Keralaliterature.com

മലയാളം അച്ചടിയുടെ ചരിത്രം

    1576ല്‍ സ്‌പെയിന്‍കാരനായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ഒരു അച്ചടി ശാല സ്ഥാപിച്ചതായും, അടുത്തകൊല്ലം ക്രിസ്തീയ വേദോപദേശം എന്ന കൃതി പ്രസിദ്ധീകരിച്ചതായും ചരിത്രമുണ്ടെങ്കിലും ആ പുസ്തകത്തിന്റെ ഒരു പ്രതിയും കണ്ടുകിട്ടിയിട്ടില്ല. 'ഒരു സ്പാനിഷ് ബ്രദറായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ആദ്യമായി മലയാളം, തമിഴ് അക്ഷരങ്ങള്‍ ഉണ്ടാക്കി അതുപയോഗിച്ച് ഒരു വേദോപദേശം അച്ചടിച്ചു' എന്നാണ് 'തിരുവിതാംകൂറിലെ ക്രൈസ്തവസഭാചരിത്രം' എന്ന പുസ്തകമെഴുതിയ ജി.ടി. മെക്കന്‍സി പറഞ്ഞത്. ഗൊണ്‍സാല്‍വസിന്റെ ഈ പുസ്തകം കണ്ടുകിട്ടുകയാണെങ്കില്‍ കേരളത്തില്‍ മലയാളഭാഷയില്‍ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം അതാണെന്ന് ഉറപ്പിച്ചു പറയാം. ഭാരതീയ ലിപിയില്‍ അച്ചടിക്കപ്പെട്ട ആദ്യകൃതി വേദോപദേശ ഗ്രന്ഥമായ ഡോക്ട്രിന ക്രിസ്റ്റ ആണ്. 1539ല്‍ പോര്‍ത്തുഗീസ് ഭാഷയില്‍ യുവാന്‍ ബാരോസ് പ്രസിദ്ധീകരിച്ച വേദപാഠത്തിന്റെ ഏതാനും ഭാഗങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തര്‍ജ്ജമ ചെയ്തതാണ് ഈ കൃതി. 1556ല്‍ ഗോവയില്‍ ഇത് അച്ചടിച്ചു എന്നു പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ പകര്‍പ്പോ മറ്റു തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ 1578 ല്‍ കൊല്ലത്ത് തങ്കശ്ശേരിയില്‍ ദിവ്യരക്ഷകന്റെ കലാലയത്തില്‍ നിന്നും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഇതിന്റെ പകര്‍പ്പ് സൂക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായി അറിയപ്പെടുന്നത് കോട്ടയത്തെ സി.എം.എസ്. പ്രസ്സില്‍ നിന്ന് 1824ല്‍ പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍' എന്ന ബാലസാഹിത്യകൃതിയാണ്.

    1579ല്‍ ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ മറ്റൊരു വേദപുസ്തകവും 'മലയാഴ്മപ്പേച്ചി'ല്‍ അച്ചടിക്കപ്പെട്ടിട്ടുള്ളതായി പരാമര്‍ശം ഉണ്ടെങ്കിലും അതിന്റെ പ്രതികളും നഷ്ടമായി. കൊത്തിയോ വാര്‍ത്തോ അച്ചുകള്‍ നിര്‍മ്മിക്കാന്‍ അന്ന് കേരളത്തില്‍ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നതിനാല്‍ ഇവിടെ അച്ചടി ആരംഭിച്ച് ഒരു നൂറ്റാണ്ടുകാലത്തേക്കെങ്കിലും അവ ചെന്നൈയില്‍ നിന്നാണ് തയ്യാറാക്കിക്കൊണ്ടുവന്നിരുന്നതെന്ന് വിചാരിക്കാം. ചില വിദേശപാതിരിമാരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്നുവന്ന ഈ അച്ചുനിര്‍മ്മാണം ഏറിയകൂറും തമിഴ്‌ലിപികളിലും ആയിരുന്നു.

    1575ല്‍ കൊച്ചി കോട്ടയില്‍ പോര്‍ത്തുഗീസുകാര്‍ സ്ഥാപിച്ച ഒരു മുദ്രണാലയമാണ് കേരളത്തില്‍ ഈ പ്രസ്ഥാനത്തിന്റെ തുടക്കം. ചേന്ദമംഗലത്തിനടുത്ത് വൈപ്പിന്‍കോട്ടയില്‍ പിന്നീട് സ്ഥാപിതമായ പ്രസ്സും അവരുടേതുതന്നെ ആയിരുന്നു. എന്നാല്‍ കേരളത്തില്‍ മൂന്നാമത് ആരംഭിച്ച അച്ചടിശാല കൊടുങ്ങല്ലൂരിനടുത്ത് അമ്പഴക്കാട്ടാണ് (പതിനേഴാം നൂറ്റാണ്ട്). ഇഗ്‌നേഷ്യസ് എന്നു പേരായ ഒരു കേരളീയനാണ് ഇതിന്റെ സ്ഥാപകന്‍. കേരളക്കരയില്‍ ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ മുദ്രണാലയമെന്ന ബഹുമതിക്ക് ഇത് അര്‍ഹമാണ്.

