പ്രാചീനമായ ഒരു സാഹിത്യ വിനോദമാണ് അക്ഷരശ്ലോകം. മലയാളഭാഷയില്‍ മാത്രമാണ് ഇതുള്ളത്. ഹിന്ദിയിലെ അന്താക്ഷരി ഏതാണ്ടിതുപോലെയാണെങ്കിലും സാഹിത്യഗുണവും സംസ്‌കാരഗുണവും അക്ഷരശ്ലോകത്തിനാണ്. സംസ്‌കൃത വൃത്തങ്ങളിലുള്ള ശ്ലോകങ്ങളാണ് ചൊല്ലാറുള്ളത്. മത്സരമായും സദസ്സായും നിശയായും ഇതു നടത്തുന്നു. ആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ട് അടുത്തയാള്‍ ശ്ലോകം തുടങ്ങണം എന്നതാണ് നിബന്ധന. വൃത്ത നിബന്ധനയുള്ള സദസ്സുകളും എകാക്ഷര സദസ്സുകളും ഉണ്ട്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ശ്ലോകങ്ങള്‍ സ്വീകാര്യമല്ല. അക്ഷരം കിട്ടിയശേഷം അതിനൊപ്പിച്ച് നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലാം. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊച്ചുണ്ണി തമ്പുരാന്‍ മുതലായവര്‍ക്ക് ഇങ്ങനെ ചൊല്ലാന്‍ കഴിയുമായിരുന്നു.
ഋ ഖ ഘ ങ ഛ ഝ ട ഠ ഡ ഢ ണ ഥ ഷ ള ഴ റ എന്നീ അക്ഷരങ്ങള്‍ വര്‍ജ്യമാണ്. ഞ ഫ എന്നീ അക്ഷരങ്ങള്‍ ചില സ്ഥലങ്ങളില്‍ സ്വീകാര്യവും ചില സ്ഥലങ്ങളില്‍ വര്‍ജ്യവുമാണ്. വര്‍ജ്യാക്ഷരം കിട്ടിയാല്‍ അതിനുശേഷം ആദ്യം കാണുന്ന സ്വീകാര്യ അക്ഷരത്തില്‍ ശ്ലോകം ചൊല്ലണം. മൂന്നു പ്രാവശ്യം ശ്ലോകം ചൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരത്തില്‍ നിന്നു പുറത്താകും. ഏകാക്ഷരമത്സരങ്ങളില്‍ ഒരു ചാന്‍സ് വിട്ടാല്‍ പുറത്താകും. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കുന്നതിനെ 'അച്ചുമൂളല്‍' എന്നു പറയുന്നു. അച്ചുമൂളാതെ അവസാനം വരെ ചൊല്ലുന്ന ആളാണ് ജയിക്കുക. മാര്‍ക്കു കൂടുതല്‍ കിട്ടുന്നവരാണ് ജയിക്കുക. ഒരേ അക്ഷരം തന്നെ വീണ്ടും വീണ്ടും കൊടുത്തു പിന്‍ഗാമിയെ തോല്പിക്കുന്ന രീതി പണ്ട് പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതു പറ്റില്ല.