കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവര്‍ഷം. മലയാള വര്‍ഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825 ആണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗരവര്‍ഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിര്‍ണ്ണയം ചെയ്തപ്പോള്‍, കൊല്ലവര്‍ഷപ്പഞ്ചാംഗം സൗരവര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മയാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന് വിശ്വസിക്കുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് കൊല്ലവര്‍ഷമാസങ്ങള്‍.
പണ്ട് ഭാരതത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയാണ് സപ്തര്‍ഷി വര്‍ഷം. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോള്‍ ഇവിടെയെത്തിയ കച്ചവടക്കാര്‍ അവര്‍ക്ക് പരിചിതമായിരുന്ന സപ്തര്‍ഷിവര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേര്‍ത്ത് ഉപയോഗിച്ചു. സപ്തര്‍ഷിവര്‍ഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. തദ്ദേശീയ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട് ഇവ രണ്ടും ചേര്‍ത്ത് പുതിയൊരു കാലഗണനാരീതി ഉണ്ടാക്കി. ഓരോ നൂറുവര്‍ഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതല്‍ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തര്‍ഷിവര്‍ഷത്തിനുണ്ടായിരുന്നത്. ക്രി.മു.76ല്‍ തുടങ്ങിയ സപ്തര്‍ഷിവര്‍ഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത് ക്രി.പി. 825ല്‍ ആണ്. ആ സമയം നോക്കി വ്യാപാരികള്‍ പുതിയ സമ്പ്രദായം തുടങ്ങി.
കൊല്ലവും വര്‍ഷവും ഒരേ അര്‍ത്ഥമുള്ള വാക്കുകളാണ് എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവര്‍ഷം ഉണ്ടായിരിക്കുന്നത്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന് മറ്റുചിലര്‍ വാദിക്കുന്നു ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മുന്നോട്ടുവച്ച മറ്റൊരു വാദം അനുസരിച്ച, തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് കൊല്ല വര്‍ഷം ആരംഭിച്ചത്.
മാസങ്ങള്‍
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യന്‍ അതത് രാശിയില്‍ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നാണ് സങ്കല്പം. തുടക്കകാലത്ത് മേടമാസത്തിലായിരുന്നു വര്‍ഷാരംഭം. ഇന്നത് ചിങ്ങമാസത്തിലാണ്. ഗ്രിഗോറിയന്‍ കാലഗണനാരീതി ആണ് പൊതുവേ ഇന്ന് കേരളത്തില്‍ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കള്‍ സുപ്രധാനകാര്യങ്ങള്‍ക്ക് ഇപ്പോഴും കൊല്ലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകള്‍ നിശ്ചയിക്കുന്നത്.
മലയാളമാസവും മറ്റുള്ള മാസങ്ങളും
മലയാളമാസം ഗ്രിഗോറിയന്‍ കലണ്ടര്‍ മാസം തമിഴ് മാസം ശക മാസം എന്നീ ക്രമത്തില്‍
ചിങ്ങം ഓഗസ്റ്റ്-സെപ്റ്റംബര്‍ ആവണി ശ്രാവണം ഭാദ്രം
കന്നി സെപ്റ്റംബര്‍-ഒക്ടോബര്‍ പുരുട്ടാശി ഭാദ്രം ആശ്വിനം
തുലാം ഒക്ടോബര്‍-നവംബര്‍ അല്പശി ആശ്വിനം കാര്‍ത്തികം
വൃശ്ചികം നവംബര്‍-ഡിസംബര്‍ കാര്‍ത്തികൈ കാര്‍ത്തികം ആഗ്രഹായണം
ധനു ഡിസംബര്‍-ജനുവരി മാര്‍കഴി ആഗ്രഹായണം പൗഷം
മകരം ജനുവരി-ഫെബ്രുവരി തൈ പൗഷം മാഘം
കുംഭം ഫെബ്രുവരി-മാര്‍ച്ച് മാശി മാഘം ഫാല്‍ഗുനം
മീനം മാര്‍ച്ച്-ഏപ്രില്‍ പങ്കുനി ഫാല്‍ഗുനം ചൈത്രം
മേടം ഏപ്രില്‍-മേയ് ചിത്തിരൈ ചൈത്രം വൈശാഖം
ഇടവം മേയ്-ജൂണ്‍ വൈകാശി വൈശാഖം ജ്യേഷ്ഠം
മിഥുനം ജൂണ്‍-ജൂലൈ ആനി ജ്യേഷ്ഠം ആഷാഢം
കര്‍ക്കടകം ജൂലൈ-ഓഗസ്റ്റ് ആടി ആഷാഢം ശ്രാവണം
എല്ലാ മാസത്തിനെയും 7 ദിവസങ്ങളുള്ള ആഴ്ചകളായി തിരിച്ചിരിക്കുന്നു. ആഴ്ചയിലെ ദിവസങ്ങള്‍ മറ്റു ഭാഷളിലേതുമായുള്ള താരതമ്യം.
Malayalam English Kannada Tamil Hindi
ഞായർ Sunday Bhanuvara Nyaayiru Ravivar
തിങ്കൾ Monday Somavara Thinkal Somvar
ചൊവ്വ Tuesday Mangalavara Chevvai Mangalvar
ബുധൻ Wednesday Budhavara Budhan Budhvar
വ്യാഴം Thursday Guruvara Vyazhan Guruvar
വെള്ളി Friday Shukravara Velli Sukravar
ശനി Saturday Shanivara Sani Shanivar