Keralaliterature.com

ഭാഷാജാലം 19 അമൃതകലയും അമൃതവിശേഷങ്ങളും

അമൃതം, അമൃത, അമൃതകം തുടങ്ങിയ സംസ്‌കൃതവാക്കുകള്‍ നമുക്ക് നിത്യപരിചിതമാണ്. മൃതം എന്നതിന്റെ നിഷേധാര്‍ഥപദമാണ് അമൃതം. മരണത്തെ ഇല്ലാതാക്കുന്നതാണ് അമൃതം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതാണ് അമൃതം. അസുരന്മാര്‍ തട്ടിയെടുത്തുകൊണ്ടോടിയെങ്കിലും ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് അവര്‍ അമരന്മാരായത്. മത്ത് മന്ദരപര്‍വതവും കടച്ചില്‍ക്കയര്‍ വാസുകി എന്ന സര്‍പ്പവുമായിരുന്നല്ലോ. കടച്ചിലില്‍ അമൃതം മാത്രമല്ല കിട്ടിയത്. ചന്ദ്രന്‍, ലക്ഷ്മി, കല്പവൃക്ഷം, ഉച്ചൈശ്രവസ് തുടങ്ങി പലരും പലതും. പീയൂഷം, സുധ എന്നിവയെല്ലാം അമൃതം തന്നെ.
വിശേഷണമായി അമൃത എന്നു പറഞ്ഞാല്‍ മരണമില്ലാത്ത എന്നര്‍ഥം. നാശമില്ലാത്ത, നിത്യമായ എന്നും പറയും. മരണത്തെ ഇല്ലാതാക്കുന്നതിനാല്‍ നെല്ലി അറിയപ്പെടുന്നതും അമൃത എന്നുതന്നെ. തുളസി, മദ്യം , ശുക്ലം തുടങ്ങി വേറെ 15 അര്‍ഥങ്ങളും മലയാള മഹാനിഘണ്ടു ഇതിനു കൊടുക്കുന്നു. പാര്‍വതിയും ഗംഗയും അമൃത തന്നെ.
ചന്ദ്രക്കലയാണ് അമൃതകല. സുധാകല എന്നൊരു കലയെക്കുറിച്ച് പറയുന്നതുനോക്കുക: വെളുത്തപക്ഷത്തില്‍ പ്രതിപദം മുതല്‍ പൂര്‍ണിമ വരെ വലത്തുകാലിന്റെ പെരുവിരല്‍തൊട്ട് നെറുകയോളം കയറുകയും, കറുത്തപക്ഷത്തില്‍ പ്രതിപദംതൊട്ട് കറുത്ത വാവുവരെ നെറുകയില്‍നിന്ന് ഇടത്തുകാലിന്റെ പെരുവിരലോളം ഇറങ്ങുകയും ചെയ്യുന്ന ഒരു ശക്തിവിശേഷമാണ് ഈ സുധാകല എന്ന അമൃതകല. പുരുഷന്മാര്‍ക്ക് അമൃതകല വലത്തുഭാഗത്തുകൂടി കയറുകയും ഇടത്തുഭാഗത്തുകൂടി ഇറങ്ങുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് മറിച്ചാണത്രെ. കാമശാസ്ത്രം പറയുന്നത്, സ്ത്രീകള്‍ക്ക് അമൃതകലയുടെ സ്ഥിതി കാമവികാരം നില്‍ക്കുന്ന സ്ഥാനമായിട്ടാണ്. ശരീരത്തില്‍ അമൃതകല സ്ഥിതിചെയ്യുന്ന ഭാഗത്ത് സ്പര്‍ശിച്ചാല്‍ സ്ത്രീക്ക് രതിപ്രതീതിയുണ്ടാകുമെന്നും പഴയ രതിശാസ്ത്രങ്ങള്‍.

അമൃതകിരണന്‍ ചന്ദ്രനാണ്. അമൃതഗര്‍ഭം ജലപൂര്‍ണമായത്. അമൃതഗര്‍ഭം ഉറക്കം. അമൃതഗര്‍ഭന്‍ ജീവാത്മാവ്. പണ്ട് അമൃതചതുഷ്ടയം എന്ന സങ്കല്പമുണ്ടായിരുന്നു. നാലുതരം അമൃതം. ഗുണവതിയായ ഭാര്യ, ബാലഭാഷിതം, രാജസമ്മാനം, മാനഭോജനം എന്നിവയാണ് ആ നാലമൃതങ്ങള്‍.
നിലാവിനെ വിളിക്കുന്നത് അമൃതതരംഗിണി എന്നാണ്. ദേവതാരവൃക്ഷമാണ് അമൃതദ്രു. അമൃതപ്രവാഹമാണ് അമൃതധാര. ഈ പേരില്‍ വിഷമവൃത്തമുണ്ട് സംസ്‌കൃതത്തില്‍. കൈവിഷം, പ്രേതബാധ മുതലായവ ഒഴിപ്പിക്കാന്‍ പണ്ട് അമൃതപഞ്ചാക്ഷരി എന്ന ശൈവമന്ത്രം ജപിക്കുമായിരുന്നു.

നെല്ലിക്കയാണ് അമൃതഫലം. പേരയ്ക്ക, ഈത്തപ്പഴം, കയ്പന്‍ പടവലം എന്നിവയ്ക്കും ആ പേരുണ്ട്. അമൃതബീജം എന്നാല്‍ ഒരു മന്ത്രം. വരുണദേവതാത്മകമായ ജലത്തെ സൂചിപ്പിക്കുന്ന മന്ത്രം. വാടാത്ത മാലയുള്ളവളായ ദുര്‍ഗയാണ് അമൃതമാലിനി.
പണ്ട് തിരുവിതാംകൂറില്‍ അമൃതരിപ്പാട്ടം എന്നൊരു പാട്ടമുണ്ടായിരുന്നു. അമൃത്+അരി+പാട്ടം=അമൃതരിപ്പാട്ടം. ശ്രീപാദം വസ്തുക്കളിന്മേലുള്ള ഒരിനം പാട്ടം. രാജാക്കന്മാരുടെ ഭക്ഷണമായ അമൃതേത്തിന് അരി വാങ്ങുന്നതിന് പിരിച്ചിരുന്ന പാട്ടമാണിത്.
ചിറ്റമൃതിന് അമൃതവല്ലരി, അമൃതവല്ലി എന്നൊക്കെ പേരുണ്ട്. അമൃതവല്ലി എന്നൊരു കന്യകയുണ്ടായിരുന്നു. സുബ്രഹ്മണ്യനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സ് ചെയ്ത രണ്ടു വിഷ്ണുപുത്രിമാരില്‍ ഒരാള്‍. മറ്റേവള്‍ സുന്ദരിവല്ലി. സംഗീതത്തിലെ ഒരു ജന്യരാഗമാണ് അമൃതവാഹിനി. അമൃതസഞ്ജീവനിയാണ് യഥാര്‍ഥത്തില്‍ മൃതസഞ്ജീവനി എന്നു നാം ഉപയോഗിക്കുന്നത്. മരിച്ചവരെ (അമൃതതുല്യം) ജീവിപ്പിക്കുന്ന ഒരു ഔഷധം.
ഉരുക്കിയ നെയ്യാണ് അമൃതസാരം. ഉച്ചൈശ്രവസ് എന്ന കുതിരയെ അമൃതസോദരം എന്നു പറയുന്നത് പാലാഴികടച്ചിലില്‍ അമൃതിനൊപ്പം കിട്ടിയതിനാലാണ്.

Exit mobile version