Keralaliterature.com

ഭാഷാജാലം 15 അഭ്രവും അഭ്രികവും പിന്നെ ഗിരിജാമലവും

അഭ്രം എന്ന വാക്ക് സംസ്‌കൃതമാണ്. ആകാശം എന്നത് പ്രാഥമികാര്‍ഥം. എന്നാല്‍, നിരവധി അര്‍ഥങ്ങള്‍ വേറെയുമുണ്ട്. അഭ്ര എന്ന വാക്ക് മുന്നില്‍ച്ചേര്‍ത്ത് സമസ്തപദമാക്കിയ പദങ്ങള്‍ ഒട്ടേറെ. ഒന്നിനെയും ഭരിക്കാത്തത് എന്നും ശൂരനാട് കുഞ്ഞന്‍പിള്ള പറയുന്നു. അഭ്രപ്രദേശം, അഭ്രമണ്ഡലി, ശരദഭ്രവീഥി എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ പ്രാചീനകൃതികളില്‍ കാണാം.
മേഘത്തിനും അഭ്രം എന്നു പറയും. അപ്പുകളെ ഭരിക്കുന്നത് അഭ്രം. അപ്പ് എന്നാല്‍ വെള്ളം. ജലത്തെ ഉള്‍ക്കൊള്ളുന്നതാണല്ലോ മേഘം. ” എതോ ഒരു പട്ടാളക്കാരന്റെ കൈയില്‍നിന്നു വീണുപോയതാണ് അഭ്രം കൊണ്ട് ഉണ്ടാക്കിയ ആ വൈമാനികക്കണ്ണട’ എന്ന് ഒരു പ്രാചീനഗദ്യകൃതിയില്‍ കാണുന്നു. കര്‍പ്പൂരം എന്നൊരര്‍ഥവും നിഘണ്ടുക്കള്‍ നല്‍കിയിട്ടുണ്ട്.

അഭ്രകം ഒരു ധാതുവാണ്. പാറകളിലും ഖനികളിലും നിന്നെടുക്കുന്ന ധാതു. ഇതിനെ അഭ്രം എന്നു ചിലര്‍ തെറ്റായി പ്രയോഗിക്കുന്നു. അഭ്രകമാണ് ശരി. പാളിപാളിയായി ഇളക്കാവുന്നതും സ്ഫടികം പോലെ സുതാര്യവുമാണ് അഭ്രകം. ശ്രീപാര്‍വതിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നുണ്ടായതാണ് ഇതെന്ന് ഐതിഹ്യവുമുണ്ട്. അതുകൊണ്ട് ഗിരിജാമലം എന്നും പേര്. മലയാളം ലെക്‌സിക്കനില്‍ ഇങ്ങനെ പറയുന്നു: ചുവന്നത്, വെളുത്തത്, മഞ്ഞച്ചത്, കറുത്തത് എന്നു നാലുതരം അഭ്രകം. ചികിത്സക്ക് നല്ലത് കറുത്തത്. അതുതന്നെ ദര്‍ദ്ദുരം, നാഗം, പിനാകം, വജ്രം എന്നു നാലിനം. ദര്‍ദ്ദുരം തീയില്‍ ഇട്ടാല്‍ തവളയെപ്പോലെ ശബ്ദിക്കും. നാഗം പാമ്പിനെപ്പോലെ ചീറ്റും. പിനാകത്തിന്റെ ദലങ്ങള്‍ അടര്‍ന്നുപോകും. വജ്രത്തിന് ഒരു വികാരവും ഉണ്ടാവുകയില്ല. ചികിത്സക്ക് വജ്രം ശ്രേഷ്ഠം.”
ആകാശഗംഗയ്ക്ക് അഭ്രഗംഗ എന്നു പറയും. അഭ്രങ്കഷം എന്നാല്‍ ആകാശത്തെ ഉരുമ്മുന്നത് എന്നാണ്. വായു, പര്‍വതം എന്നിവയെല്ലാം ഈയര്‍ഥത്തില്‍ അഭ്രങ്കഷങ്ങളാണ്. അഭ്രനാഗം ഐരാവതമാണ്. അഷ്ടദിഗ്ഗജങ്ങളില്‍ ഒന്ന്. ഭൂഗോളത്തെ താങ്ങിനിറുത്തുന്നത് ഐരാവതം ഉള്‍പ്പെടെയുള്ള എട്ട് ആനകളാണ് എന്നാണ് സങ്കല്പം. ഇന്ദ്രന്റെ വാഹനമാണ് ഐരാവതം.
രാഹുവിനെ അഭ്രപിശാചകന്‍ എന്നും വിളിക്കാറുണ്ട്. ആകാശചാരിയായ പിശാച്. വഞ്ഞി എന്നു നമ്മുടെ നാട്ടില്‍ വിളിക്കാറുള്ള അഭ്രപുഷ്പത്തിന് ആ പേരുവന്നത് വര്‍ഷകാലത്ത് വെള്ളത്തില്‍ പൂക്കുന്നതുകൊണ്ടാണ്. അഭ്രം നീറ്റിയെടുക്കുന്നതാണ് അഭ്രഭസ്മം. ആകാശമാഞ്ചി എന്ന ജടാമാംസി എന്ന ചെടിക്ക് അഭ്രമാംസി എന്നാണ് പേര്.
ഐരാവതത്തിന് അഭ്രമാതംഗം എന്ന പര്യായമുണ്ട്. ഐരാവതം കൊമ്പനാണല്ലോ. അതിന്റെ സഹധര്‍മിണിയാണ് അഭ്രമു. ഭര്‍ത്താവിനെ പിരിഞ്ഞ് സഞ്ചരിക്കാത്തത്, ആകാശത്തില്‍ത്തന്നെ ഒതുങ്ങിനില്‍ക്കുന്നത് എന്ന അര്‍ഥത്തിലാണ് അഭ്രമു. അഭ്രംലിഹന്‍ വായുവാണെങ്കില്‍ അഭ്രവാഹനന്‍ ഇന്ദ്രനാണ്. അഭ്രസഖനാകട്ടെ മയിലാണ്. മേഘം വരുന്നതില്‍ സന്തോഷിക്കുന്നത് മയിലാണല്ലോ. ആകാശഗംഗയ്ക്ക് അഭ്രസിന്ധു എന്നും പേര്.

മഴയേറ്റുകൊണ്ട് തപസ്സുചെയ്യുന്നവരെ അഭ്രാവകാശി എന്നു വിളിക്കും. അഭ്രി എന്നതിന് പല അര്‍ഥങ്ങളുമുണ്ട്. തോണികെട്ടുന്ന കുറ്റി എന്നുമാത്രമല്ല, കൈക്കോട്ട്, തൂമ്പ, മണ്‍കോരി ഇവക്കെല്ലാം അതേയര്‍ഥംതന്നെ.

Exit mobile version