അങ്ങാടി എന്ന വാക്ക് തനിദ്രാവിഡമാണ്. തമിഴില്‍, കന്നടത്തില്‍ കുടകില്‍ എല്ലാം അങ്ങനെതന്നെയാണ് പറയുന്നത്. പഴയ മലയാളത്തില്‍ അങ്കാടി എന്നു പറഞ്ഞിരുന്നു. അങ്കം ആടുന്നിടം എന്നാണ് നിഷ്പത്തി. എന്നാല്‍, പൊതുസ്ഥലം, ചന്ത എന്നൊക്കെ പില്‍ക്കാലത്ത് അര്‍ഥംവന്നു. ആദ്യകാലത്ത് അങ്കക്കളമാണ് പിന്നീട് അങ്ങാടിയായത്.
കമ്പോളം, പീടിക, ചന്ത, കടത്തെരുവ്. ഒമ്പതാം ശതകത്തിലെ തരിസാപ്പള്ളി ശാസനത്തില്‍ അങ്കാടിയിലും മതിലിലും വിയാപരിക്കപ്പെറുവര്‍ എന്ന് പ്രയോഗമുണ്ട്. സന്ദേശകാവ്യങ്ങളുടെ കാലമായപ്പോള്‍ അങ്ങാടിയായി. കൃഷ്ണഗാഥയില്‍തന്നെ പഴഞ്ചൊല്ല് കാണാം: ‘അങ്ങാടിത്തോലിയങ്ങമ്മയോടായ്.
‘വടകരനാട്ടിലും ചെന്നവരും താണൂരങ്ങാടി ഇറങ്ങ്യവരും’ എന്ന് വടക്കന്‍ പാട്ടില്‍.
അങ്ങാടിമരുന്ന് ഇന്നും നാടുവാഴുന്നു. ഉണക്കപ്പച്ചില മരുന്നുകള്‍ക്കാണ് അങ്ങാടിമരുന്ന് എന്നുപറയുന്നത്. അങ്ങാടികളില്‍ സാധാരണ കാണാറുള്ള ഒരിനം ചെറുകുരുവിയാണ് അങ്ങാടിക്കുരുവി. കച്ചവടസാധനങ്ങള്‍ക്ക് അങ്ങാടിച്ചരക്ക്. തെരുവുനീളെ അലഞ്ഞുതിരിയുന്ന ആള്‍ക്ക് പണ്ടു പറഞ്ഞിരുന്നത് അങ്ങാടി നമ്പൂരി എന്നാണ്. അങ്ങാടിനിലവാരം അര്‍ഥം വിശദീകരിക്കേണ്ടതില്ലല്ലോ.
അങ്ങാടിയില്‍ പരസ്യമായതിനെ അങ്ങാടിപ്പാട്ട് എന്നു പറയുന്നു. നാട്ടുവര്‍ത്തമാനത്തിനും അതേ. അരമന രഹസ്യം അങ്ങാടിപ്പാട്ടായി എന്ന് പഴമൊഴി. അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന കുട്ടികളെ അങ്ങാടിപ്പിള്ളേര്‍ എന്നു വിളിക്കുന്നു. അങ്ങാടിമരുന്നുകള്‍ ഇട്ടുവയ്ക്കുന്ന ചെറുകള്ളികള്‍ ഉള്ള പെട്ടിയാണ് അങ്ങാടിപ്പെട്ടി. അങ്ങാടിപ്പെണ്ണ് എന്നാല്‍ പണ്യസ്ത്രീ, വേശ്യ. അങ്ങാടിമരുന്ന് കടയില്‍ വില്‍ക്കുന്ന പച്ചമരുന്ന്.
അങ്ങാടിവാര്‍ത്ത എന്നാല്‍ ജനശ്രുതി, കേട്ടുകേള്‍വി എന്നൊക്കെയാണ് അര്‍ഥം. അങ്ങാടിവാര്‍ത്ത എന്നാല്‍ ജനശ്രുതി, കേട്ടുകേള്‍വി എന്നൊക്കെയാണ് അര്‍ഥം. അങ്ങാടിയില്‍നിന്നുള്ള കരത്തിന് അങ്ങാടിക്കൂലി എന്നാണ് അറിയപ്പെട്ടിരുന്നത്.