Keralaliterature.com

താരതമ്യ ഭാഷാശാസ്ത്രപഠനം

    ഭാഷകളുടെ ഉദ്ഭവവികാസപരിണാമങ്ങളെ ആസ്പദമാക്കി വര്‍ഗീകരണവും പരസ്പരബന്ധവും നിര്‍ണയിക്കുന്ന ഭാഷാശാസ്ത്രപഠനം. പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലാണ് താരതമ്യപഠനം വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയത്. പ്രാചീന വൈയാകരണന്മാര്‍ ഓരോ ഭാഷയേയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്തിരുന്നു. യൂറോപ്യന്‍ ഭാഷാഗവേഷകരുടെ പരിശ്രമഫലമായിട്ടാണ് താരതമ്യ ഭാഷാശാസ്ത്രപഠനം ആരംഭിച്ചത്. ഇരുപതാം ശതകത്തില്‍ വ്യാകരണത്തില്‍ നിന്നും ഭാഷാപഠനത്തില്‍ നിന്നും വ്യത്യസ്തമായി ഭാഷാശാസ്ത്രം എന്ന ഭാഷാപഗ്രഥന രീതി ഉണ്ടായി. ഭാഷാപഠനം താരതമ്യ പഠനത്തിലും ഭാഷാചരിത്രത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.
    ഭാഷകളെ ജൈവബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പല ഭാഷാ കുടുംബങ്ങളായി വിഭജിക്കാമെന്ന് മനസ്സിലായതോടെ ഇന്ത്യയിലെ നാനൂറിലധികം വരുന്ന ഭാഷകളെ ഇന്തോ-ആര്യന്‍, മുണ്ഡ, ദ്രാവിഡം, സിനോ-തിബത്തന്‍ എന്നിങ്ങനെ വിഭജിച്ചു. വ്യാകരണപരമായ സാദൃശ്യങ്ങള്‍ കണക്കിലെടുത്ത് സംസ്‌കൃതം, ലത്തീന്‍, ഗ്രീക്ക്, അല്‍ബേനിയന്‍, പേര്‍ഷ്യന്‍, ലിഥോലെറ്റിഷ്, അര്‍മേനിയന്‍, കെല്‍റ്റിക് എന്നിവയെ ഇന്തോയൂറോപ്യന്‍ ഗോത്ര ഭാഷകളായും കണക്കാക്കി. കല്‍ക്കട്ട ഹൈക്കോടതിയിലെ ന്യായാധിപനായിരുന്ന സര്‍ വില്യം ജോണ്‍സ് സംസ്‌കൃതത്തിന് ലത്തീന്‍, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ഭാഷകളോട് ബന്ധമുണ്ടെന്ന് (1786) ചൂണ്ടിക്കാണിച്ചു. താരതമ്യാത്മകവും ചരിത്രപരവുമായ എല്ലാ ഭാഷാപഠനങ്ങള്‍ക്കും വഴിതെളിച്ചത് വില്യം ജോണ്‍സിന്റെ മര്‍മസ്പര്‍ശിയായ ഈ ദര്‍ശനമാണ്. അങ്ങനെയാണ് താരതമ്യ ഭാഷാശാസ്ത്രപഠനത്തിന്റെ ഈറ്റില്ലം ഇന്ത്യയായി മാറിയത്. ഫ്രന്‍സ് ബോപ്പ്, റാസ്മസ് റാസ്‌ക്, ജേക്കബ് ഗ്രിം, കാല്‍ഡ്വെല്‍ മുതലായവര്‍ ഈ രംഗം പുഷ്ടിപ്പെടുത്താന്‍ അക്ഷീണം യത്‌നിച്ചു. ജൈവബന്ധമുള്ള ഭാഷാസമൂഹങ്ങളെ അപഗ്രഥിക്കാനും അവയ്ക്കിടയിലുള്ള സാജാത്യവൈജാത്യങ്ങളെ എടുത്തുകാണിക്കാനുമാണ് ഭാഷാ വിജ്ഞാനീയ പണ്ഡിതന്മാര്‍ ശ്രമിച്ചത്. ലോകത്തിലെ ഭാഷകളെയെല്ലാം ജൈവബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. പൊതുസ്വഭാവമുള്ള അനേകം അംഗങ്ങളുള്ള ഒരു വിഭാഗത്തെ, അംഗങ്ങളുടെ പൊതു സ്വഭാവങ്ങള്‍ക്ക് പുറമേയുള്ള പ്രത്യേക സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നു. ഇപ്രകാരം ഭാഷകളേയും ഓരോ പ്രത്യേക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളായി വിഭജിക്കാം.
