Keralaliterature.com

മലയാളം വിക്കിപീഡിയ

    സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവു പങ്കുവയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2002 ഡിസംബര്‍ 21ന് അക്കാലത്ത് അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആര്‍.എല്‍ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷേ അതിനു മുന്‍പ് പരീക്ഷണരൂപത്തിലുള്ള വിക്കിയായ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു. പക്ഷെ സ്വന്തം ഡൊമൈന്‍ മലയാളത്തിനു ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കി സമൂഹവും ഇല്ലായിരുന്നു. 2002 ഡിസംബര്‍ 21 തൊട്ടാണ് ഇപ്പോഴുള്ള വെബ്ബ് വിലാസത്തില്‍ മലയാളം വിക്കിപീഡിയ ആരംഭിച്ചത്. അതിനാല്‍ ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബര്‍ 21 എന്ന് പറയാം. http://ml.wikipedia.org/ എന്ന വിലാസത്തിലെക്ക് മാറിയശേഷം രണ്ടു വര്‍ഷത്തോളം മലയാളം വിക്കിപീഡിയയെ സജീവമായി നിലനിര്‍ത്താന്‍ പ്രയത്‌നിച്ചത് വിനോദ് ആയിരുന്നു. കുറേക്കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. വിവിധ മലയാളി ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും, ചര്‍ച്ചാവേദികളിലും മലയാളം ശരിയായി വായിക്കാനും എഴുതാനുമുള്ള സഹായങ്ങള്‍ തേടി അദ്ദേഹം എഴുതിയ കുറിപ്പുകള്‍ കാണുന്നുണ്ട്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

മലയാളം യൂണിക്കോഡും വിക്കീപീഡിയയും

    മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളില്‍ ആദ്യമൊന്നും പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയില്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കാന്‍ പ്രസ്തുത ലേഖനം എഴുതിയ ആള്‍ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടര്‍ വ്യവസ്ഥയും തന്നെ ഉപയോഗിക്കണമായിരുന്നു. യുണികോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥ വന്നതോടെ മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. മലയാളം യൂണിക്കോഡ് സാര്‍വത്രികമായി ഉപയോഗിക്കുവാന്‍ തുടങ്ങിയതോടെയാണ് മലയാളം വിക്കിപീഡിയ സജീവമായത്.
പക്ഷേ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002ല്‍ തുടങ്ങിയിട്ടും 2006 വരെ മലയാളം വിക്കിയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തുസാമഗ്രികള്‍ സജീവമായിത്തുടങ്ങി. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേര്‍ വിക്കിപീഡിയയിലും സ്ഥിരമായി എഴുതിത്തുടങ്ങി. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില്‍ നൂറെണ്ണം പോലും തികഞ്ഞിരുന്നില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയില്‍ നൂറുലേഖനങ്ങള്‍ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങള്‍ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കി. ലേഖനങ്ങള്‍ വിഷയാനുസൃതമായി ക്രമീകരിച്ചു. 2005 സെപ്റ്റംബറില്‍ ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാള്‍ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളില്‍ മലയാളം വിക്കി ഏകദേശം സ്വയം പര്യാപ്തമായി.
    മലയാളം വിക്കിപീഡിയ 2007ല്‍ ഉപയോഗിച്ചിരുന്ന സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 6 ബ്രൗസറില്‍ മലയാളികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തിലും മറുനാടുകളിലും ഉള്ള അനേകര്‍ മലയാളത്തില്‍ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായാസം പഠിച്ചെടുത്ത ഇവരില്‍ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. അങ്ങനെ ഏതാനും സജീവപ്രവര്‍ത്തകര്‍ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രില്‍ 10ന് മലയാളം വിക്കിയില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000വും, നവംബറില്‍ 1500ഉം ആയി ഉയര്‍ന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007 ജനുവരി 15നു ലേഖനങ്ങളുടെ എണ്ണം 2000ഉം, ജൂണ്‍ 30ന് 3000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ലും മലയാളം വിക്കിപീഡിയ പിന്നിട്ടു. 2015 സെപ്റ്റംബര്‍ 6ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 40,000 പിന്നിട്ടു. നിലവില്‍ മലയാളം വിക്കിയില്‍ 41,342 ലേഖനങ്ങള്‍ ഉണ്ട്.

