വള്ളത്തോള്‍ കളരി എന്നറിയപെ്പടുന്ന സഹൃദയ സദസ്‌സിലെ ഒരംഗമായിത്തീര്‍ന്ന കുറ്റിപ്പുറത്തു
കേശവന്‍നായര്‍ തിരുവില്വാമലയ്ക്കടുത്ത് കുറ്റിപ്പുറത്തു വീട്ടില്‍ 1882 ഓഗസ്റ്റ് 28ന് (കൊ.വ. 1058
ചിങ്ങം 12) ആണ് ജനിച്ചത്. അച്ഛന്‍ വള്ളത്തോള്‍ കൊച്ചുണ്ണി മേനോന്‍, അമ്മ കുറ്റിപ്പുറത്തു
മീനാക്ഷി അമ്മ. വള്ളത്തോള്‍ രാമുണ്ണി മേനോന്‍ നടത്തിയിരുന്ന ഗുരുകുലത്തിലാണ്
ആദ്യകാലവിദ്യാഭ്യാസം. കാവ്യനാടകാദികള്‍ക്കുപുറമെ അവിടെനിന്ന് അഷ്ടാംഗഹൃദയവും
പഠിച്ചു. അല്പകാലം ആ ഗുരുകുലത്തിന്റെ നടത്തിപ്പു ചുമതല വഹിച്ചിരുന്ന വള്ളത്തോള്‍
തൃശൂര്‍ക്ക് താമസം മാറ്റിയപേ്പാള്‍ കുറച്ചുകാലം ഗുരുകുലത്തിന്റെ ചുമതല കുറ്റിപ്പുറം ആണ്
വഹിച്ചത്. ഇക്കാലത്താണ് വള്ളത്തോളിന്റെ സഹോദരി അമ്മാളുക്കുട്ടി അമ്മയെ, കേശവന്‍ നായര്‍
വിവാഹം ചെയ്തത്.
    1906ല്‍ കവനകൗമുദി തൃശൂര്‍ കേരളകല്പദ്രുമത്തില്‍ നിന്ന് പ്രസിദ്ധീകരണം
തുടങ്ങിയപേ്പാള്‍ അതിന്റെ മാനേജര്‍ എന്ന നിലയില്‍ കേശവന്‍നായരും തൃശൂര്‍ എത്തി. തൃശൂരില്‍
നിന്നും പുറപെ്പട്ടിരുന്ന രാമാനുജന്‍ മാസികയുമായും കുറ്റിപ്പുറം ബന്ധപെ്പട്ടിരുന്നു. ഇതിനിടെ
തൃശൂര്‍ ബോയ്‌സ് സ്‌ക്കൂളില്‍ ഭാഷാധ്യാപകനായി അദ്ദേഹത്തിന് നിയമനം കിട്ടി. തൃശൂരില്‍ വച്ച്
വി.സി. ബാലകൃഷ്ണപ്പണിക്കരൊടൊപ്പം ഒരേ മുറിയില്‍ കുറ്റിപ്പുറം കുറച്ചുകാലം താമസിക്കുകയു
ണ്ടായി. 1921ല്‍ കേശവന്‍ നായര്‍ എറണാകുളം മഹാരാജാസ് കോളേജിലെ ഭാഷാധ്യാപകനായി.
പതിനേഴുവര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. പിന്നീട് തിരുവില്വാമലയില്‍ സ്വഗൃഹത്തിലേയ്ക്ക്
താമസം മാറ്റി. 1959 ജനുവരി 16-ാ0 തീയതി (കൊ.വ. 1134 മകരം 3) കേശവന്‍ നായര്‍ മരിച്ചു.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാരതം തര്‍ജ്ജമക്കാലത്ത് തൃശൂര്‍ വച്ച് ചില ദിവസങ്ങളില്‍
തമ്പുരാന്റെ പകര്‍പെ്പഴുത്തുകാരനായി കൂടിയിട്ടുള്ള കുറ്റിപ്പുറം പരിശ്രമശീലത്തില്‍ തമ്പുരാന്റെ
എതിര്‍ധ്രുവത്തില്‍ ആയിരുന്നു. നന്നെക്കുറച്ചു കവിതകളേ അദ്ദേഹം എഴുതിയുള്ളു. ജന്മസിദ്ധമായ
വാസനാവൈഭവം വള്ളത്തോള്‍ കളരിയുടെ നിശിതമായ പരിശീലനത്താല്‍ പുഷ്ടി പ്രാപിച്ചിരുന്നു.