മലയാളത്തില്‍ ആദ്യമായി അച്ചടിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍

ഹോര്‍ത്തൂസ് മലബാറിക്കൂസ്

    കേരളത്തിലെ പലതരം സസ്യങ്ങളെ സംബന്ധിച്ച് കൊച്ചിക്കോട്ടയില്‍ ഗവര്‍ണര്‍ ആയിരുന്ന ഡച്ചുകാരനായ ഹെന്‍ഡ്രിക് ഏഡ്രിയന്‍ വാന്‍ റീഡിന്റെ നേതൃത്വത്തില്‍ രചിച്ച് 1678ല്‍ പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന12 വാല്യങ്ങള്‍ ഉള്ള ബൃഹത് ഗ്രന്ഥത്തിലാണ് ആദ്യമായി മലയാളലിപികള്‍ അച്ചടിക്കപ്പെടുന്നത്. ഇത് ലത്തീന്‍ ഭാഷയില്‍ ഉള്ള ഗ്രന്ഥമാണ്. മലയാളലിപിയില്‍ ഉള്ള ഒരു പ്രസ്താവനയും പിന്നെ പുസ്തകത്തിലെ സസ്യങ്ങളുടെ ചിത്രങ്ങളില്‍ എല്ലാം മലയാളലിപില്‍ ഉള്ള എഴുത്തും കാണാം. ഓരോ (ചെടിയുടെ) ചിത്രത്തിന്റെയും പേര് ലത്തീന്‍, മലയാളം, അറബി, ദേവനാഗരി എന്നീ നാലു ലിപികളില്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍, ഹോര്‍ത്തൂസിലെ മലയാളലിപി ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകള്‍ ഉപയോഗിച്ചല്ല അച്ചടിച്ചിരിക്കുന്നത്, പകരം ബ്ലോക്കുകളായി വാര്‍ത്താണ് അച്ചടിച്ചിരുന്നത്. അതായത് മലയാളലിപി ചിത്രമായാണ് ചേര്‍ത്തിരിക്കുന്നത്. ഈ കൃതിയുടെ മലയാളം, ഇംഗ്ലീഷ് പതിപ്പുകള്‍ കേരള സര്‍വകലാശാല സമീപകാലത്ത് പ്രസിദ്ധീകരിച്ചു.

ആല്‍ഫബെത്തും ഗ്രാന്‍ഡോണിക്കോ മലബാറിക്കം

    ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ആല്‍ഫബെത്തും ഗ്രാന്‍ഡോണിക്കോ മലബാറിക്കം എന്ന പുസ്തകമാണ്. ഇതും ലത്തീന്‍ കൃതിയാണ്. ആദ്യത്തെ സമ്പൂര്‍ണ്ണ മലയാളം അച്ചടി പുസ്തകമായ സംക്ഷേപവേദാര്‍ത്ഥം അച്ചടിക്കുന്നതിനു തൊട്ട് മുന്‍പ് 1772ല്‍ നിര്‍മ്മിച്ചത്. മലയാളഭാഷയെക്കുറിച്ചും മലയാളലിപിയെക്കുറിച്ചും അത്യാവശ്യം വിശദമായി വിശദീകരിച്ചുകൊണ്ട് ലത്തീന്‍ ഭാഷയില്‍ എഴുതിയ പുസ്തകം. ക്‌ളെമന്റ് പാതിരി അച്ചടിപ്പിച്ച ഈ കൃതിക്ക് ആമുഖമെഴുതിയത് ജോണ്‍ ക്രിസ്‌തോഫര്‍ അമദാത്തിയാസ്. സംക്ഷേപവേദാര്‍ഥത്തിന്റെ മുദ്രണത്തിനുവേണ്ടി, മലയാളത്തിലെ 51 മൗലികാക്ഷരങ്ങള്‍ അച്ചടിക്കാന്‍ 1,128 അച്ചുകള്‍ നിര്‍മ്മിക്കേണ്ടിവന്നുവെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തി. യൂറോപ്യന്‍ ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ അച്ചുകള്‍ തയ്യാറാക്കുന്നകാര്യം എത്ര വിഷമം പിടിച്ചതാണെന്നും പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. റോമിലെ ബഹുഭാഷാമുദ്രണാലയത്തില്‍ ചതുരവടിവിലുള്ള മലയാള ലിപികളില്‍ അടിച്ച ഈ കൃതിയുടെ അപൂര്‍വം പ്രതികള്‍ ലഭ്യമാണ്.

