”അവനംചെയ്തിരുന്നതിക്കാലമാരാജ്യത്തെ അവനീപതി മഹാസുകൃതി ബിംബിസാരന്‍” എന്ന് മഹാകവി കുമാരനാശാന്‍ ബുദ്ധചരിതം എന്ന പദ്യകൃതിയില്‍ പാടുതന്നില്‍ അവനം എന്ന വാക്കിന്റെ അര്‍ഥം എന്താണ്? പാലനം, രക്ഷണം, രക്ഷ എന്നൊക്കെത്തന്നെ. അവനമ്രം കുനിഞ്ഞത്, നമിച്ചത് എന്നൊക്കെയാണ് അര്‍ഥം. അവനി ഭൂമിയാണെന്നറിയാമല്ലോ. അവനിജ ഭൂമിപുത്രി, സീത. അവനിജന്‍ ഭൂമിപുത്രന്‍, ചൊവ്വ. അവനീദേവന്‍ ഭൂമിദേവന്‍, ബ്രാഹ്മണന്‍. അവനീധരം ഭൂമിയെ ധരിക്കുന്നത്, പര്‍വതം. അവനീപതി രാജാവ്.
അവന്തി ഉജ്ജയിനിയാണ്. മാളവദേശത്തിന്റെ പ്രാചീനനാമം. മഹാഭാരതകാലത്ത് തെക്ക് നര്‍മ്മദാ നദി വരെ അവന്തി വ്യാപിച്ചിരുന്നത്രെ. അവന്തികയും ഉജ്ജയിനി തന്നെ. കാളിദാസന്റെ സ്വന്തം നാട്. അവിടെവച്ചു മരിക്കുന്നത് മോക്ഷപ്രദമെന്ന് പുരാണസങ്കല്പം. അവന്ധ്യ മലടിയല്ലാത്തവള്‍, പ്രസവിച്ച സ്ത്രീ. ”ശിബിയെ പ്രസവിച്ച ഭാരതഭൂമി ഇന്നും അവന്ധ്യയായി, അത്തരത്തിലുള്ള ക്ഷത്രിയോത്തമന്മാരുടെ മാതാവായിത്തന്നെ പരിലസിക്കുന്നു” എന്ന് അംബരീഷചരിതത്തില്‍ എഴുതുന്നു. അവപ്ലുതം എന്നാല്‍ ഒരടവാണ്. ഗദായുദ്ധത്തിലെ പതിനാലുതരം അടവുകളിലൊന്ന്.
അവ മുന്നില്‍ വരുന്ന ധാരാളം വാക്കുകള്‍ ഉണ്ട്. അവയൊന്നും ഇവിടെ പറയേണ്ടതില്ല. ചിലതുമാത്രം, പരിചിതമായവ മാത്രം, പറയാം. അവബോധം അറിവ്, ജ്ഞാനം, ഉണര്‍ച്ച, ഉണര്‍വ് എന്നിവയാണ്. വൈതാളികനെയും സ്തുതിപാഠകനെയും അവബോധകന്‍ എന്നു പറയും. സൂര്യനും അവബോധകനാണ്. നമ്മെയെല്ലാം ഉണര്‍ത്തുന്നത് സൂര്യനാണല്ലോ. ഗുരുനാഥനും അവബോധകന്‍ തന്നെ. അവഭൃഥം ദൂരെക്കളയലാണ്. യാഗദീക്ഷയുടെ അവസാനത്തിലുള്ള സ്‌നാനത്തെയും അവഭൃഥം എന്നു പറയും. അവഭ്രഷ്ടം അപഭ്രഷ്ടത്തിന്റെ രൂപഭേദമാണ്. പുറന്തള്ളപ്പെട്ടത് എന്നര്‍ഥം. അവമതിക്കുക അവമാനിക്കുക, അനാദരിക്കുക. അവമര്യാദ എന്നു പറഞ്ഞാലും അപമര്യാദതന്നെ. അവമാനവും അങ്ങനെ.
ഉഭയലിംഗമാണ് അവര്‍. അവന്‍, അവള്‍, അവര്‍. ആ മാന്യന്‍, അദ്ദേഹം എന്നീ അര്‍ഥങ്ങളില്‍ പൂജക ബഹുവചനമായും ഉപയോഗിക്കും. സ്ത്രീലിംഗത്തിലും അങ്ങനെതന്നെ. അവരവര്‍ താന്താങ്ങള്‍. അവരജ = ഇളയസഹോദരി, അനുജത്തി. അവരജന്‍ അതിന്റെ പുല്ലിംഗം. അവരശൈലം=അസ്തമയപര്‍വതം.
