അംഗപ്രത്യയം എന്നു നാം പലപ്പോഴും പ്രയോഗിക്കാറുണ്ടല്ലോ. പലരും എന്താണ് അതിന്റെ അര്‍ഥമെന്ന് അറിയാതെയാണ് പ്രയോഗിക്കുന്നത്. സംസ്‌കൃതവാക്കാണ് അംഗം. അവയവം എന്ന് ആദ്യ അര്‍ഥം. കൈകാലുകള്‍, മൂര്‍ദ്ധാവ്, ഉരസ്സ്, പൃഷ്ഠം, ഉദരം എന്നിവയാണ് അംഗങ്ങള്‍. താടി, മൂക്ക്, ചുണ്ട്, ചെവി, വിരലുകള്‍, കണ്‍പോളകള്‍ തുടങ്ങിയവയെല്ലാം പ്രത്യംഗങ്ങള്‍. ഇതില്‍ ഉത്തമാംഗം തലയാണ്.
അംഗത്തിന് ശരീരം, ജ്യോതിഷത്തിലെ ലഗ്നം, മനസ്സ്, ഭാഗം, ഒന്നിന്റെ ഘടകം, മന്ത്രാംഗങ്ങളില്‍ ഒന്ന്, കൂട്ടത്തില്‍പ്പെട്ട ഒരാള്‍, കര്‍ണന്‍ ഭരിച്ചിരുന്ന അംഗരാജ്യം, നാടകത്തിലെ പഞ്ചസന്ധികളില്‍ ഒന്ന്, നാമാംഗം, ക്രിയാംഗം, ആറ് എന്ന സംഖ്യ എന്നിങ്ങനെയെല്ലാം അര്‍ഥമുണ്ട്.
അംഗകര്‍മം എന്നാല്‍ സ്ത്രീകള്‍ ശരീരത്തില്‍ സുഗന്ധലേപനം പൂശുന്നതാണ്. യാഗത്തിലെ അംഗമായ ക്രിയയാണ് അംഗക്രിയ. അംഗജന്‍ കാമദേവന്‍. മനസ്സില്‍നിന്ന് ജനിച്ചവന്‍ എന്നാണ് അര്‍ഥം. മനസിജന്‍ എന്നും. കൃഷ്ണഗാഥയിലുണ്ട്, ‘അംഗജനുള്ളൊരു ശൃംഗാരപൂജതന്നംഗങ്ങളായുള്ള സാധനങ്ങള്‍’.
കാമന്റെ അമ്പിനെ അംഗജബാണം എന്നു വിളിക്കുന്നു. കാമലീലയാണ് അംഗജലീല. സുരതം എന്നും പറയുന്നു. അംഗജവൈരി കാമന്റെ ശത്രു-ശിവന്‍. അംഗദന്‍ ബാലിക്ക് താരയില്‍ ജനിച്ച പുത്രന്‍. രാമദൂതനായി രാവണനെ കണ്ടത് അംഗദനാണ്. സുഗ്രീവനുശേഷം കിഷ്‌കിന്ധയിലെ രാജാവായി. ലക്ഷ്മണന് ഊര്‍മിളയില്‍ ജനിച്ച മകനും അംഗദന്‍ എന്നായിരുന്നു പേര്.
പ്രശസ്തങ്ങളായ അംഗങ്ങളോടുകൂടിയവളാണ് അംഗന. സുന്ദരി എന്നര്‍ഥം. അംഗഭംഗം അവയവനഷ്ടമാണ്. അക്ഷരലോപത്തിനും അങ്ങനെ പറയും. അംഗത്തെ രക്ഷിക്കുന്ന കവചമാണ് അംഗരക്ഷ. ശരീരത്തെ കാക്കുന്നവന്‍ അംഗരക്ഷകന്‍, കാവല്‍ക്കാരന്‍. ഉത്തരീയത്തിനും മേല്‍മുണ്ടിനും അംഗവസ്ത്രം എന്നുപറയും. നൃത്തത്തിലെ ആംഗ്യങ്ങളാണ് അംഗവിക്ഷേപം.
ആറ് വേദാംഗങ്ങളില്‍ ഒന്നിനെ അംഗവിദ്യ എന്നു വിളിക്കുന്നു.
ആറ് വേദാംഗങ്ങള്‍ ഇവയാണ്: ശിക്ഷ, ഛന്ദസ്സ്, കല്പം, നിരുക്തം, ജ്യോതിഷം. ഇതിലൊന്നിനെ പരാമര്‍ശിക്കാന്‍ അംഗവിദ്യ എന്നു പറയുന്നു.
അംഗാരം എന്നാല്‍ തീക്കനല്‍. അംഗാരകം കരിക്കട്ട. അംഗാരപുഷ്പം തീക്കനലിന്റെ നിറമുള്ള പൂവ്. ഓടല്‍വള്ളി.
അംഗിവാക്യം ഭാഷാപഠിതാക്കള്‍ അറിയേണ്ടതാണ്. ഒരു വാക്യത്തില്‍ പൂര്‍ണക്രിയ കൊണ്ട് ആശയം തികയുന്ന ഭാഗം. പ്രധാനവാക്യം എന്ന് മധ്യമവ്യാകരണം.