെ അച്ഛനെ അങ്ങനെയും വിളിക്കണമെന്ന് പറയാറുണ്ട്. ഉച്ചാരണത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും എഴുത്തില്‍ ഉണ്ട്. അച്ഛന്‍ എന്ന വാക്ക് പണ്ട് അച്ചന്‍ എന്നുതന്നെയാണ് എഴുതിയിരുന്നത്. സംസ്‌കൃതത്തിലെ ആര്യന്‍ എന്ന വാക്ക് പ്രാകൃതത്തിലെ അജ്ജ വഴി മലയാളത്തില്‍ അച്ഛന്‍ ആയി വന്നതാണ്. ജന്മകാരണമായ പുരുഷനാണ്. പിതാവ്, ജനകന്‍ എന്നെല്ലാം വിളിക്കും.

അച്ചന്‍ എന്ന വാക്ക് ആദ്യം നോക്കാം. ചില നായര്‍പ്രഭു കുടുംബങ്ങളിലുള്ള പുരുഷന്മാരെ അച്ചന്മാര്‍ എന്നു വിളിച്ചിരുന്നു. സ്ഥാനനാമം. കോഴിക്കോട്ട് സാമൂതിരിമാരുടെ മന്ത്രിസ്ഥാനം വഹിച്ചിരുന്ന മങ്ങാട്ടച്ചന്‍ കുടുംബം ഉദാഹരണം.
ക്രൈസ്തവ പുരോഹിതന്മാരെ അച്ചന്‍ എന്നു വിളിക്കുന്നു. പുരോഹിതന്‍, കത്തനാര്‍, പാതിരി എന്നിവരെ മാത്രമല്ല, മെത്രാനെ വരെ മെത്രാനച്ചന്‍ എന്നു വിളിച്ചിരുന്നു. ശെമ്മാച്ചന്‍ വേറെ. ഇതിനുപുറമെ വ്യക്തികളെ ബഹുമാനപൂര്‍വം അച്ചന്‍ ചേര്‍ത്തു വിളിക്കുന്നു. ഉദാ: ചാക്കോച്ചന്‍, തോമാച്ചന്‍, പിള്ളേച്ചന്‍.
അച്ചാച്ചന്‍ എന്ന് വിളിക്കുന്നത് ക്രിസ്ത്യന്‍ കുടുംബത്തിലെ ജ്യേഷ്ഠനെയാണ്. അച്ചാമ്മ അമ്മൂമ്മ. അച്ചായന്‍ എന്നതിന് അച്ഛനെന്നും ജ്യേഷ്ഠനെന്നും മാറിമാറി പ്രാദേശിക വ്യത്യാസത്തില്‍ അര്‍ഥഭേദമുണ്ട്. അച്ചായി എന്നാലും ജ്യേഷ്ഠന്‍തന്നെ.
അച്ചി എന്നാല്‍ അമ്മ എന്നാണെങ്കിലും ചിലേടത്ത് ഭാര്യ എന്നും. നായര്‍ സ്ത്രീകളെയും അച്ചി എന്നു വിളിക്കാറുണ്ട്. പണ്ട് അത്തരം സ്ത്രീകള്‍ക്ക് ബഹുമാനം കല്പിച്ചിരുന്നത് അച്ചികൂടി ചേര്‍ത്താണ്. ഉണ്ണിയച്ചി, ഇളയച്ചി, ചെറിയച്ചി തുടങ്ങിയവ നോക്കുക.
‘അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍ കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടേണം’ എന്ന് കല്യാണ സൗഗന്ധികം തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പഴഞ്ചൊല്ല്. കൊച്ചി കണ്ടവന് അച്ചിവേണ്ട, അച്ചിക്ക് ഇഞ്ചിപക്ഷം, നായര്‍ക്കു കൊഞ്ചുപക്ഷം എന്നിങ്ങനെ അച്ചിപ്പഴഞ്ചൊല്ലുകള്‍ വേറെയും.

അച്ഛം എന്നാല്‍ പളുങ്ക്, സ്ഫടികം, തെളിഞ്ഞ, കാഴ്ച തടയാത്ത എന്നാണ് അര്‍ഥം. പ്രസന്നമായ. അച്ഛജലയായ ഗംഗയെക്കണ്ടിതോ എന്ന് വാല്മീകീ രാമായണം. ശുദ്ധം എന്നുകൂടി അര്‍ഥം. അച്ഛസ്ഫടിക സങ്കാശം എന്ന പ്രയോഗത്തിന് അഴുക്കുപറ്റാത്ത കണ്ണാടിപോലുള്ളത് എന്നാണ് അര്‍ഥം.
അച്ഛന്‍ ചേര്‍ത്ത് നിരവധി പദങ്ങളുണ്ട്. അച്ഛന്‍പെങ്ങള്‍ അപ്പച്ചി. അച്ഛമ്മ അച്ഛന്റെ അമ്മ. അച്ഛാച്ഛന്‍ അച്ഛന്റെ അച്ഛന്‍.
അച്ഛനമ്മമാര്‍ എന്നാണ് മലയാളത്തില്‍ പറയുന്നത്, അമ്മയച്ഛന്മാര്‍ എന്നല്ല. സംസ്‌കൃതത്തില്‍ മാതാപിതാക്കള്‍ എന്നേ പറയൂ. മാതാവിനാണ് പ്രഥമസ്ഥാനം.

Exit mobile version