    പരസ്പരം ബന്ധമില്ലാത്ത ജനങ്ങള്‍ ഒരേ ഭാഷ നൂറ്റാണ്ടുകളോളം സംസാരിക്കുമ്പോള്‍ പല ഭാഷകള്‍ ഉദ്ഭവിക്കുക സാധാരണമാണ്. ഇങ്ങനെ ഭാഷകളുടെ ഉദ്ഭവം ഏതു പൂര്‍വ ഭാഷാരൂപത്തില്‍ നിന്നാണോ ആ ഭാഷയെ പുതുതായി ഉദ്ഭവിച്ച ഭാഷകളുടെ പ്രാഗ്രൂപം എന്നു പറയാം; പുതുതായി ഉണ്ടായ ഭാഷകള്‍ പൂര്‍വഭാഷയുടെ പുത്രീഭാഷകള്‍ എന്നും. പുത്രീഭാഷകള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ അവയെ സഹോദരീഭാഷകള്‍ എന്നും വിളിക്കാം. ഇന്ന് പ്രയോഗത്തിലിരിക്കുന്ന നാല് പ്രാഗ് ചരിത്ര ഭാഷാശാസ്ത്ര പദ്ധതികളില്‍ പ്രഥമവും പ്രധാനവുമായത് താരതമ്യ (തുലനാത്മക) ഭാഷാശാസ്ത്രമാണ്. ഭാഷാഭേദ ഭൂമിശാസ്ത്രം, ഭാഷാകാലഗണന, ആന്തരിക പുനര്‍നിര്‍മ്മാണം എന്നിവയാണ് മറ്റു പദ്ധതികള്‍. ഭാഷകളെ താരതമ്യപഠന വിധേയമാക്കുമ്പോള്‍ പല ചരിത്രവസ്തുതകളും വെളിച്ചത്തു വരുന്നു. ഭാഷാശാസ്ത്രത്തിന്റെ വളര്‍ച്ചയോടുകൂടി താരതമ്യപഠനം ശാസ്ത്രീയമായിത്തീര്‍ന്നിട്ടുണ്ട്. ജൈവബന്ധം കണ്ടുപിടിക്കുക, ജൈവബന്ധമുള്ള ഭാഷകളുടെ പ്രാഗ്രൂപത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തുക, ജൈവബന്ധത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കണ്ടുപിടിക്കുക ആദിയായ പ്രക്രിയകളാണ് താരതമ്യപഠനത്തില്‍ വിശദീകരിക്കപ്പെടുന്നത്.
    അര്‍ഥത്തിലും രൂപത്തിലും സാമ്യമുള്ള പദങ്ങള്‍ മൂന്ന് തരത്തിലുണ്ടാകാം.

    മറ്റു ഭാഷകളില്‍ നിന്ന് കടം കൊണ്ടവ.
    സാന്ദര്‍ഭികമായി ഭാഷകളില്‍ ഉപയോഗിക്കുന്ന അര്‍ഥരൂപ സാമ്യമുള്ള പദങ്ങള്‍.
    സജാതീയ പദങ്ങള്‍.
    ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷ ഉദ്ഭവിക്കുമ്പോള്‍ പ്രാഗ്രൂപത്തിന്റെ പല സ്വഭാവങ്ങളും പുത്രീഭാഷയില്‍ അവശേഷിക്കുന്നു.
