വേദാംഗാദി ശാസ്ത്രഗ്രന്ഥങ്ങളിലെ വിഷയങ്ങളെ പ്രത്യേകം എടുത്ത് വിചിന്തനം ചെയ്യുന്നതാണ് പ്രകരണഗ്രന്ഥങ്ങള്‍. 'ശാസ്ത്രൈകദേശസംബദ്ധം ശാസ്ത്രകാര്യാന്തരേ സ്ഥിതം ആഹുഃ പ്രകരണം നാമ ഗ്രന്ഥഭേദം വിപസ്തിതഃ' എന്നാണ് വിഷ്ണുധര്‍മ്മോത്തരപുരാണം നല്കുന്ന നിര്‍വ്വചനം. ശാസ്ത്രത്തോട് ഒരംശത്തില്‍ ബന്ധപ്പെട്ടതും ശാസ്ത്രത്തിലുപരി കാര്യമുള്ളതുമായ ഗ്രന്ഥങ്ങളാണിവ. ശാസ്ത്രത്തിലെ കാര്യങ്ങളുടെ സ്പഷ്ടീകരണം, വിശദീകരണം എന്നിവയാണ് ഇത് നിര്‍വ്വഹിക്കുന്നത്.
വേദാന്തഗ്രന്ഥങ്ങളെയാണ് പൊതുവേ പ്രകരണം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ബ്രഹ്മജ്ഞാനത്തെ സംബന്ധിച്ച വീക്ഷണങ്ങളാണ് പ്രതിപാദ്യം. ദാര്ശനികസംജ്ഞകള്ക്കുള്ള വ്യാഖ്യാനങ്ങളാണ് മിക്കവയുടെയും ഉള്ളടക്കം. പ്രകരണങ്ങള്‍ പദ്യത്തിലും ഗദ്യത്തിലും ഉണ്ട്. ചില പ്രകരണങ്ങള്‍ സ്തോത്രരൂപത്തിലാണ്. ശങ്കരാചാര്യരുടെ പ്രകരണങ്ങളാണ് പ്രകരണഗ്രന്ഥങ്ങളില്‍ മുഖ്യം. വിവേകചൂഡാമണി, ഉപദേശസാഹസ്രി, മനീഷാപഞ്ചകം, ആത്മബോധ, ദശശ്ലോകി, ശതശ്ലോകി, വാക്യവൃത്തി, തത്ത്വബോധ തുടങ്ങി നിരവധി പ്രകരണങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മാധ്വന്റെ ദശപ്രകരണങ്ങളും പ്രസിദ്ധമാണ്. വാല്മീകി രചിച്ച പ്രകരണഗ്രന്ഥമാണ് ബൃഹദ്യോഗവാസിഷ്ഠം. പ്രകരണഗ്രന്ഥം നാലു ഘടകങ്ങളാല്‍ സംശോധിക്കപ്പെട്ടിരിക്കണം. അനുബന്ധചതുഷ്ടയം എന്ന് ഇവ അറിയപ്പെടുന്നു.
അധികാരി: പഠനത്തിന് യോഗ്യനായ വ്യക്തിയാണ് അധികാരി. അധികാരിയാരെന്ന് നിര്ണ്ണയിക്കപ്പെട്ടിരിക്കണം. ഗ്രന്ഥാരംഭത്തില്‍ ആരെയൊക്കെ ഉദ്ദേശിച്ചാണ് ഗ്രന്ഥം രചിച്ചിട്ടുള്ളതെന്ന് പ്രകരണഗ്രന്ഥങ്ങളില്‍ സൂചന ഉണ്ടായിരിക്കും.
വിഷയം: പ്രതിപാദ്യമെന്താണെന്നുള്ള നിശ്ചയം ഉണ്ടായിരിക്കണം.
സംബന്ധം: പ്രതിപാദ്യവും പ്രകരണവും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കണം.
പ്രയോജനം: പ്രകരണംകൊണ്ട് പ്രയോജനമുണ്ടായിരിക്കണം.