Keralaliterature.com

ഭാഷാജാലം 16 അമൈച്ചറാണേ അമാത്യന്‍

അമൈ എന്ന തമിഴ് ധാതുവില്‍നിന്നാണ് അമക്കുക, അമുക്കുക തുടങ്ങിയ വാക്കുകളുണ്ടായത്. ഞെരുങ്ങുക എന്ന അര്‍ഥത്തില്‍ അമുങ്ങുക എന്നതില്‍ നിന്നുവന്നത്. ഭാരത്തിന്റെ അടിയില്‍ ഞെരുങ്ങുക. ഞെക്കല്‍, ഞെരുങ്ങല്‍ എല്ലാം അമുക്കല്‍ ആണ്. കീഴടക്കുക, അമര്‍ച്ചചെയ്യുക എന്നൊക്കെയും അര്‍ഥഭേദമുണ്ട്. എന്നാല്‍, വ്യവഹാരഭാഷയില്‍ കളിപ്പിച്ചെടുക്കുക, അപഹരിക്കുക, പൂഴ്ത്തിവയ്ക്കുക എന്നെല്ലാമുള്ള അര്‍ഥത്തില്‍ അമുക്കുക എന്നു പറയാറുണ്ട്. ‘രാജാകേശവദാസന്‍’ എന്ന പഴയ നോവലില്‍ ഇങ്ങനെ ഒരു സംഭാഷണഭാഗമുണ്ട്: ‘അപ്പോള്‍ ദിവാന്‍ജി യജമാന്റെ ഇരിപ്പുമുതല്‍ ധാരാളം കാണും, അല്ലേ? പക്ഷേ, ആ കള്ളന്‍ ചെട്ടിയാര് അതെല്ലാം അമുക്കും”.
തമിഴിലെ അമൈച്ചന്‍ എന്ന വാക്ക് മന്ത്രിയെക്കുറിക്കുന്നതാണ്. ബഹുമാനസൂചകമായി അമൈച്ചര്‍ എന്നു പറയുന്നു. മുതലമൈച്ചര്‍ മുഖ്യമന്ത്രി. അമാത്യന്‍ എന്നു സംസ്‌കൃതം. മലയാളികള്‍ക്ക് അമട്ട്, അമിട്ട് എന്നിവയെല്ലാം പരിചിതം. വെടിമരുന്നുകൊണ്ട് ഉണ്ടാക്കുന്ന ഒരുതരം പടക്കം. എന്നാല്‍, ഈ വാക്കിന് വിരട്ടല്‍, ഭയപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, ഉപായം, കൗശലം എന്നൊക്കെ അര്‍ഥം കല്പിക്കുന്നു. അമിട്ടുപൊട്ടിക്കുന്നതും ഒരുതരം വിരട്ടലാണല്ലോ.
കാളവണ്ടിയുടെ ചക്രത്തോടുചേര്‍ത്ത് പിന്‍ഭാഗത്ത് വിലങ്ങനെ കെട്ടിയിടുന്ന തടിക്കഷണത്തെ അമണ്ടം എന്നുപറയുന്നു. അമദണ്ഡം എന്നതിന്റെ സങ്കുചിതരൂപം. വണ്ടി ഇറക്കം ഇറങ്ങുമ്പോള്‍ സ്പീഡ് കുറയ്ക്കാനുള്ള ഒരു ബ്രേക്ക് സംവിധാനമാണ് അമണ്ടം. കാളവണ്ടികള്‍ പോയതോടെ അമണ്ടവും വിസ്മൃതിയിലായി.
അമണ്ടില എന്താണെന്നല്ലേ. അമൃത് ഉണ്ട ഇലയാണ് അമണ്ടില. രാജാക്കന്മാരുടെ എച്ചിലിലയ്ക്കാണ് ആ പേരുണ്ടായിരുന്നത്. പിന്നീട് അര്‍ഥവ്യതിയാനം വന്ന് അമൃതേത്ത് വിളമ്പാനുള്ള ഇല എന്നായി. വേങ്ങയില്‍ കുഞ്ഞിരാമമേനോന്‍ എന്ന കേസരിയുടെ ഉപന്യാസങ്ങളിലൊന്നില്‍ ഇങ്ങനെ എഴുതുന്നു: ” തിരുമനസ്സീന്ന് ഊട്ടിലെഴുന്നള്ളി… എത്ര ചെറിയ എലക്കഷ്ണത്തിലുണ്ടാലും എച്ചില്‍എലയ്ക്ക് ‘അമണ്ടല’ എന്നേ പറഞ്ഞുകൂടൂ.”
ശിവന് അമദനന്‍ എന്ന പര്യായം കൂടിയുണ്ട്. മദനന്റെ ശത്രു, കാമവൈരി എന്നീ അര്‍ഥങ്ങളില്‍. ആത്മാവ്, പ്രാണന്‍ എന്നിവയ്ക്ക് അമന്‍ എന്നുപറയും. അമനി എന്നാല്‍ സംസ്‌കൃതത്തില്‍ മാര്‍ഗം, വഴി. കോപമില്ലാത്തവനാണ് അമന്യു. അമഞ്ഞടങ്ങിയുള്ള പെരുമാറ്റത്തെയാണ് അമയടക്കം എന്നു പറയുന്നത്. ഒതുക്കവും വണക്കവുമെല്ലാം അമയടക്കത്തിലുണ്ട്. അമയുക എന്നാല്‍ അമരുക, ഞെരുങ്ങിനില്‍ക്കുക, സ്വാധീനപ്പെടുക, തൃപ്തിപ്പെടുക, സംഭവിക്കുക, വന്നുചേരുക, തീരുക, ഒടുങ്ങുക എന്നിങ്ങനെ അര്‍ഥജാലങ്ങള്‍ പലതാണ്.
നമ്മുടെ നാട്ടില്‍ പയറുവര്‍ഗത്തില്‍പ്പെട്ട ഒരു വള്ളിച്ചെടിയാണല്ലോ അമര. തമിഴിലെ അമരൈ ആണ് നമ്മുടെ അമര. മരങ്ങളില്‍ പടര്‍ന്നുകയറുന്നതുകൊണ്ടല്ല, പടര്‍ന്നുകയറി മരങ്ങളുടെ തലപ്പ് അമരത്തക്കവണ്ണം വളരുന്നതുകൊണ്ടാണ് ആ പേര് സിദ്ധിച്ചതെന്ന് അമരത്തോരന്‍ കഴിക്കുന്ന എത്രപേര്‍ക്കറിയാം? വെള്ള അമരയ്ക്ക, നീലയമരയക്ക്, വാളമരയ്ക്കാ എന്നു മൂന്നിനം അമരകളുണ്ടെന്നും ഇവ പിഞ്ചുപ്രായത്തില്‍ തൊലിയോടുകൂടി ഉപയോഗിക്കാമെന്നും ‘പാചകമനോരമ ‘ എന്ന പ്രാചീനകൃതിയിലുണ്ട്. വല്യപയറിന് വരുണന്‍, അമരയ്ക്ക് ശ്രീ, ചാമയ്ക്കു സോമന്‍ എന്നീ ദേവന്മാരെ പൂജിക്കണം എന്ന് തന്ത്രവിദ്യയിലുണ്ട്.

