അപ്‌സരസ്സ് എന്നതു സംസ്‌കൃതത്തില്‍നിന്നു വന്ന വാക്കാണ്. അപ്പില്‍ (ജലം)നിന്നുണ്ടായവള്‍ എന്നു നിരുക്തി. സ്വര്‍വ്വേശ്യകളായിട്ടാണ് ഇവരെ കണക്കാക്കിയിരുന്നത്. പാലാഴി മഥനത്തില്‍നിന്ന് ഉത്ഭവിച്ചവരാണ് അപ്‌സരസ്സുകള്‍ എന്നാണ് പുരാണം. ഗന്ധര്‍വന്മാരുടെ ഭാര്യമാരായി കണക്കാക്കപ്പെടുന്നു. ആകാശത്തിലൂടെയും മേഘാന്തര്‍ഗതമായ ജലത്തിലൂടെയും സഞ്ചരിക്കുന്നവര്‍. സ്വന്തം ഇഷ്ടപ്രകാരം രൂപം മാറാന്‍ കഴിവുള്ളവര്‍. ജലക്രീഡാസക്തകളാണ്.
തപസ്വികളുടെ തപസ്സ് മുടക്കുന്നതിന് ഇന്ദ്രന്‍ നിയോഗിച്ചിരുന്നത് ഇവരെയാണ്. വേദങ്ങളില്‍ ഉര്‍വശി മുതലായ ചില അപ്‌സരസ്സുകളെക്കുറിച്ചുള്ള പരാമര്‍ശം കാണാം. വായുപുരാണപ്രകാരം പതിനാലു ഗണത്തില്‍പ്പെടുന്നു അപ്‌സരസ്സകള്‍. കാശീഖണ്ഡം അനുസരിച്ച് നാലരക്കോടി അപ്‌സരസ്സുകള്‍ ഉണ്ടായിരുന്നത്രെ. അതില്‍ 1060 പേര്‍ക്കുമാത്രമേ പ്രാമാണ്യമുള്ളൂ.
പ്രജാപതിയുടെ സൃഷ്ടികളാണത്രെ ഈ അപ്‌സരസ്സുകള്‍. സുരാംഗനകള്‍, സുമദാത്മജകള്‍, സമുദ്രാത്മജകള്‍ എന്നിങ്ങനെയും ഇവരെ വിളിക്കാറുണ്ട്. ഉത്തമകളായ അപ്‌സരസ്സുകള്‍ ആറുപേരാണ്-ഉര്‍വശി, പൂര്‍വചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവര്‍.
അഭിമാനം എന്ന പദം എന്തെല്ലാം അര്‍ഥത്തെ ഗര്‍ഭം ധരിക്കുന്നു എന്നു നോക്കുക. സംസ്‌കൃതത്തില്‍നിന്നുള്ളതാണ് വാക്ക്. തന്നെപ്പറ്റിയും തനിക്കുള്ളതിനെപ്പറ്റിയും ഒരാള്‍ക്ക് തോന്നുന്ന മതിപ്പാണ് ആദ്യത്തെ അര്‍ഥം. താന്‍ ഉത്കൃഷ്ടനാണെന്നുള്ള ബോധം. ഉദാ. സ്വദേശാഭിമാനം-സ്വദേശത്തെപ്പറ്റിയുള്ള അഭിമാനം. വംശാഭിമാനം-വംശത്തെപ്പറ്റിയുള്ള അഭിമാനം. ജാത്യഭിമാനം-ജാതിയെപ്പറ്റിയുളള അഭിമാനം.
സ്‌നേഹം, ബഹുമാനം എന്നിവയുമായും അഭിമാനം ബന്ധപ്പെടുന്നുണ്ട്. അഭിമാനഭാജനം, അഭിമാനപാത്രം എന്നിവ നോക്കുക. താന്‍ എന്നും തന്റേത് എന്നുമുള്ള ചിന്തയ്ക്കും അഭിമാനം വഴിവയ്ക്കുന്നു. അതു ദുരഭിമാനത്തിലേക്കും മിഥ്യാഭിമാനത്തിലേക്കുമെല്ലാം വളരുകയും ചെയ്യും. അഭിമാനക്ഷയം എന്നാല്‍ മാനഹാനി, അവമാനം എന്നൊക്കെയാണ്.അഭിമാനമുള്ളവന്‍ അഭിമാനി. ബഹുമാനമുള്ളവന്‍, ആസക്തിയുള്ളവന്‍ എന്നുമര്‍ഥം. അതു വളര്‍ന്ന് ഉദ്ധതനും ഗര്‍വുള്ളവനും ആകാന്‍ അത്ര പ്രയാസമില്ല.
