അമരം എന്ന വാക്ക് പലപ്പോഴും അര്‍ഥം തെറ്റിച്ച് മനസ്സിലാക്കുന്ന ഒന്നാണ്. അമരവും അണിയവും പരസ്പരം മാറിപ്പോകും. വള്ളംകളിയുടെ നാടായ കേരളത്തില്‍ അമരത്തും അണിയത്തും പ്രകടമാകുന്ന ആവേശം അറിയാമല്ലോ. അമരത്തിരിക്കുന്നവന്‍ എന്നാല്‍ വള്ളത്തിന്റെ പിന്നിലിരിക്കുന്നവന്‍ എന്നാണര്‍ഥം, അല്ലാതെ മുന്നിലിരിക്കുന്നവന്‍ എന്നല്ല. എന്നാല്‍, വള്ളത്തിന്റെ ഗതിനിര്‍ണയിക്കുന്നത് അമരത്തിരിക്കുന്നവന്‍ തന്നെ, അല്ലാതെ മുന്നിലിരിക്കുന്നവന്‍ അല്ല. ചുക്കാനോ അടനമ്പോ കൊണ്ടാണ് ഗതി നിയന്ത്രിക്കുന്നത്. അമരംപിടിക്കുന്നവനെ കര്‍ണധാരന്‍ എന്നും വിളിക്കും. നേതാവ്, മാര്‍ഗദര്‍ശി എന്ന നിലയിലും അമരക്കാരന്‍ എന്നറിയപ്പെടും. അമരം തമിഴില്‍നിന്നു വന്നതാണ്.
വിന്ധ്യപര്‍വതത്തില്‍ അമരകണ്ടകം എന്ന ഭാഗമുണ്ട്. അമരകണ്ടകന്‍ എന്ന രാക്ഷസനില്‍നിന്നാണ് ആ വാക്കുണ്ടായത്. ശോണ, നര്‍മദ നദികളുടെ ഉത്ഭവസ്ഥാനമാണത്. അമരകോശം സുവിദിതമാണല്ലോ. അമരസിംഹന്‍ പദ്യരൂപത്തില്‍ രചിച്ച നാമലിംഗാനുശാസനം എന്ന സംസ്‌കൃത കോശമാണിത്. ദേവന്മാരുടെ ഗുരു ബൃഹസ്പതി അമരഗുരു എന്നാണ് അറിയപ്പെടുന്നത്. വ്യാഴത്തിനും ആ പേരുണ്ട്.
കളിവള്ളത്തിന്റെ അമരത്തെ അലങ്കരിക്കുന്നതിനെയാണ് അമരച്ചാര്‍ത്ത് എന്നു പറയുന്നത്. ചുവന്ന പട്ടില്‍ സ്വര്‍ണം കൊണ്ടോ വെള്ളികൊണ്ടോ ഉള്ള കുമികളകള്‍ പതിച്ചാണ് ഇതുണ്ടാക്കുന്നത്. സംസ്‌കൃതത്തില്‍ അമരത്വം എന്നാല്‍ മരണമില്ലായ്മ ആണ്. ദേവത്വം ആണ്. ദേവന്മാര്‍ അമരന്മാര്‍ ആണല്ലോ. ആകാശഗംഗയ്ക്ക് അമരതടിനി എന്നു പറയുന്നു. കല്പകവൃക്ഷത്തെ അമരതരു എന്നു വിളിക്കുന്നു. വേദതാരവൃക്ഷം. ദേവദാരു എന്നല്ല എഴുതേണ്ടത്. ഹിമാലയത്തിലെ ചതുര്‍ധാമങ്ങളിലൊന്നായ അമര്‍നാഥ് പ്രശസ്തമാണല്ലോ. ആകാശവള്ളിക്ക് അമരലത എന്നു പേര്. നമ്മുടെ നാട്ടില്‍ മൂടില്ലാത്താളിയെയും അങ്ങനെ വിളിക്കും.
അമരസിംഹന്‍ എന്ന മഹാനെ കേട്ടിട്ടുണ്ടല്ലോ. വിക്രമാദിത്യ വിദ്വല്‍സ്സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായിരുന്നു. അമരകോശത്തിന്റെ കര്‍ത്താവാണ്. ദേവന്മാരുടെ പര്‍വതമായ സുമേരുവിന് അമരാദ്രി എന്നും പേരുണ്ട്. ഇന്ദ്രനഗരിയെ അമരാവതി എന്നു വിളിക്കുന്നു. മേരുവിന്റെ മുകളിലാണ് ഇതെന്നു സാരം.
സംസ്‌കൃതത്തില്‍ അമരുകശതകം എന്ന ശൃംഗാരകൃതി രചിച്ചയാള്‍ അമരുകശതകന്‍ എന്നാണറിയപ്പെടുന്നത്. പണ്ഡിതനായ ശൂരനാട് കുഞ്ഞന്‍പിള്ള ഇവിടെ കൗതുകമുള്ള ഒരു ഐതിഹ്യം ചൂണ്ടിക്കാട്ടുന്നു. അമരുകശതകം രചിച്ചത് അമരുകന്‍ അല്ലെന്നും, അദ്ദേഹം മരിച്ചശേഷം ആ രാജാവിന്റെ മൃതശരീരത്തില്‍ പരകായപ്രവേശ വിദ്യയിലൂടെ ആവേശിച്ച് രാജ്ഞിയുമായി രമിച്ച് കാമകല മനസ്സിലാക്കിയ ശങ്കരാചാര്യര്‍ ആണെന്നുമാണ് ഐതിഹ്യം. കേരള സാഹിത്യ ചരിത്രത്തില്‍ ഇതുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
അമരുക, അമര്‍ച്ച തുടങ്ങിയ ക്രിയാനാമങ്ങളും മലയാളത്തില്‍ പ്രയോഗിക്കുന്നു. ഇങ്ങനെ അമര എന്നത് സംസ്‌കൃതത്തിലും മലയാളത്തിലും വ്യത്യസ്താര്‍ഥങ്ങളില്‍ നിരവധി വാക്കുകള്‍ക്ക് പിറവി നല്‍കുന്നു.