സംസ്‌കൃത പദങ്ങളാണ് അവ ചേര്‍ത്തുവരുന്നതില്‍ ഒട്ടുമുക്കാലും. അവരാധം തടസ്സം, തടവ്, തടങ്കല്‍,രാജപത്‌നി, അന്ത:പുരസ്ത്രീ എന്നിങ്ങനെ അര്‍ഥമുള്ളപ്പോള്‍ത്തന്നെ വാഴിക്കല്‍, അധികാരത്തില്‍ പ്രതിഷ്ഠിക്കല്‍ എന്നിങ്ങനെയും അര്‍ഥവിശേഷം.
പണ്ട് കേരളത്തില്‍ രക്ഷാപുരുഷന്മാരെ അവരോധിക്കുന്നതിന് അവകാശം ഉണ്ടായിരുന്ന കഴകമാണ് അവരോധകഴകം. 64 നമ്പൂതിരി ഗ്രാമങ്ങളില്‍ നാല് ഗ്രാമങ്ങള്‍ക്കാണ് ഈ പ്രത്യേകാവകാശം ഉണ്ടായിരുന്നത്-പെരിഞ്ചെല്ലൂര്‍, പന്നിയൂര്‍, ചെങ്ങന്നൂര്‍, പറവൂര്‍ എന്നിവയാണ് ആ ഗ്രാമങ്ങള്‍. ഇങ്ങനെ അവരോധിക്കപ്പെടുന്ന അര്‍ദ്ധബ്രാഹ്മണരായ രക്ഷാപുരുഷന്മാരെ അവരോധനമ്പി എന്ന സ്ഥാനപ്പേരിലാണ് വിളിച്ചിരുന്നത്.
അവരോഹത്തിനും അവരോഹണത്തിനും പല അര്‍ഥങ്ങള്‍. അവരോഹം എന്നാല്‍ അവരോഹണം എന്നും വേട് (താങ്ങുവേര്), സ്വര്‍ഗം എന്നുമെല്ലാം അര്‍ഥം. കീഴോട്ടുളള മുറ, പടിപടിയായി, കീഴോട്ടിറങ്ങല്‍ എല്ലാം അവരോഹമാണ്. ഇറങ്ങല്‍, ഇറക്കം എന്നിവ അവരോഹണം. സപ്തസ്വരങ്ങളുടെ ശ്രുതി കീഴ്‌പോട്ടു കീഴ്‌പോട്ട് താഴ്ത്തിത്താഴ്ത്തി ഗാനം ചെയ്യുന്ന രീതി കൂടിയാണ് അവരോഹം. സപ്തസ്വരങ്ങളുടെ ക്രമമായ ഇറക്കം.
പേരിന്റെകൂടെ ബഹുമാനസൂചകമായി ചിലര്‍ ഉപയോഗിക്കുന്നതാണ് അവര്‍കള്‍. നമ്മുടെ നാട്ടില്‍ യോഗങ്ങള്‍ക്ക് സ്വാഗതം പറയുന്നവര്‍ എപ്പോഴും ഉപയോഗിക്കുന്ന പദമാണിത്. ചന്തുമേനോന്റെ ശാരദ എന്ന നോവലില്‍ ഇങ്ങനെ എഴുതുന്നു: രാജമാന്യ രാജശ്രീ പൂഞ്ചോലക്കര വലിയച്ഛന്‍ അവര്‍കള്‍ അറിവാന്‍”.
വര്‍ണിക്കാനാകാത്തതാണ് അവര്‍ണനീയം. ദൂതവാക്യം പ്രാചീനഗദ്യത്തില്‍ പറയുന്നു, ”അവര്‍ണ്ണനീയ പരാക്രമനാകിന കര്‍ണ്ണനെ അംഗരാജ്യാഭിഷേകം പണ്ണി”. തമിഴിലെ പദമാണ് അവല്. നമ്മള്‍ അവല്‍ എന്നു പറയും. നെല്ല് അല്പമൊന്ന് പുഴുങ്ങി വറുത്ത് ഉരലില്‍ ഇടിച്ച് ഉമി കളഞ്ഞുണ്ടാക്കുന്നതാണ് അവല്‍. ഭംഗികേടാണ് അവലക്ഷണം. ദുശ്ശകുനത്തിനും അതുതന്നെയാണ് പറയുന്നത്. ലക്ഷണംകെട്ടത് എന്ന അര്‍ഥത്തില്‍ അവലക്ഷണക്കേട് എന്നു പ്രയോഗിക്കുന്നത് തെറ്റാണ്. ലക്ഷണക്കേട് എന്നോ അവലക്ഷണം എന്നോ മതി.