Keralaliterature.com

പതിനെട്ടരക്കവികള്‍

    പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഡിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികള്‍ 'പതിനെട്ടരകവികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികള്‍ എന്ന അര്‍ത്ഥത്തിലുള്ള പതിനെട്ടു അരചകവികള്‍ ആണ് പതിനെട്ടരക്കവികള്‍ എന്നായത്. 'അരച' ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചു. അരയാല്‍, അരമന, പതിനെട്ടരത്തളികകള്‍, ഏഴരപ്പള്ളികള്‍, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങള്‍. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേര്‍ന്നതാണ് പതിനെട്ടരക്കവികള്‍ എന്ന ഒരു വാദമുണ്ട്. പത്തൊന്‍പാതമത്തെ അംഗം രാജാവാണെന്നും അരചന്‍ എന്നതില്‍ നിന്നാണ് അര എന്നതുണ്ടായതെന്നും മറ്റൊരുവാദമുണ്ട്. പുനം നമ്പൂതിരിയാണ് 'അരക്കവി' എന്നു പ്രശസ്തനായത്. ഭാഷാകവികളെ മനഃപൂര്‍വ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്‌കൃതകവികള്‍ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് ചിലരുടെ പക്ഷം. ഇവരില്‍ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയില്‍ തളി ക്ഷേത്രത്തില്‍ നടന്നിരുന്ന രേവതി പട്ടത്താനത്തില്‍ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഇതില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടില്‍ നിന്നുള്ളവര്‍ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂര്‍ പട്ടേരിമാര്‍ (8 പേര്‍), തിരുവേഗപ്പുറ നമ്പൂതിരിമാര്‍ (5 പേര്‍), മുല്ലപ്പളളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികള്‍, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികള്‍. പയ്യൂര്‍ ഭട്ടതിരിമാര്‍  എട്ട് പേരാണ്.ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരില്‍ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങള്‍ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂര്‍ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരന്‍ എന്ന മകനും മീമാംസയില്‍ മികച്ച പണ്ഡിതനായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹര്‍ഷികള്‍ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികള്‍ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളില്‍ കാളിദാസനോടും അധ്യാപനത്തില്‍ കല്പവൃക്ഷത്തോടും പ്രഭാവത്തില്‍ ശിവനോടും തുലനം ചെയ്തിരുന്നു.
    തിരുവേഗപ്പുറ നമ്പൂതിരിമാര്‍  അഞ്ചുപേരാണ്.കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണന്‍, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സ്, അഷ്ടമൂര്‍ത്തി, പിന്നെ അപ്ഫന്‍ നമ്പൂതിരിമാരായ രാമനും, ഉദയനും.
മുല്ലപ്പള്ളി ഭട്ടതിരിയെക്കൂടാതെ ചേന്നാസ് നമ്പൂതിരിപ്പാട്.താന്ത്രിക കര്‍മ്മങ്ങള്‍, ശില്പശാസ്ത്രം, വിഗ്രഹ നിര്‍മ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കര്‍ത്താവാണ്.
കാക്കശ്ശേരി ഭട്ടതിരി ദാമോദര ഭട്ടന്‍ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യസന്ദര്‍ഭത്തില്‍ പട്ടത്താന സദസ്സില്‍ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളില്‍ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു.
    ഉദ്ദണ്ഡശാസ്ത്രികള്‍ കര്‍ണ്ണാടകത്തിലെ (അന്നത്തെ മൈസൂര്‍) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാര്‍ഷിക പട്ടത്താനത്തില്‍ പങ്കെടുത്ത് അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ് പ്രശസ്തമായ രചനകള്‍. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.
    പൂനം നമ്പൂതിരി മലയാളഭാഷയിലാണ് കൃതികള്‍ മുഴുവനും രചിച്ചിരുന്നത്.പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലര്‍ അവകാശപ്പെടുന്നു.

Exit mobile version