അമരയ്ക്ക് പിന്നെയും കിടക്കുന്നു നാനാര്‍ഥങ്ങള്‍. ഇന്ദ്രന്റെ വസതിയായ അമരാവതി, ഇന്ദ്രനഗരി എന്നിവയും അമരതന്നെ. പൊക്കിള്‍ക്കൊടി, ഗര്‍ഭപാത്രം, തൂണ്, ചതുരക്കള്ളി, ചിറ്റമൃത്, കറ്റവാഴ, പേക്കുമ്മട്ടി എന്ന ചെറിയ കാട്ടുവെള്ളരി എന്നിങ്ങനെ പോകുന്നു അമരയുടെ അര്‍ഥസാമ്രാജ്യം.
ഇനി അമരത്തിലേക്കു വരാം. തമിഴ് വാക്കാണെന്ന് പണ്ഡിതനായ ശൂരനാട്ട് കുഞ്ഞന്‍പിള്ള. അതല്ല, അപര എന്ന സംസ്‌കൃത ശബ്ദത്തിന്റെ തദ്ഭവമെന്നു വേറെ ചിലര്‍. അതുമല്ല, അമര്‍ ധാതുവില്‍ നിന്നാണെന്ന് ഇനിയും ചിലര്‍. അതെന്തുമാകട്ടെ, വള്ളം, കപ്പല്‍ എന്നിവയുടെ പിന്‍ഭാഗത്തെയാണ് അമരം എന്ന് പ്രധാനമായി വിളിക്കുന്ന, നമുക്കു പരിചിതമായ അര്‍ഥം. നമ്മുടെ വള്ളംകളിക്ക് അമരത്തും അണിയത്തും ഇരുന്ന നിയന്ത്രിക്കുന്നവരെ കണ്ടിട്ടില്ലേ? അമരത്തിരുന്നാണ് ചുക്കാനോ അടനമ്പോ കൊണ്ട് ഗതി നിയന്ത്രിക്കുന്നത്.

Exit mobile version