സംക്ഷേപവേദാര്‍ഥം

    റോമിലെ ഒരു മുദ്രണാലയത്തില്‍ നിന്ന് 1772ല്‍ അച്ചടിച്ച സംക്ഷേപവേദാര്‍ഥം എന്ന കൃതിയാണ് മലയാളലിപിയില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ സമ്പുര്‍ണ്ണ മലയാളപുസ്തകം. ഇക്കാലത്തിനടുപ്പിച്ചു കേരളത്തില്‍ സുവിശേഷപ്രചാരണാര്‍ഥം താമസിച്ചിരുന്ന ക്‌ളെമന്റ് പിയാനിയുസ് എന്ന വൈദികനാണ് ഇതിന്റെ കര്‍ത്താവ്. സംക്ഷേപവേദാര്‍ഥം എന്നും കുമ്പേന്തി എന്നും ഉള്ള പേരുകളില്‍ അറിയപ്പെടുന്ന ഈ കൃതിയുടെ പൂര്‍ണനാമം അതില്‍ അച്ചടിച്ചിരിക്കുന്നത് Compendiosa Legis Explicatio Omnibus Christains Scitu Necesaria എന്നാണ്. ചോദ്യോത്തര രൂപത്തില്‍ ഗുരുശിഷ്യസംവാദമായി 270ലധികം പുറങ്ങളിലായി അച്ചടിച്ചിരിക്കുന്നു.

ചെറുപൈതങ്ങള്‍

    മലയാളം പഠിച്ച കാലത്ത് തന്നെ ബൈബിളിന് ഒരു നല്ല പരിഭാഷ ഉണ്ടാക്കാന്‍ ബെയ്‌ലി ശ്രമം ആരംഭിച്ചിരുന്നു. ആദ്യമെല്ലാം ഇവ താളിയോലയിലും പിന്നീട് കടലാസിലും പകര്‍ത്തി. ബൈബിള്‍ തര്‍ജ്ജമ പൂര്‍ത്തിയായപ്പോള്‍ അത് അച്ചടിക്കുന്നത് പ്രശ്‌നമായി. അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇംഗ്ലണ്ടില്‍ നിന്നും പ്രസ്സും മദ്രാസില്‍ നിന്നും അച്ചുകളും വരുത്തി. ഇതിന് കേണല്‍ മണ്‍റോ വേണ്ട സഹായങ്ങള്‍ ചെയ്തു. 1821ല്‍ തന്നെ അച്ചടി ആരംഭിച്ചു. ആദ്യം അച്ചടിച്ചത് ചില ലഘുലേഖകള്‍ ആണ്. കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴയത് 1822ല്‍ അച്ചടിച്ച 'മദ്യനിരോധിനി' എന്ന ലഘുലേഖയാണ്. പിന്നീട് ബൈബിളിലെ മത്തായിയുടെ സുവിശേഷം അച്ചടിച്ചു. 1824'ല്‍ ചെറു പൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംഗ്ലീഷില്‍ നിന്നും പരിഭാഷപ്പെടുത്തിയ കഥകളും രാജാറാം മോഹന്‍ റോയിയുടെ ഉപനിഷത്ത് വ്യാഖ്യാനവും അച്ചടിച്ചു. മര്‍ഡ്യൂക് തോസണ്‍ ആവശ്യപ്പെട്ട പ്രകാരം പ്രസ്സ് ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് എത്താന്‍ താമസിച്ചതിനാല്‍ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    ഒരു കൊല്ലന്റെ സഹായത്തോടെ ആവശ്യമായ ലോഹ സാമഗ്രികള്‍ നിര്‍മ്മിച്ചു. ആശാരിയുടെ സഹായത്താല്‍ പ്രസ്സും പണികഴിപ്പിച്ചു. പ്രസ്സ് സൂക്ഷിക്കുന്നതിനും അച്ചടിജോലികള്‍ക്കും ഒരു ചെറിയ ശാല പണികഴിപ്പിച്ചു. ഇതിന് അച്ചടിപ്പുര എന്നാണ് വിളിച്ചിരുന്നത്. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാള അച്ചുകൂടം. പ്രസ്സുണ്ടായിക്കഴിഞ്ഞെങ്കിലും മലയാളം അച്ചുകള്‍ ലഭ്യമല്ലായിരുന്നു. ബെയ്‌ലി കല്‍ക്കത്തയിലെ ഫൗണ്ടറിയില്‍ നിന്ന് മലയാളം അച്ചുകള്‍ക്കായി അപേക്ഷിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇവ എത്തിച്ചേര്‍ന്നെങ്കിലും ചതുരവടിവിലുള്ള അവ ബെയ്‌ലിക്ക് ഇഷ്ടമായില്ല. അസാധാരണ വലിപ്പവും ചതുരാകൃതിയും ചേര്‍ന്ന് വികൃതമായിരുന്നു അവ. ബെയ്‌ലി സ്വന്തമായി അച്ചുകള്‍ വാര്‍ത്ത് ഉണ്ടാക്കാന്‍ ആരംഭിച്ചു. അച്ചടിയുടെ ബാലപാഠങ്ങള്‍ അദ്ദേഹം പുസ്തകങ്ങളില്‍ നിന്ന് വായിച്ച് മനസ്സിലാക്കുകയായിരുന്നു. അദ്ദേഹം ഒരു കന്നാന്റെയും തട്ടാന്റെയും സഹായത്തോടെ 500 അച്ചുകള്‍ വാര്‍ത്തെടുത്തു. സൗന്ദര്യം കലര്‍ന്ന മലയാള അച്ചുകള്‍ അങ്ങനെ രൂപപ്പെട്ടു. താമസിയാതെ അച്ചടി ആരംഭിച്ചു. അച്ചടിയുടെ മനോഹാരിത കണ്ട് അന്നതെ റസിഡന്റ് ന്യൂവാള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നല്‍കിയത് ബെയ്‌ലിയാണ്