എങ്കിലും കേശവന്‍നായര്‍ വളരെക്കുറച്ചേ എഴുതിയുള്ളൂ. കാവ്യോപഹാരം, നവ്യോപഹാരം,
പ്രപഞ്ചം, സുഭാഷിതങ്ങള്‍, ഓണം കഴിഞ്ഞു എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകള്‍.
പ്രതിമാനാടകത്തിനും, അഭിജ്ഞാനശാകുന്തളത്തിനും അദ്ദേഹം ഓരോ വിവര്‍ത്തനങ്ങളും
തയ്യാറാക്കിയിട്ടുണ്ട്. വ്യക്തിജീവിതദുഃഖങ്ങള്‍ ഈ കാല്പനികന്റെ കവിതയില്‍ കാണാന്‍
ബുദ്ധിമുട്ടാണ്. ശിഷ്യനായ വൈലോപ്പിള്ളി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഭാസകാളിദാസന്മാരുടേയും
ഭവഭൂതിയുടേയും ഭര്‍തൃഹരിയുടെയും കാതലായി മനസ്‌സില്‍ സൂക്ഷിക്കുന്ന കവി…
ഭൗതികവ്യാപാരങ്ങളെ വിലയിരുത്തുന്ന പാകം വന്ന ഏതാണ്ട് നിര്‍മ്മമമായ അവലോകനം,
പ്രകൃതിവിലാസങ്ങളില്‍ സഹജമായ പ്രതിപത്തി, വനനീലിമകളില്‍ പ്രശാന്തിയുടെ കനികള്‍
ആസ്വദിച്ച് ചേക്കേറാനുള്ള വൈരാഗ്യത്തോടടുത്തു നില്ക്കുന്ന ഔത്സുക്യം, അതില്‍ നിന്ന്
തത്ത്വവിചാരത്തിലേയ്ക്കും ആധ്യാത്മികാന്തരീക്ഷത്തിലേയ്ക്കും ഉയര്‍ന്നു പറക്കുവാനുള്ള
ഉല്ക്കണ്ഠ, എല്‌ളാറ്റിലും ഉപരിയായി അനുഭൂതമാകുന്ന ആസ്തിക്യത്തിന്റെ അചഞ്ചലത – ഇതെല്‌ളാം
അദ്ദേഹം ഉപാസിച്ച ക്‌ളാസിക് കവികളില്‍ നിന്നും ഉള്‍ക്കൊണ്ട പ്രവണതകള്‍ മാത്രമല്‌ള… സ്വന്തം
നിരീക്ഷണങ്ങളില്‍ നിന്നും, അനുഭവങ്ങളില്‍ നിന്നും, രസികത്തത്തില്‍ നിന്നും, ഭാവനയില്‍
നിന്നും, മനോരാജ്യങ്ങളില്‍ നിന്നും താനുള്‍പെ്പട്ട കൃഷീവലവര്‍ഗ്ഗത്തിന്റെ
സഹജാവബോധത്തില്‍നിന്നും ഉരുത്തിരിഞ്ഞവയാണ്. ഇവിടെ പ്രകൃതി സജീവ ദേവതാ സാന്നി
ധ്യമാണ്. കുറ്റിപ്പുറത്തിന്റെ പ്രസിദ്ധകവിതയുടെ പേര്, ആ കാവ്യപ്രപഞ്ചത്തിനും ചേരും –
ഗ്രാമീണകന്യക.