Keralaliterature.com

മൂലദ്രാവിഡഭാഷ

ദ്രാവിഡഗോത്രത്തില്‍പെട്ട ഭാഷകള്‍ക്കുണ്ടായിരുന്ന പൊതുപൂര്‍വിക ഭാഷയാണ് മൂലദ്രാവിഡഭാഷ. പുരാതനകാലത്ത് ദക്ഷിണേന്ത്യയില്‍ പൊതുവെ സംസാരിച്ചുവന്ന ഭാഷയാണിത്. മലയാളം തമിഴിന്റെ ഉപശാഖയാണെന്ന കാല്‍ഡ്വലിന്റെ വാദത്തെ ചോദ്യം ചെയ്തു ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് ഒരേ അംഗത്തിന്റെ രണ്ട് ഉപശാഖകളാണ് മലയാളവും തമിഴും എന്ന് അഭിപ്രായപ്പെട്ടത്. ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ കാരണങ്ങള്‍ കൊണ്ട് ഇന്നു കാണുന്ന ദ്രാവിഡഭാഷകളായി മാറി. പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ലീലാതിലകത്തിലും മറ്റും തമിഴ് എന്ന് ഭാഷയെ വിളിക്കുന്നത് മൂലദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖ എന്ന അര്‍ത്ഥത്തിലാണ്. മൂലദ്രാവിഡഭാഷയുടെ പൂര്‍വരൂപങ്ങളില്‍ പലതും ഇന്നും മലയാളത്തില്‍ കാണാന്‍ കഴിയും. തമിഴില്‍ ഐകാരം (ഉദാ: മലൈ) ചേര്‍ക്കുന്ന സ്ഥലത്ത് മലയാളത്തില്‍ എകാരമാണ് (ഉദാ: മല) ചേര്‍ക്കുന്നത്. മലയാളത്തില്‍ ക്രിയാപദത്തോടൊപ്പം ലിംഗവചനപ്രത്യയങ്ങള്‍ ചേര്‍ക്കാറില്ല. ഇതും മൂലദ്രാവിഡഭാഷയുടെ സവിശേഷതയാണ്.

Exit mobile version