സാമൂഹികശാസ്ത്രവിഷയങ്ങളില്‍ താരതമ്യേന പുതിയ വിഷയമാണ് ഫോക്ലോര് അഥവാ'നാട്ടറിവ്'. ഫോക്ലോര് എന്ന ഇംഗ്ലീഷ് പദത്തിന് നാടോടീവിജ്ഞാനീയം, നാട്ടറിവ് എന്നീ അര്‍ത്ഥങ്ങള്‍ മലയാളത്തിലുണ്ട്. ഫോക്ള്, ലോര്‍ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അര്‍ത്ഥത്തിലാണ് ഫോക്ള് എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോര്‍ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നരവംശശാസ്ത്രജ്ഞനായ അലന് ഡന്‍ഡിസാണ് ഫോക്ലോറിനെ വ്യതിരിക്ത വ്യക്തിത്വമുള്ള വിജ്ഞാനശാഖയായി വളര്‍ത്തിയെടുത്തത്.
തദ്ദേശീയമായ അറിവ് അല്ലെങ്കില്‍ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാര്‍ സ്വായത്തമാക്കിയത്.
ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങള്‍, വാങ്മയരൂപങ്ങള്‍ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവന്‍ നാട്ടറിവില്‍ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്.ആധുനിക കലാരൂപങ്ങളും സാഹിത്യവും ഉല്‍പ്പാദനരീതികളും ചികിത്സയുമെല്ലാം പുതിയ തലങ്ങളിലേക്ക് വികസിച്ചത് നാട്ടറിവില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ്. ആദിവാസികളുടെ അറിവിനെ ഉപയോഗപ്പെടുത്തി പല ആധുനിക മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ പല ചലച്ചിത്ര ഗാനങ്ങളുടേയും സംഗീതത്തിന്റെ വേരുകള്‍ നാട്ടുസംഗീതത്തിലാണ്.ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. ഫോക്ലോര് എന്ന വിജ്ഞാനശാഖയുടെ ഉപവിഷയമെന്ന നിലയിലാണ് നാട്ടറിവിനെ പരിഗണിക്കുന്നത്.