Keralaliterature.com

ഭാഷാജാലം 14 കുടിയേറ്റക്കാരന്‍ പോലുമറിയാത്ത അഭിഷ്യന്ദവമനം

അഭിശംസി എന്നൊരു പദം സംസ്‌കൃതത്തിലുണ്ട്. നിന്ദിക്കുന്നവന്‍, അവമാനിക്കുന്നവന്‍, ദൂഷണം ചെയ്യുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം. ഇല്ലാത്ത ദോഷം ഉണ്ടാക്കി പറയുന്നതാണ് അഭിശാപം. പിരാക്ക് എന്നും ശുദ്ധ മലയാളത്തില്‍ പറയും. ഇല്ലാത്ത കുറ്റം ഉണ്ടാക്കി പറയുന്നവനെയും പിരാകുന്നവനെയും അഭിശാപകന്‍ എന്നു വിളിക്കും. ശാപം മൂലമുണ്ടാകുന്ന ഒരു ജ്വരമുണ്ടായിരുന്നു പണ്ട്. അതിനെ അഭിശാപജ്വരം എന്നു വിളിച്ചിരുന്നു. ബ്രാഹ്മണര്‍, ഗുരുക്കന്മാര്‍, വൃദ്ധര്‍ തുടങ്ങിയവരുടെ ശാപം കിട്ടിയാല്‍ പനി പിടിക്കുമായിരുന്നത്രെ.

അഭിഷ്യന്ദവമനം എന്നു പറഞ്ഞാല്‍ ഇന്നാരെങ്കിലും അര്‍ഥം പറയുമോ? അതു നടത്തുന്നവര്‍ പോലും പറയില്ല. കുടിയേറ്റം എന്നതിന്റെ സംസ്‌കൃതമാണിത്. എന്നാല്‍, ഇവിടെ സ്വയം സ്വീകരിക്കുന്ന കുടിയേറ്റമല്ല. നിര്‍ബന്ധമായി മാറ്റിപ്പാര്‍പ്പിക്കലാണ്. കുടിയേറ്റിപ്പിക്കല്‍ എന്നു പറയാം. ഒരു ദേശത്ത് അധികമുള്ള ജനങ്ങളെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് രാജാക്കന്മാരുടെ ചുമതലയായിരുന്നു. അഭിഷ്യന്ദിരമണം എന്നു പറഞ്ഞാല്‍ ഒരു വലിയ നഗരത്തോടു തൊട്ടുകിടക്കുന്ന ചെറിയ നഗരം. ഉപനഗരം എന്നും നഗരപ്രാന്തം എന്നും പറയും.
അഭി എന്നത് സംസ്‌കൃതഭാഷയിലെ ഒരു അവ്യയമാണ്. ഇതു മുമ്പില്‍ ചേര്‍ന്നുവരുന്ന നൂറുകണക്കിന് വാക്കുകള്‍ ആ ഭാഷയിലുണ്ട്. നേരേ, ഉള്ളിലേക്ക്, മീതേ, എതിരേ എന്നു തുടങ്ങിയ അര്‍ഥങ്ങളില്‍ സംസ്‌കൃതത്തില്‍ ക്രിയകളുടെയും നാമങ്ങളുടെയും മുമ്പില്‍ ചേര്‍ക്കുന്നതാണ് അഭി. അഭിരമിക്കുക, അഭിമാനിക്കുക, അഭിലഷിക്കുക തുടങ്ങി ക്രിയകളോടും, അഭിനവം, അഭിജനം, അഭിമുഖം എന്നിങ്ങനെ നാമങ്ങളുടെ മുമ്പിലും അതു ചേര്‍ക്കുന്നു.
മുമ്പുണ്ടായിട്ടില്ലാത്ത, ജനിച്ചിട്ടില്ലാത്ത എന്നീ അര്‍ഥങ്ങളില്‍ അഭൂതപൂര്‍വമായ എന്ന വാക്ക് കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, അഭൂതം എന്നൊരു മര്‍മ്മമുണ്ട് മനുഷ്യശരീരത്തില്‍. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പത്രാധിപരായിരുന്ന രസികരഞ്ജിനി മാസികയില്‍ മല്ലയുദ്ധത്തെക്കുറിച്ചുവന്ന ഒരു ലേഖനത്തിലെ ചെറിയ ഭാഗം ഇവിടെ ഉദ്ധരിക്കുന്നത് കൗതുകത്തിനു വേണ്ടിയാണ്.
” പൂണെല്ലിന് ഇരുവിരല്‍ താഴെ രോഹിതമെന്നൊരു മര്‍മ്മമുണ്ട്. അവിടെ അടിച്ച കൈ തടുത്ത് വലത്തെക്കൈ കൊണ്ടിടിച്ചാല്‍ ബോധംകെട്ട് വീഴും. എന്നാല്‍, അച്ചൊവ്വില്‍ അങ്ങേപ്പുറത്ത് വാമനോക്കി കൈയിളക്കു രണ്ടിന്നും മീതേ ഇളക്കിന്നു ചേരെ അഭൂതകമന്ന വര്‍മ്മത്തിടിച്ചു ബോധം വീഴിപ്പിക്കാം”
അഭ്യുത്ഥായി ആര്, അഭ്യുത്ഥാനമെന്ത്? ആഗതനോട് ബഹുമാനം കാണിക്കാന്‍ എഴുന്നേല്‍ക്കുന്നതിനെയാണ്
അഭ്യുത്ഥാനം എന്നു പറയുന്നത്. അങ്ങനെ ചെയ്യുന്നയാള്‍ അഭ്യുത്ഥായി.

Exit mobile version