നോവലിന്റെയും ചെറുകഥയുടെയും പൂര്‍വ്വരൂപമാണ് നോവെല്ല. ചെറുതും സുസംഘടിതവുമായ കല്‍പ്പിതകഥയാണിത്. പതിനാലാം ശതകത്തില്‍ ഇറ്റാലിയന്‍ സാഹിത്യകാരനായ ബൊക്കാച്ചിയോ രചിച്ച ഡെക്കാമറണ്‍ കഥകള്‍ നോവെല്ലെയ്ക്ക് ഉദാഹരണമാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ ചോസറുടെ 'കാന്റര്‍ബെറികഥ'കളും ഇതായി പരിഗണിക്കുന്നു. പതിനെട്ടാം ശതകത്തില്‍ നോവലും പത്തൊന്‍പതാം ശതകത്തില്‍ ചെറുകഥയും വികാസം പ്രാപിച്ചതോടെ നോവെല്ലയ്ക്കു പ്രാധാന്യം കുറഞ്ഞു.
നോവല്‍
ഒരു ഗദ്യസാഹിത്യവിഭാഗമാണ് നോവല്‍. മനുഷ്യജീവിതം സമഗ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്ന സാഹിത്യരൂപമാണിത്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും എല്ലാം ഉള്‍പെടുത്താന്‍ പറ്റിയ ചട്ടക്കൂട്. ലോകത്ത് ആദ്യമായെഴുതപ്പെട്ട നോവല്‍ ക്രി.പി. 1001 നും 1015 നും ഇടയില്‍ ജപ്പാന്‍ഭാഷയില്‍ ലേഡി പിക ബുമുറാസ്‌കി രചിച്ച ടെയ്ല്‍ ഓഫ് (Tale of Genji) ആണെന്നു കരുതുന്നു. നോവലിന്റെ യഥാര്‍ത്ഥ പേര് Genji monogatari. പുതിയത് എന്ന അര്‍ത്ഥം വരുന്ന Novus എന്ന ലത്തീന്‍പദവും Novella (പുതിയ വസ്തുക്കള്‍) എന്ന ഇറ്റാലിയന്‍ പദവും ചേര്‍ന്നുണ്ടായതാണ് നോവല്‍ (Novel) എന്ന പദം. പ്രമേയം, കഥാപാത്രങ്ങള്‍, സംഭാഷണം, പ്രവൃത്തി നടക്കുന്ന സ്ഥലകാലങ്ങള്‍, പ്രതിപാദനശൈലി, കഥയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ജീവിതദര്‍ശനം എന്നിവ നോവലിന്റെ പ്രധാന ഘടകങ്ങളാണ്. ചെറുകഥയും നോവലും തമ്മില്‍ ചെറുതും വലുതും എന്ന വ്യത്യാസമല്ല മുഖ്യം. ചെറുകഥയില്‍ കഥയ്ക്ക് പകരം സ്ഥിതിവിശേഷത്തിന്റെ വര്‍ണനം മാത്രമായാലും മതി. എന്നാല്‍ നോവലില്‍ ഉള്‍ക്കനമുള്ള ഒരു കഥ ഉണ്ടായിരിക്കണം. മനുഷ്യശരീരത്തോടു നോവലിനെ ഉപമിക്കാറുണ്ട്. നട്ടെല്ല് നോവലിലെ കഥയും നട്ടെല്ലിനോടു ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടവും അവയവങ്ങളും കഥാപാത്രങ്ങളുമാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും ആശകളും നിരാശകളും മജ്ജയായും മാംസമായും ഗണിക്കുന്നു. മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തം, നോവലിന്റെ ജീവനും ചൈതന്യവുമാണ്.
പതിനെട്ടാം നൂറ്റാണ്ടോടെ പ്രചാരത്തിലായ നോവല്‍ പ്രസ്ഥാനം സങ്കീര്‍ണ്ണമായ വ്യാവസായിക യുഗത്തിന്റെ സന്തതിയാണ്. പാശ്ചാത്യസാഹിത്യത്തിലെ ആദ്യനോവല്‍ സ്പാനിഷ് ഭാഷയില്‍ സെര്‍വാന്റീസ് എഴുതിയ ഡോണ്‍ ക്വിക്‌സോട്ട് (ക്രി.പി. 1601) ആണ്. ഇംഗ്ലീഷില്‍ 1740 ല്‍ റിച്ചാഡ്‌സന്‍ എഴുതിയ പമീല, ദാനിയല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോ (1719), ജോനാഥന്‍ സ്വിഫ്റ്റ് 1726 ല്‍ രചിച്ച ഗളിവേഴ്‌സ് ട്രാവല്‍സ് എന്നിവ ആദ്യരചനകളാണ്.
നോവലെറ്റ്
ചെറിയ നോവല്‍. ഇതില്‍ നോവലിലെന്ന പോലെ കഥ വേണം. എന്നാല്‍, നോവലെറ്റിലെ കഥ നോവലിലേതുപോലെ സങ്കീര്‍ണ്ണമാകാറില്ല. ഇംഗ്ലീഷ് സാഹിത്യവുമായുള്ള സമ്പര്‍ക്കം മൂലമാണ് മലയാളത്തില്‍ നോവലുകള്‍ ഉണ്ടായത്. മലയാളത്തിലെ ആദ്യത്തെ നോവല്‍ അപ്പു നെടുങ്ങാടി രചിച്ച കുന്ദലതയാണ്. എന്നാല്‍ ആദ്യത്തെ ലക്ഷണയുക്ത നോവല്‍ 1889 ല്‍ ഒ. ചന്തുമേനോന്‍ രചിച്ച ഇന്ദുലേഖയാണ്. സി.വി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകള്‍ പ്രശസ്തമാണ്. ആധുനികമലയാള നോവല്‍ പ്രസ്ഥാനം വളരെ ശക്തമാണ്. എം.ടി വാസുദേവന്‍ നായര്‍, എസ്.കെ പൊറ്റെക്കാട്, ബഷീര്‍, എം മുകുന്ദന്‍ തുടങ്ങി ഒട്ടനവധി നോവലിസ്റ്റുകള്‍ മലയാളത്തിലുണ്ട്.