Keralaliterature.com

മലയാളഭാഷാചരിത്രം

ദ്രാവിഡഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ആധുനികഭാഷയാണ് മലയാളം. എ.ഡി ഒന്‍പതാം ശതകത്തിലാണ് മലയാള ഭാഷ തമിഴിന്റെയോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ടത് എന്നാണ് നിഗമനം. മലയാളഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവര്‍ത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനമാണ്-എ.ഡി. 829. അതേ നൂറ്റാണ്ടില്‍ തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിന്റെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. പന്ത്രണ്ടാം ശതകത്തില്‍ ചീരാമന്‍ എഴുതിയ ‘രാമചരിതം’ ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതി. എന്നാല്‍, പതിനൊന്നാം ശതകത്തില്‍ തോലന്‍ രചിച്ചതായി കരുതുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങള്‍ കാണാം.

മലയാള ഭാഷയുടെ ഉല്പത്തി സിദ്ധാന്തങ്ങള്‍

ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങള്‍ ഇവയാണ്: ഉപഭാഷാവാദം, പൂര്‍വതമിഴ് മലയാള വാദം, മിശ്രഭാഷാവാദം, സ്വതന്ത്രഭാഷാവാദം, സംസ്‌കൃതജന്യ വാദം

ഉപഭാഷാവാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിലൊന്നാണ് ‘ഉപഭാഷാവാദം’. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയവര്‍ ഇക്കാര്യം ആനുഷംഗികമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും കാള്‍ഡ്വല്‍ ആണ് ഗവേഷണരൂപത്തില്‍ ആദ്യമായി ഈ വാദം ഉന്നയിച്ചത്.

പൂര്‍വതമിഴ് മലയാള വാദം

പൂര്‍വ്വദ്രാവിഡഭാഷയില്‍ നിന്ന് കന്നഡവും തെലുങ്കും വേര്‍പിരിഞ്ഞതിനുശേഷം പൂര്‍വ തമിഴ്മലയാളം എന്ന ഒരു പൊതു ഭാഷാകാലഘട്ടം ഉണ്ടായിരുന്നുവെന്നതാണ് ഈ സിദ്ധാന്തം. ഇതുന്നയിച്ച പ്രമുഖര്‍ എല്‍.വി. രാമസ്വാമി അയ്യര്‍, കാമില്‍ സ്വലബില്‍, എസ്.വി. ഷണ്മുഖം മുതലായവരാണ്.

മിശ്രഭാഷാവാദം

ചെന്തമിഴില്‍ സംസ്‌കൃതം കലര്‍ന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിള്ളയാണ് സൈദ്ധാന്തികന്‍.

സ്വതന്ത്രഭാഷാവാദം

തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതിപ്രാചീനകാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് ഇതിന്റെ വക്താക്കള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. പൂര്‍വദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂര്‍ കൃഷ്ണപിഷാരടി, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, സി.എല്‍. ആന്റണി, ഡോ. കെ. ഗോദവര്‍മ്മ, ഡോ. കെ.എം. ജോര്‍ജ്, മുതലായ ഭാഷാപണ്ഡിതന്‍മാര്‍ കണക്കാക്കുന്നത്.

സംസ്‌കൃതജന്യവാദം

സംസ്‌കൃതപ്രഭവവാദികളുടെ അഭിപ്രായത്തില്‍ സംസ്‌കൃതമാണ് മലയാളത്തിന്റെ മൂലഭാഷ. സംസ്‌കൃതം ദേവഭാഷയാകയാല്‍ മലയാളമടക്കമുള്ള ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നാണ് ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്‌കൃത പണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങള്‍ സംസ്‌കൃതപദങ്ങളോ സംസ്‌കൃതജന്യപദങ്ങളോ ആണ് എന്നതാണ് കാരണം.

ഭാഷാപുരോഗതി പന്ത്രണ്ടാം നൂറ്റാണ്ട് വരെ

ദക്ഷിണേന്ത്യയുടെ തെക്കേഭാഗം ആദികാലം മുതല്‍ക്കേ ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായിരുന്നു. ഈ രാജവംശങ്ങള്‍ ‘മൂവേന്തന്മാര്‍’ എന്നാണ് സംഘസാഹിത്യത്തില്‍ അറിയപ്പെടുന്നത്.   ഈ രാജവംശങ്ങള്‍ പരസ്പരം കലഹിച്ചിരുന്നു. അന്യോനം മേല്‍ക്കോയ്മ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണമായിരുന്നു. ഇക്കാരണത്താല്‍ എല്ലാ തമിഴ്‌നാട്ടുകാര്‍ക്കും പരസ്പരസംസര്‍ഗ്ഗം ആവശ്യമായിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നീ പ്രധാന തമിഴ് കൃതികള്‍ കേരളദേശത്തില്‍ ഉണ്ടായതാണ്. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാര്‍ ഭരിച്ചിരുന്നു. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താല്‍ ചില വംശങ്ങള്‍ ക്ഷയിച്ചു. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിച്ചു. തമിഴ്‌നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം കേരളീയര്‍ക്ക് ഇല്ലാതായി. ദുര്‍ഘടമായ കിഴക്കന്‍ മലകള്‍ താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂര്‍വ്വവുമായി. ഭാഷാപരമായി ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനു ഈ അകല്‍ച്ച കാരണമായി എന്നു കരുതുന്നവരുണ്ട്.

പദ്യഭാഷയും ഗദ്യഭാഷയും

മലയാളഭാഷയുടെ വളര്‍ച്ചയെ സാഹിത്യചരിത്രകാരന്‍മാര്‍ പ്രധാനമായി മൂന്ന് ശാഖകളായാണ് തിരിച്ചിട്ടുള്ളത്. 1) പാട്ടു ഭാഷ 2) മണിപ്രവാള ഭാഷ 3) ഗദ്യഭാഷ. ഗദ്യഭാഷക്കു തന്നെ ശാസനഗദ്യം എന്നും നമ്പ്യാന്തമിഴ് എന്നും പല തരംതിരിവുകളുണ്ട്.

Exit mobile version