തരുവില്‍ അരങ്ങേറുന്ന നാടകമാണ് തെരുവുനാടകം. ജനബോധനം ലക്ഷ്യം വച്ചുള്ളവയാണ് മിക്കവാറും ഇത്തരം നാടകങ്ങള്‍. സാധാരണ നാടകങ്ങളില്‍ നിന്നും വ്യത്യസ്തമായി, മുന്‍കൂട്ടി തീരുമാനിച്ചെത്താത്തവരായിരിക്കും ഇത്തരം നാടകത്തിന്റെ പ്രേക്ഷകര്‍. തെരുവുനാടകങ്ങള്‍ ദൈര്‍ഘ്യം കുറഞ്ഞവയും ആയിരിക്കും. വാചികം, ആംഗികം എന്നീ അഭിനയ രീതികള്‍ക്കാണ് പ്രാധാന്യം കൂടുതല്‍. തെരുവുകളില്‍ ചുറ്റും കൂടി നില്ക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള രംഗഭാഷയാണ് ഇതിനായി രൂപപ്പെടുത്തുന്നത്.പണ്ടുമുതല്‍ തന്നെ ഇത്തരം നാടക സമ്പ്രദായം നിലവിലുണ്ടായിരുന്നു. യൂറോപ്യന്‍ സ്ട്രീറ്റ് നാടകങ്ങളായ മിസ്റ്ററി നാടകങ്ങള്‍, മിറക്കിള്‍ നാടകങ്ങള്‍, കോമേഡിയാ ദല്ലാര്‍ട്ടോ എന്നിവ ഇതിനുദാഹരണങ്ങളാണ്. സമകാലിക തെരുവുനാടകങ്ങള്‍ ഒട്ടുമിക്കതും ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. വിപ്ലവ ശേഷമുള്ള റഷ്യന്‍ നാടക പ്രവര്‍ത്തകരാണ് അത്തരം നാടകങ്ങളുടെ ആദ്യ വക്താക്കള്‍. മിസ്റ്ററി ബൂഫെ, ദ് സ്റ്റോമിങ് ഒഫ് ദ് വിന്റര്‍ പാലസ്, ദ് ഡോണ്‍ മുതലായവ ഇത്തരം നാടകങ്ങളാണ്. പ്രേക്ഷകര്‍ക്കിടയില്‍നിന്ന് കയറിവരുന്ന അഭിനേതാക്കള്‍ ഇതിന്റെ പ്രത്യേകതകളാണ്.