Keralaliterature.com

നിഴല്‍ക്കുത്തുപാട്ട്

    കൊല്ലവര്‍ഷം 300 മുതല്‍ കേരളത്തില്‍ പ്രചാരമുള്ള ഒരു ആഭിചാരക്രിയയാണ് നിഴല്‍ക്കുത്ത്. വേലസമുദായത്തില്‍ പെട്ട മന്ത്രവാദികള്‍ അനുഷ്ഠിച്ചുവന്നിരുന്ന ഈ മന്ത്രവാദാചാരം അത്യന്തം അപകടകരവും മരണസാദ്ധ്യതയുള്ളതുമാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ടായിരുന്ന ഒടിയന്‍, മാട്ട് തുടങ്ങിയ മന്ത്രവാദക്രിയകള്‍ക്കു് സമാനമാണ് നിഴല്‍ക്കുത്തും. ഇരയുടെ നിഴലിനെ ലക്ഷ്യമാക്കി മന്ത്രം ചൊല്ലിയ അമ്പെയ്തു് ഇരയെത്തന്നെ കൊല്ലുക എന്ന സങ്കല്‍പ്പമാണ് ഈ ക്രിയയുടെ മൂലതത്വം.
    മഹാഭാരതത്തിലെ ഒരു ഉപകഥ അടിസ്ഥാനമാക്കിയാണ് നിഴല്‍ക്കുത്ത് എന്ന പേരു പ്രയോഗത്തിലായതെന്നു കരുതപ്പെടുന്നു. ഒരിക്കല്‍ ദുര്യോധനന്‍ ഒരു വേലനെക്കൊണ്ട് പാണ്ഡവന്മാരുടെ നിഴലിനെ ലക്ഷ്യമാക്കി അമ്പെയ്യിക്കുകയും അതുവഴി പാണ്ഡവന്മാരെ ഒന്നടങ്കം വധിക്കുകയും ചെയ്തുവത്രേ. ഇതറിഞ്ഞുവന്ന വേലത്തി എതിര്‍മന്ത്രം ചൊല്ലി പാണ്ഡവരെ പുനര്‍ജ്ജീവിപ്പിച്ചു എന്നാണു് കഥ.
    നിഴല്‍ക്കുത്തിനോടനുബന്ധിച്ച് 'ചാറ്റാന്‍'(മന്ത്രോച്ചാരണം നടത്താന്‍) ഉപയോഗിച്ചിരുന്ന പ്രത്യേക പാട്ടുകളാണ് നിഴല്‍ക്കുത്തുപാട്ടുകള്‍ എന്നറിയപ്പെടുന്നത്. വേലര്‍, പാണര്‍, പുള്ളുവര്‍ എന്നിങ്ങനെ പല വര്‍ഗ്ഗക്കാരും കേരളത്തിലെ പുരാതന സാമൂഹ്യക്രമത്തിലെ സജീവ ഘടകങ്ങളായിരുന്നു. ശത്രുദോഷം ഒഴിവാക്കാനുള്ള വേലന്‍ പ്രവൃത്തിയാണ് നിഴല്‍ക്കുത്ത്. സര്‍പ്പദോഷം പോക്കാനുള്ള പുള്ളുവന്‍പാട്ട് മറ്റൊന്നാണ്. 'ഭൂഷണങ്ങളെ എന്തു ചെയ്വ്തിതെന്നുടന്‍ ദുരിയോധനന്‍ ദൂരെ നിന്നൊരു ശകുനിയോടു വിളിച്ചു മെല്ലെ പറഞ്ഞുടന്‍…' എന്നാണ് മിക്കവാറും നിഴല്‍ക്കുത്തുപാട്ടുകള്‍ തുടങ്ങുന്നത്. കരുണരസ പ്രധാനങ്ങളാണ് ഇത്തരം പാട്ടുകള്‍. വേലര്‍പാട്ട് എന്നും കുറവര്‍പാട്ട് എന്നും ചിലയിടങ്ങളില്‍ ഇത് അറിയപ്പെടുന്നു.നിഴല്‍ക്കുത്തുപാട്ടുകളെല്ലാം മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. മൂല മഹാഭാരതകഥയില്‍ നിന്നും കുറേയൊക്കെ വ്യത്യാസമുണ്ട്.
പ്രാക്തനകാലത്ത് കര്‍ശനമായ അനുഷ്ഠാനാംശമായി, ചാറ്റുപാട്ടുകള്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന നിഴല്‍ക്കുത്തുപാട്ടുകള്‍ ക്രമേണ പ്രാചീനനാടന്‍പാട്ടുസാഹിത്യത്തിന്റെ ഭാഗമായി. വേലന്‍പാട്ടില്‍, പിണി ബാധിച്ച സ്ത്രീയുടെ ദോഷം തീര്‍ന്നുകിട്ടാന്‍ ഇലഞ്ഞിത്തോല്‍ ഉഴിഞ്ഞുകൊണ്ട് വേലന്‍ പാടുന്ന പാട്ടുകളില്‍ ഒന്ന് ഇപ്രകാരമാണ്:    

'അരിയാണേ പിണിയരം വരിക
അരിയാണേ പിണിയരം വരിക.
…….. ……… ….
…… …………….
പൂവണിഞ്ഞ തിരുമുടിമേലും
തോലുഴിഞ്ഞു പിണി തീര്‍ന്നൊഴിക.
പൊന്‍നിറമാമണി നുതല്‍മേലും
തോലുഴിഞ്ഞു പിണി തീര്‍ന്നൊഴിക.
കണ്ണാടിക്കവിളതിന്‍മേലും
തോലുഴിഞ്ഞു പിണി തീര്‍ന്നൊഴിക.
കയല്‍നികരൊത്ത കണ്ണിണമേലും
തോലുഴിഞ്ഞു പിണി തീര്‍ന്നൊഴിക.'

Exit mobile version