പാപം,തിന്മ എന്നൊക്കെയാണ് അഘം എന്ന സംസ്‌കൃതവാക്കിന്റെ അര്‍ഥം. ‘അഘവും നീങ്ങി മേ സര്‍വം’ എന്ന് നളചരിതം ആട്ടക്കഥയില്‍ ഉണ്ണായിവാര്യര്‍.
മരണത്തെത്തുടര്‍ന്നുള്ള ആശൗചം, പുല എന്നിങ്ങനെയും അര്‍ഥമുണ്ട്. കൂടാതെ ആപത്ത്, കഷ്ടത, ദൗര്‍ഭാഗ്യം എന്നൊക്കെയും അര്‍ഥം.
ഒരു അസുരന്റെ പേരാണ് അഘന്‍. പൂതനയുടെയും ബകന്റെയും സഹോദരന്‍. കംസന്റെ കല്പനപ്രകാരം കൃഷ്ണനെ കൊല്ലാന്‍ പെരുമ്പാമ്പിന്റെ രൂപത്തില്‍ വഴിയില്‍ കിടന്നു. കൃഷ്ണനും കൂട്ടുകാരും ഗുഹയാണെന്ന് കരുതി അതിന്റെ വായിലേക്ക് കയറി. കൃഷ്ണന്‍ മായാശക്തി കൊണ്ട് സ്വശരീരത്തെ പെരുക്കി അഘനെ പിളര്‍ന്നുകൊല്ലുകയായിരുന്നു.
അഘശംസി എന്നൊരു രാഷ്ട്രീയ പരിഹാസ ലേഖകന്‍ മുമ്പ് ഒരു പത്രത്തിനുണ്ടായിരുന്നു. അഘത്തെ, ദുഷ്ടതയെ പുലര്‍ത്തുന്നവന്‍ എന്ന അര്‍ഥത്തില്‍ അഘശംസനാണ് ശരി. അഘശംസി എന്നാല്‍ ദുഷ്ടന്‍. ഇംഗ്ലീഷില്‍ വെല്‍വിഷര്‍ എന്നതിന്റെ വിപരീതപദമുണ്ടല്ലോ- ഇല്‍വിഷര്‍.
ഇനി അഘോരം നോക്കാം. ശിവന്റെ അഞ്ചു മുഖങ്ങളില്‍ ഒന്നാണത്. ഉഗ്രമായ മുഖം. ശിവന് ഈഷാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിങ്ങനെയാണ് അഞ്ചുമുഖങ്ങളുള്ളത്. ഒരു ശൈവമന്ത്രത്തിനും അഘോരം എന്നു പേരുണ്ട്. അഘോരം എന്നൊരു ശൈവ വിഭാഗവുമുണ്ട്. പൂജയ്ക്കും മറ്റും മദ്യമാംസാദികള്‍ ഉപയോഗിക്കുകയും മലമൂത്രാദികള്‍ നിഷിദ്ധമായി കണക്കാക്കാതിരിക്കുകയും ചെയ്യുന്ന വിഭാഗമാണിത്.
അഘോരകലകളെപ്പറ്റി അറിയണ്ടേ… അഘോരന്റെ കലകളായി എട്ടെണ്ണമാണ്. താമസി, മോഹ, ക്ഷയ, നിദ്ര, വ്യാധി, മൃത്യുരൂപിണി, ക്ഷുധ, തൃഷ എന്നിങ്ങനെ.
അഘോരമൂര്‍ത്തി എന്നുവിളിക്കുന്നതും ശിവനെയാണ്.
അഘോരാസ്ത്രം എന്നാല്‍ അഘോരന്റെ അസ്ത്രം. ഒരു ശൈവമന്ത്രത്തിനും അങ്ങനെ പേരുണ്ട്. തന്ത്രതാത്പര്യം എന്ന മന്ത്രകൃതിയില്‍ ഇങ്ങനെ പറയുന്നു:
”ഓം ഹ്രീം സ്ഫുര സ്ഫുര
പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതര
തനുരൂപ ചടചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ
ഘാതയ ഘാതയ ഹും ഫട്”