    ബൈബിളിലെ പുതിയ നിയമഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്ത് ബെയ്‌ലി 1829ല്‍ ഇവിടെ 5000 പ്രതി അച്ചടിച്ചു. തുടര്‍ന്ന് സമ്പൂര്‍ണ്ണ ബൈബിളിന്റെ തര്‍ജ്ജമ അച്ചടിച്ചു.1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവര്‍ത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841ല്‍ ബൈബിള്‍ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.
പ്രസ്സിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 1830 ല്‍ ബെയ്‌ലി ഉണ്ടാക്കിയ പ്രസ്സുള്‍പ്പടെ നാലു പ്രസ്സുകള്‍ ഉണ്ടായി. സ്വാതിതിരുനാളിന്റെ താല്പര്യപ്രകാരം 1836ല്‍ സര്‍ക്കാര്‍ പ്രസ് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്നതുവരെ സര്‍ക്കാരിന്റെ അച്ചടി മുഴുവനും സി.എം.എസ്. പ്രസ്സിലാണ് നടന്നിരുന്നത്. 1834 വരെ പതിനഞ്ചു മലയാളം പുസ്തകങ്ങള്‍ അവിടെ അച്ചടിച്ചു. അവയ്ക്ക് മൊത്തം 40,500 പ്രതികള്‍ ഉണ്ടായിരുന്നു.

മുദ്രണാലയങ്ങള്‍

സി.എം.എസ്. പ്രസ്

    കേരളത്തില്‍ അച്ചടി സാര്‍വജനീനമായ മാധ്യമമാകുന്നത് തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച കേണല്‍ മണ്‍റോയുടെ കാലത്താണ് (1810-19). ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കോട്ടയത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്.) ഒരു പ്രസ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. റവ. ബെഞ്ചമിന്‍ ബെയിലിയുടെ നേതൃത്വത്തില്‍ 1821ല്‍ സി.എം.എസ്. പ്രസ് സ്ഥാപിതമായി. അവിടെ സ്ഥാപിച്ച ആദ്യത്തെ പ്രസ്, എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക നോക്കി ബെയിലി സംവിധാനം ചെയ്തതാണ്. പ്രസ്സിന്റെ പ്രാരംഭകാലപ്രവര്‍ത്തനങ്ങളുടെ സകല ചുമതലകളും വഹിച്ചിരുന്ന റവ. ബെയിലി തന്നെ ബൈബിള്‍ തുടങ്ങിയ ക്രൈസ്തവഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തും ശബ്ദകോശങ്ങള്‍ നിര്‍മിച്ചും പ്രവര്‍ത്തനങ്ങളെ വിപുലീകരിച്ചു. അച്ചടി ഒരു വ്യവസായമെന്ന നിലയില്‍ തുടക്കമിട്ടത് കോട്ടയത്തെ സി.എം.എസ്. പ്രസ് ആണെന്നു പറയാം. അച്ചുകളുടെ എണ്ണം അഞ്ഞൂറില്‍പരമായി കുറച്ചത് ബെയിലി ആണ്. ചതുരവടിവില്‍ വള്ളികള്‍ ( ി, ീ) വ്യഞ്ജനാക്ഷരങ്ങളോടു ചേര്‍ത്ത് മുകളിലായി കൊടുത്തിരുന്നു. അവ വേര്‍പെടുത്തിയതു മൂലമാണ് എണ്ണം കുറഞ്ഞു കിട്ടിയത്. 'നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമം മലയാഴ്മയില്‍ പരിഭാഷയാക്കപ്പെട്ടത്; കോട്ടയം ചര്‍ച്ച് മിശോന്‍ അച്ചില്‍ ബൈബിള്‍ സൊസൈറ്റിക്കുവേണ്ടി മിശിഹ സംവത്സരം 1829ല്‍ അച്ചടിക്കപ്പെട്ടു', എന്നാണ് ആമുഖമായി അച്ചടിച്ചിരുന്നത്.

