നൂറിലേറെ അര്‍ഥമുള്ളതാണ് അങ്കം എന്ന സംസ്‌കൃത തത്ഭവവാക്ക്. അടയാളം, പാട്, വടു, മറു, മുദ്ര, കളങ്കം, ചിഹ്നം, തഴമ്പ്, ചൂണ്ടല്‍, കൊളുത്ത്, മടിത്തട്ട് എന്നിങ്ങനെ പോകുന്നു പ്രഖ്യാതമായ അര്‍ഥങ്ങള്‍. എന്നാല്‍, നമ്മുടെ സംസ്‌കാരവുമായി അഭേദ്യബന്ധമുള്ള അങ്കംവെട്ടുമായി അതു പതിഞ്ഞുപോയി. യുദ്ധം,പോര് എന്നൊക്കെ പറയുമെങ്കിലും ദ്വന്ദ്വയുദ്ധം എന്ന രണ്ടുപേര്‍ മാത്രമായി നടത്തുന്ന പോരിനാണ് അങ്കം എന്നു പറയുന്നത്.
‘പങ്കമകന്നൊരു തങ്കം പൊന്നിനൊടങ്കം പൊരുതുമൊരംഗപ്രഭയും’ എന്ന് നളചരിതം തുള്ളലില്‍ പറയുന്നു.
പ്രാചീന കേരളത്തില്‍ രണ്ടുപേര്‍ തമ്മില്‍ നേരിട്ടോ, പകരം യോദ്ധാക്കളെ എര്‍പ്പെടുത്തിയോ പടവെട്ടി ജയാപജയങ്ങള്‍ വഴി ന്യായാന്യായങ്ങള്‍ തീരുമാനിച്ചിരുന്ന രീതിക്കും അങ്കംവെട്ട് എന്ന പേര്. വടക്കന്‍പാട്ടുകളിലെ മുഖ്യമായ സമ്പ്രദായം.
‘അങ്കം പിടിച്ചാലേ ചേകോരാകൂ’ എന്നാണല്ലോ വടക്കന്‍ പാട്ടിലെ തിയറി. അങ്കവും കാണാം താളിയുമൊടിക്കാം എന്ന പഴഞ്ചൊല്ല് വന്നത് വടക്കന്‍പാട്ടില്‍നിന്നാണ്.
അങ്കം വെട്ടാനുള്ള ആവേശത്തെയാണ് അങ്കക്കലി എന്നു വിളിച്ചിരുന്നത്. അങ്കക്കളരി അങ്കത്തിനുള്ള കളരി തന്നെ. അങ്കംവെട്ടാന്‍ ചേകവര്‍ക്കു കൊടുക്കുന്ന പണമാണ് അങ്കക്കിഴി. അങ്കച്ചമയം എന്നാല്‍ അങ്കത്തിനു പുറപ്പെടുമ്പോള്‍ ധരിക്കുന്ന വസ്ത്രം. അങ്കംവെട്ടിന് പലകകൊണ്ട് ഉണ്ടാക്കുന്ന തട്ടാണ് അങ്കത്തട്ട്. അങ്കത്തിന്റെ രീതി വിവരിക്കുന്ന വായ്ത്താരിയാണ് അങ്കത്താരി. അങ്കംവെട്ടുന്നതിനുള്ള അനുമതിക്ക് രാജാവിനോ നാടുവാഴിക്കോ നല്‍കുന്ന പണമാണ് അങ്കപ്പണം.
വടക്കന്‍പാട്ടുമായോ അങ്കംവെട്ടുമായോ ബന്ധമില്ലാത്ത കുറെ അങ്കപദങ്ങള്‍ കൂടിയുണ്ട്. കന്നുകാലിയുടെ നെറ്റിയിലെ പുള്ളിക്കാണ് അങ്കച്ചൂട്ട് എന്നുപറയുന്നത്. അങ്കനമെന്നാല്‍ അടയാളപ്പെടുത്തല്‍, മുദ്രയടിക്കല്‍ എന്നൊക്കെയര്‍ഥം. പോരുകോഴിക്ക് അങ്കക്കോഴി. അക്കങ്ങള്‍ കൊണ്ടുള്ള കണക്കുകൂട്ടല്‍ അങ്കഗണിതം. ചങ്ങലപോലെ അക്കങ്ങള്‍ തൊടുത്തെഴുതുന്ന അങ്കഗണിതക്രിയയാണ് അങ്കപാശം. ആനയുടെ കൈകളുടെ മുകള്‍ഭാഗത്തെ പരന്ന എല്ല് അങ്കപ്പലക. പോരുകോഴിയുടെ താടയില്‍ അണിയിക്കുന്ന ആഭരണമാണ് അങ്കപ്പൂവ്. കുതിരപ്പുറത്ത് ചവുട്ടിക്കയറാനുള്ള ഇരുമ്പുവളയമാണ് അങ്കവടി. ഉത്തരീയം, രണ്ടാംമുണ്ട് എന്നെല്ലാം അറിയപ്പെടുന്നത് അങ്കവസ്ത്രം. പൂവന്‍കോഴിയുടെ വാലിനോടുചേര്‍ന്ന നീണ്ടുവളഞ്ഞ മനോഹരമായ തൂവലുകളെയാണ് അങ്കവാല് എന്ന് വിളിക്കുന്നത്.
അങ്കി എന്നാല്‍ അങ്കത്തില്‍ വച്ചുകെട്ടുന്നത്. അംഗത്തില്‍ ധരിക്കുന്നത്, മുഴുക്കുപ്പായം, ഓവര്‍കോട്ട് എന്നെല്ലാം അര്‍ഥം. ശബരിമല ശ്രീധര്‍മശാസ്താവിന് ധരിക്കുന്ന തങ്ക അങ്കി ഓര്‍ക്കുക. എഴുന്നള്ളിപ്പിനുള്ള ജീവത എന്നുമര്‍ഥം. അങ്കുരം എന്നാല്‍ മുള, നാമ്പ്, തളിര്. അങ്കുശം എന്നാല്‍ ആനത്തോട്ടി.