Keralaliterature.com

ഭാഷാജാലം 21- അമ്പാടിതന്നിലൊരുണ്ണീ…കുളക്കോഴിയല്ലോ അംബുകുക്കുടം

അമ്പാടി എന്നു കേള്‍ക്കാത്ത ആരാണുള്ളത്? അമ്പാടിതന്നിലൊരുണ്ണിയായ കൃഷ്ണനെ അറിയാത്തവരും ഉണ്ടാകില്ല. കൃഷ്ണന്‍ മഥുരയിലാണ് ജനിച്ചതെങ്കിലും, അവിടത്തെ ഗോകുലത്തിന് തമിഴില്‍ ഉണ്ടായ അരുമയായ വാക്കാണ് അമ്പാടി. ഗോകുലമാണല്ലോ കൃഷ്ണന്‍ ജനിച്ചുവളര്‍ന്നയിടം. പക്ഷേ, തമിഴ്, മലയാള കവികളെല്ലാം പ്രാചീനകാലംമുതല്‍ക്കേ അമ്പാടി എന്നു പ്രയോഗിച്ചുപോന്നു. ആയര്‍പാടി, അയ്യംപാടി എന്നിങ്ങനെയും തമിഴില്‍ പ്രയോഗമുണ്ട്. തൊഴുത്ത്, ഗോഷ്ഠം എന്നിങ്ങനെയും അര്‍ഥമുണ്ട്. ”അമ്പാടിതന്നിലേ പോവതിനായ്‌ക്കൊണ്ടമ്പോടു ചാലെ നടന്ന നേരം’ എന്ന് ചെറുശ്ശേരി കൃഷ്ണഗാഥയില്‍ പാടുന്നു. തമിഴില്‍ അമ്പ് എയ്യുന്നവനെ അമ്പാടി എന്നു വിളിക്കുന്ന പതിവുണ്ട്.
കേരളത്തില്‍ അമ്പാടിക്കോവിലകം എന്നറിയപ്പെടുന്നത് കോഴിക്കോട്ടെ സാമൂതിരി രാജകുടുംബത്തിലെ തമ്പുരാട്ടിമാരുടെ കൊട്ടാരമാണ്.
ആനയും അമ്പാരിയും കേരള സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ. സവാരിചെയ്യാന്‍ തക്കവണ്ണം ആനപ്പുറത്ത് ഒരുക്കുന്ന പീഠമാണ് അമ്പാരി. വെയിലും മഴയുംകൊള്ളാതിരിക്കാന്‍ കൂരപോലെ വയ്ക്കുകയും ചെയ്യും. അമ്പി എന്നത് ബ്രാഹ്മണബാലന്മാരില്‍ അനുജനെ വിളിക്കുന്നതാണ്. പണ്ട്, അച്ഛന് അമ്പിച്ചന്‍ എന്നും അമ്മയ്ക്ക് അമ്പിച്ചി എന്നും ചിലേടങ്ങളില്‍ വിളിച്ചിരുന്നു. അമ്പിച്ചോ.. എന്നത് ആശ്ചര്യദ്യോതകമായ പദമാണ്. ചന്ദ്രന് മലയാളത്തില്‍ അമ്പിളി എന്ന പദംവന്നത് ജലത്തെ പുല്‍കുന്നത് എന്ന അര്‍ഥത്തിലായിരിക്കാം എന്ന് പണ്ഡിതന്മാര്‍ കരുതുന്നു. ചന്ദ്രോദയത്തിലാണല്ലോ സമുദ്രത്തിലെ വേലിയേറ്റം. പ്രാചീനകവിതകളില്‍ അമ്പിളി ധാരാളമുണ്ട്. അമ്പിളിപോലെ വളഞ്ഞുള്ള പല്ലുകള്‍ എന്ന പ്രയോഗം എത്രസുന്ദരം!. അമ്പിളിക്കലയെന്നാല്‍ ചന്ദ്രക്കല. ‘അമ്പിളിക്കലയുമംബരക്കുളവുമമ്പരന്ന മണിനാഗവും’ എന്ന കുമാരനാശാന്‍ പാടിയിട്ടുണ്ട്.