    താരതമ്യപഠനത്തില്‍ സജാതീയ പദങ്ങളാണ് അടിസ്ഥാന ഘടകം. അതിനാല്‍ പരകീയ പദങ്ങളും സാന്ദര്‍ഭിക പദങ്ങളും ഒഴിവാക്കുന്നു. പരകീയ പദങ്ങളുടെ ആധിക്യം ഭാഷകളുടെ ജൈവബന്ധത്തില്‍ സംശയത്തിനിടനല്കാമെന്നതിനാല്‍ താരതമ്യപഠനത്തില്‍ സജാതീയ പദങ്ങള്‍ക്കു പുറമേ ഭാഷകളുടെ വ്യാകരണതലവും പഠനവിധേയമാക്കുന്നു. ഒരു ഭാഷയുടെ വ്യാകരണം മറ്റൊരു ഭാഷയുടെ സ്വാധീനത്താല്‍ പരിണാമപ്പെടുന്നതല്ല.
    അര്‍ഥരൂപ സാമ്യമുള്ള പദങ്ങളും വ്യാകരണവുമാണ് ജൈവ ബന്ധം തീരുമാനിക്കാനുള്ള മുഖ്യ ഉപാധികള്‍. ജൈവബന്ധം മനസ്സിലാക്കിക്കഴിഞ്ഞാല്‍ പരകീയ പദങ്ങളെ അനുകൂലന പ്രക്രിയകളിലൂടെ വേര്‍തിരിക്കുന്നു. അതിനുശേഷം സജാതീയ പദസഞ്ചയങ്ങളുടെ പുനര്‍നിര്‍മ്മാണം തുടങ്ങുന്നു. സജാതീയ പദസമൂഹത്തില്‍ നിന്ന് ശബ്ദാനുകൂലനം തയ്യാറാക്കണം.
    പൂര്‍വഭാഷയില്‍ നിന്ന് പുത്രീഭാഷകളിലേക്കുള്ള പരിണാമം പെട്ടെന്ന് ഉണ്ടാകാനിടയില്ല. പുത്രീഭാഷകളായി പരിണമിക്കുന്നതിനു മുമ്പ് പല ദശകളും പിന്നിട്ടിട്ടുണ്ടാകണം. അതായത് മൂല ദ്രാവിഡഭാഷയ്ക്കും അതില്‍നിന്ന് പിരിഞ്ഞിട്ടുള്ള ഓരോ ദ്രാവിഡഭാഷയ്ക്കും തമ്മിലുള്ള ബന്ധങ്ങള്‍ പലതരത്തിലായിരിക്കാം. അതുപോലെതന്നെ ദ്രാവിഡഭാഷാകുടുംബത്തിലെ സഹോദരീഭാഷകള്‍ തമ്മിലുള്ള ബന്ധങ്ങളിലും വ്യത്യാസങ്ങള്‍ കാണാം. പുത്രീഭാഷയിലേക്കുള്ള പരിണാമ പ്രക്രിയയില്‍ ഉണ്ടായിട്ടുള്ള ദശകള്‍ കണ്ടുപിടിക്കാനും താരതമ്യപഠനത്തില്‍ സാധ്യമാകുന്നു. ഈ ദശകളെ ആസ്പദമാക്കിയാണ് ഭാഷാ കുടുംബത്തില്‍ ഉപവിഭജനം നടക്കുന്നത്. പ്രാഗ്രൂപത്തില്‍ വന്നിട്ടുള്ള പൊതുപരിണാമങ്ങളാണ് ഉപവിഭജനത്തിന്റെ അടിസ്ഥാനം. ഇങ്ങനെയുള്ള പൊതുപരിണാമങ്ങളുടെ അടിസ്ഥാനത്തില്‍ മൂല ദ്രാവിഡഭാഷയെ ദക്ഷിണ മധ്യ ഉത്തര ദ്രാവിഡ ഭാഷകള്‍ എന്ന് വിഭജിച്ചിരിക്കുന്നു.

Exit mobile version