വിക്കിയില്‍ മലയാളം എഴുതാന്‍
    തുടക്കത്തില്‍ വരമൊഴി എന്ന പ്രോഗ്രാം ആണ് മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം ടൈപ്പ് ചെയ്യാന്‍ വ്യാപകമായി ഉപയോഗിച്ചത്. മലയാളം അക്ഷരങ്ങളുടെ മൊഴി സ്‌കീമിലുള്ള വിവിധ കീകോംബിനേഷന്‍ പഠിച്ചെടുക്കുന്നതോടെ അതേ കീകോമ്പിനേഷന്‍ ഉപയോഗിക്കുന്ന വേറെ ഉപാധികളും ഉപയോഗിക്കാം എന്നായി. അങ്ങനെ ബ്രൗസറിലേക്ക് നേരിട്ടു മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ടൂള്‍ ആയ കീമാന്‍ എന്ന പ്രോഗ്രാം ഉപയോഗിക്കാന്‍ തുടങ്ങി. ഭൂരിപക്ഷം പേരും മൊഴി വ്യവസ്ഥയിലുള്ള ലിപിമാറ്റ സാമഗ്രി ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്. എഴുതേണ്ട മലയാളവാക്കുകള്‍ക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം (Transliteration) എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി മൊഴി എന്ന വ്യവസ്ഥയാണ്. 1998 മുതല്‍ പ്രചാരത്തിലുള്ള മൊഴിയില്‍ മലയാളികള്‍ പൊതുവായി ഉപയോഗിക്കുന്ന മംഗ്ലീഷ് കീ കോമ്പിനേഷന്‍ തന്നെയാണ് ഓരോ മലയാള അക്ഷരത്തിനും ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന ലിപിമാറ്റ രീതി സ്വനലേഖ ആണ്.
    ബാഹ്യ ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ വിക്കിയില്‍ നേരിട്ട് മലയാളം ടൈപ്പു ചെയ്യാവുന്ന ഇന്‍ബില്‍റ്റ് ടൂള്‍ മലയാളം വിക്കിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതുപയോഗിച്ച് ലിപിമാറ്റ രീതിയിലും ഇന്‍സ്‌ക്രിപ്റ്റ് രീതിയിലും മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുന്നതാണ്.

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത് ഒരു ലേഖനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. കൂടുതല്‍ കണ്ണുകള്‍ കാണുകയും തിരുത്തുകയുംചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു. ഉദാഹരണത്തിന് ഒറ്റവരി ലേഖനത്തെ മറ്റ് ഉപയോക്താക്കള്‍ വന്ന് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് വലുതാക്കുന്നു. ചാലക്കുടി എന്ന ലേഖനം ഇരുപതോളം പേര്‍ ചേര്‍ന്ന് 70 തവണ വെട്ടിയും തിരുത്തിയും വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തും എഴുതിയതാണ്. ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയില്‍ ചെറുതും വലുതുമായി 41,342ല്‍ ഏറെ ലേഖനങ്ങള്‍ ഉണ്ട്. എല്ലാ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ ചേര്‍ക്കപ്പെടുന്നു. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങള്‍ ആണ്. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയര്‍ തന്നെയാണ് സംഭാവന ചെയ്യുക.
    ഒരു വിജ്ഞാനകോശമെന്ന നിലയില്‍ വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അതിനു കൈവരിക്കാവുന്ന വ്യാപ്തിയാണ്. ഒരു പേപ്പര്‍ വിജ്ഞാനകോശത്തിന് അതിന്റെ വലിപ്പത്തില്‍ നിയന്ത്രണം പാലിക്കേണ്ടതിനാല്‍ ഉള്‍ക്കൊള്ളിക്കാനുള്ളതിലേറെ ഒഴിവാക്കാനുള്ള വിഷയങ്ങളായിരിക്കും ഉണ്ടാവുക. ഇവിടെയാണ് വിക്കിപീഡിയ വ്യത്യസ്തമാകുന്നത്. ഓണ്‍ലൈന്‍ വിജ്ഞാനകോശമായതിനാല്‍ വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. ഒരുദാഹരണമെടുത്താല്‍, മലയാളത്തില്‍ പ്രസിദ്ധീകൃതമായ ചെറുതും വലുതുമായ വിജ്ഞാനകോശങ്ങളിലൊന്നും ഒരുപക്ഷേ കുട്ടിയും കോലും എന്ന കളിയെക്കുറിച്ച് ഒരു ലേഖനം കാണില്ല. മലയാളം വിക്കിപീഡിയയില്‍ ഏറ്റവും താല്പര്യത്തോടെ തിരുത്തപ്പെടുന്ന ലേഖനങ്ങളിലൊന്നാണിത്.

മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങള്‍

    വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെത്തുടര്‍ന്ന് വിക്കിമീഡിയ ഫൗണ്ടേഷന്‍ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്ഷ്ണറി, പഠനസഹായികളും മറ്റും ചേര്‍ക്കുന്ന വിക്കിബുക്ക്‌സ്, സിറ്റിസണ്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകര്‍പ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്‌സ്, ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന വിക്കിവാഴ്‌സിറ്റി, ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്‌സ്, യാത്രികര്‍ക്കുളള് വഴികാട്ടിയായ വിക്കിട്രാവല്‍സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങള്‍ വിക്കിപീഡിയയ്ക്കുണ്ട്. ഇതില്‍ വിക്കിസോഴ്‌സ് മലയാളത്തില്‍ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്‌സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്‌സ് വിക്കിചൊല്ലുകള്‍ എന്ന പേരിലും പ്രവര്‍ത്തിക്കുന്നു.
    സൗജന്യ ബഹുഭാഷാ നിഘണ്ടു തയാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവില്‍ നടക്കുന്നുണ്ട്. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അന്യഭാഷാ പദങ്ങളും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും ചുവടെ:

    വിക്കിഗ്രന്ഥശാല  http://ml.wikisource.org
    വിക്കിപാഠശാല  http://ml.wikibooks.org
    വിക്കിനിഘണ്ടു  http://ml.wiktionary.org
    വിക്കിചൊല്ലുകള്‍  http://ml.wikiquote.org

Exit mobile version