ഉപ്പന്‍, ചെമ്പോത്ത് എന്നിങ്ങനെ വിളിക്കപ്പെടുന്ന പക്ഷിക്ക് അമ്പിളിക്കാക്ക എന്ന പേരുകൂടിയുണ്ട്. നിലാവുണ്ണുന്ന പക്ഷി എന്ന സങ്കല്പത്തില്‍നിന്നാണ് അതുണ്ടായത്. അമ്പിളിക്കലയ്ക്ക് അമ്പിളിക്കീറ്, അമ്പിളിത്തെല്ല് എന്നിങ്ങനെയും പ്രയോഗവൈവിധ്യമുണ്ട്. ബാലഭാഷയിലാണ് അമ്പിളിയമ്മാവന്‍ എന്ന പ്രയോഗം. ‘അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തുണ്ട്;;;’ എന്ന നാടകഗാനം ആ പ്രയോഗത്തെ വിശ്രുതമാക്കുകയും ചെയ്തു. അമ്പിളിവളയം ചന്ദ്രക്കലപോലെ വളഞ്ഞ ഒരുതരം സംഗീതോപകരണമാണ്. തെക്കുള്ള രാമകഥാപ്പാട്ട് അമ്പലങ്ങളില്‍ പാടിയിരുന്നത് അമ്പിളിവളയത്തിന്റെ അകമ്പടിയോടെയാണ്.
അമ്പോറ്റി എന്നാല്‍ ഈശ്വരന്‍. ബാലഭാഷയില്‍ ദൈവത്തെ വിളിച്ചിരുന്നത്. ഉമ്പോറ്റി, നമ്പോറ്റി, എമ്പോറ്റി എന്നിങ്ങനെ രൂപഭേദങ്ങളുമുണ്ട്.
സംസ്‌കൃതപദമായ അംബ അമ്മ, മാതാവ് എന്നീ അര്‍ഥങ്ങളിലാണെങ്കിലും വേറെയും അംബമാരുണ്ട്. പാര്‍വതി, ദുര്‍ഗ എന്നിവരും അംബതന്നെ. ഒരു അപ്‌സരസ്ത്രീയുടെ പേരാണ് അംബ. കാശിരാജാവിന്റെ മൂത്തമകള്‍. പാണ്ഡുവിന്റെ അമ്മയുടെ സഹോദരി.
അംബയെക്കുറിച്ചുള്ള കഥതന്നെ രസകരമാണ്. വിചിത്രവീര്യന് വിവാഹം ചെയ്തുകൊടുക്കാനായി സഹോദരിമാരായ അംബിക, അംബാലിക എന്നിവരോടൊപ്പം അംബയെയും ഭീഷ്മര്‍ ഹസ്തിനപുരത്തേക്ക് കൊണ്ടുപോയി. സാല്വനില്‍ അനുരക്തയാണ് അംബ എന്നറിഞ്ഞപ്പോള്‍ അവളെ അദ്ദേഹത്തിന്റെ സമീപത്തേക്ക് അയച്ചു. എന്നാല്‍, പരഗൃഹവാസം ചെയ്തു എന്ന കാരണത്താല്‍ സാല്വന്‍ അവളെ സ്വീകരിച്ചില്ല. അംബ തിരിച്ചുവന്ന് ഭീഷ്മരോട് പ്രണയാഭ്യര്‍ഥന നടത്തി. നിത്യബ്രഹ്മചാരിയായ ഭീഷ്മര്‍ ആ അഭ്യര്‍ഥന നിരസിച്ചു. അതില്‍ കുപിതയായ അംബ ഭീഷ്മരോടു പകവീട്ടാനായി വനത്തില്‍ പോയി തപസ്സാരംഭിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ട്, അടുത്ത ജന്മത്തില്‍ ഭീഷ്മരോട് പ്രതികാരം ചെയ്യാനുള്ള അവസരം കിട്ടുമെന്ന വരംകൊടുത്തു. അടുത്ത ജന്മത്തില്‍ അംബ ദ്രുപദരാജാവിന്‍ മകളായി ശിഖണ്ഡിനി എന്ന നാമത്തില്‍ ജനിക്കുകയും ഭീഷ്മരുടെ മരണത്തിന് കാരണമാവുകയും ചെയ്തു.

അംബാലിക കാശിരാജാവിന്റെ കനിഷ്ഠപുത്രിയാണ്. വിചിത്രവീര്യന്റെ ഭാര്യ. പാണ്ഡുവിന്റെ അമ്മ. മലബാറില്‍ അംബാശൈലം എന്നൊരു സ്ഥലമുണ്ട്. തിരുനാവായ്ക്ക് സമീപമുള്ള കൊടിക്കുന്നിനാണ് ആ പേര്. അംബിക കാശിരാജാവിന്റെ രണ്ടാമത്തെ പുത്രി. വിചിത്രവീര്യന്റെ മൂത്തപത്‌നി. ഭര്‍ത്താവിന്റെ അകാലമരണത്തിനുശേഷം, വേദവ്യാസനെ വരിച്ച് ധൃതരാഷ്ട്രരുടെ മാ:താവായിത്തീര്‍ന്നു. അംബികാതനയനാണ് ധൃതരാഷ്ട്രര്‍. പാര്‍വതിയുടെ പുത്രന്മാര്‍ എന്ന അര്‍ഥത്തില്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും അംബികാതനയന്മാര്‍ എന്നു പറയാറുണ്ട്. പാര്‍വതീകാന്തനായ ശിവനെ അംബികാമണാളന്‍ എന്നും പറയുന്നു. ഇവിടെ സംസ്‌കൃതപദമായ അംബികയോട് മണവാളന്‍ എന്നതിന്റെ രൂപഭേദമായ മണാളന്‍ കൂടിച്ചേര്‍ന്നിരിക്കുകയാണ്.
ഒഴുകുമ്പോള്‍ ശബ്ദമുണ്ടാകുന്നത് എന്ന അര്‍ഥത്തില്‍നിന്നാണ് ജലത്തിന് അംബു എന്ന സംസ്‌കൃതപദമുണ്ടായത്. ജലത്തില്‍ അപായമുണ്ടാക്കുന്ന ജീവിയായതിനാലാണ് മുതലയ്ക്ക് അംബുകണ്ടകം എന്ന പേരുണ്ടായത്. ചീങ്കണ്ണിക്ക് അംബുകീശകം എന്നും പറയും. കുളക്കോഴിയാണ് അംബുകുക്കുടം. നീര്‍ക്കോഴിപ്പിടയ്ക്ക് അംബുകുക്കുടിക.

Exit mobile version