പുരുഷന്‍ അഭിമാനിയാണെങ്കില്‍ അവിടെ സ്ത്രീ അഭിമാനിനി ആണ്. ‘അഭിമാനിനിയാം സ്വകാന്തയില്‍ കൃപയാല്‍ ദേവ!ഭവാന്‍ ക്ഷമിക്കുക’ എന്നു ശ്ലോകാര്‍ദ്ധം.
തച്ചുശാസ്ത്രപ്രകാരം ഒരുതരം ഗൃഹമാതൃകയാണ് അഭിന്നശാല. നാലുകെട്ട് എന്നും പറയാം. നാലുശാലകളുടെയും പുറത്തെ ഉത്തരങ്ങള്‍ ക്രമപ്രകാരം കൂട്ടിയോജിപ്പിക്കുന്നത്.
അഭിമുഖം എന്നാല്‍ മുഖത്തോടു മുഖമായി എന്നാണ്. ഫേസ് ടു ഫേസ് എന്ന് ഇംഗ്ലീഷില്‍ പറയുന്നു. നേരേ എന്നുമര്‍ഥം. കൂടിക്കാഴ്ചയ്ക്ക് അഭിമുഖ സന്ദര്‍ശനം എന്നു പറഞ്ഞിരുന്നു. നേരിട്ടു കണ്ട് സംസാരിക്കലാണ് അഭിമുഖ സംഭാഷണം.
മുഖത്തോട് അഭി എന്ന അവ്യയം ചേരുമ്പോഴാണ് അഭിമുഖം ഉണ്ടാവുന്നത്. അഭിമുഖത്തില്‍നിന്ന് അഭിമുഖീകരിക്കുക എന്ന വാക്കുണ്ടായി. അഭിമുഖീകരിച്ചു, അഭിമുഖീകരിക്കുന്നു, അഭിമുഖീകരിക്കും എന്നെല്ലാം പറയും. പാണിനീയ പ്രദ്യോതം എന്ന കൃതിയില്‍ ഇങ്ങനെ പറയുന്നു: ‘ ഇന്നതിനെ അഭിമുഖീകരിക്കുക എന്നു പറയുന്നത് വിവക്ഷയനുസരിച്ച് അബദ്ധമോ സുബദ്ധമോ ആയിരിക്കാം. അഭിമുഖം അല്ലാത്തതിനെ അഭിമുഖമാക്കുക എന്നാണ് അഭിമുഖീകരിക്ക എന്നതിന്റെ അര്‍ഥം. എന്നാല്‍, ഇംഗ്ലീഷിലെ ടു ഫേസ് എ തിങ് എന്ന അര്‍ഥത്തില്‍ അഭിമുഖീകരിക്ക എന്നു പറയുന്നതു ശരിയല്ല. അഭിമുഖീകരിക്ക എന്നതിന്റെ അര്‍ഥം ടു മേക്ക് എ തിങ് ഫേസ് എന്നായിരിക്കും.”
കള്ളന്മാര്‍ പലതരമുണ്ട്. തസ്‌കരവീരന്മാരെപ്പറ്റി കേട്ടിട്ടുമുണ്ട്. എന്നാല്‍, അപ്രകാശതസ്‌കരന്‍ എന്നൊരാളെ കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ടായിരുന്നു പഴയ മലയാളത്തില്‍. ഉറങ്ങുന്നവനില്‍നിന്നോ മദ്യപിച്ചു ബോധംകെട്ടവനില്‍നിന്നോ പണം മോഷ്ടിക്കുന്ന വിദ്വാനെയാണ് അങ്ങനെ വിളിക്കുന്നത്. ഇരുട്ടത്തു മോഷ്ടിക്കുന്നവന്‍ എന്ന അര്‍ഥവും കിട്ടും.