മറ്റു മുദ്രണാലയങ്ങള്‍

    1834ല്‍ സ്വാതിതിരുനാള്‍ രാമവര്‍മ തിരുവനന്തപുരത്ത് ആദ്യമായി ഗവണ്‍മെന്റ് പ്രസ് സ്ഥാപിച്ചു. അതുവരെ ഗവണ്‍മെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിവന്നത്. ഗവണ്‍മെന്റ് പ്രസ്സിനെ മാതൃകയാക്കി 1846ല്‍ മാന്നാനത്ത് ചാവറ കുരിയാക്കോസ് അച്ചന്‍ തടികൊണ്ട് ഒരു പ്രസ് നിര്‍മിച്ചു. അതാണ് മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍തന്നെ മലബാര്‍ പ്രദേശത്തും അച്ചടി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബാസല്‍ മിഷന്‍ കോഴിക്കോട്ട് ആരംഭിച്ച മിനര്‍വാ പ്രസ് ഇക്കൂട്ടത്തില്‍പെടുന്നു. അവിടെനിന്നും അച്ചടിച്ചിറക്കിയ പുസ്തകങ്ങളില്‍ ഉപ്പൊട്ട കണ്ണന്‍ വ്യാഖ്യാനസഹിതം ഭാഷാന്തരം ചെയ്ത ആയുര്‍വേദഗ്രന്ഥമായ  'അഷ്ടാംഗഹൃദയംഭാസ്‌കരം' പ്രാധാനമാണ്. തിരുവിതാംകൂര്‍ രാജാവായിരുന്ന ഉത്രംതിരുനാള്‍ മാത്താണ്ഡവര്‍മയുടെ ആശ്രിതനും കഥകളി കലാകാരനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാര്‍ 1853ല്‍ തിരുവനന്തപുരത്ത് 'കേരളവിലാസം' എന്ന പേരില്‍ ഒരച്ചുകൂടം സ്ഥാപിച്ചു. അതിലൂടെ ആദ്യമായി അമ്പത്തുനാലു ആട്ടക്കഥകളുടെ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തി. സ്വാതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ ഏതാനും ഗാനസമാഹാരങ്ങളും, രാമായണം തുടങ്ങിയ കിളിപ്പാട്ടുകളും ആദ്യമായി അച്ചടിക്കപ്പെട്ടതും കേരളവിലാസത്തിലായിരുന്നു.
    ഇക്കാലത്തിനടുപ്പിച്ചായിരുന്നു മലയാളത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ ആരംഭവും. റവ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1847 ജൂണില്‍ തലശ്ശേരിക്ക് അടുത്തുള്ള ഇല്ലിക്കുന്നില്‍ സ്ഥാപിച്ച ഒരു അച്ചടിശാലയില്‍ നിന്ന് മലയാളത്തിലെ ആദ്യപത്രമായ രാജ്യസമാചാരം പുറത്തുവന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മലയാളത്തില്‍ മാസികകളും വാരികകളും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി 50ലേറെയുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതിനും സ്വന്തമായി മുദ്രണാലയങ്ങളുമുണ്ടായിരുന്നു. ഭാഷാപോഷിണി, വിദ്യാവിലാസിനി, വിദ്യാവിനോദിനി, വിജ്ഞാനവര്‍ദ്ധിനി, രസികരഞ്ജിനി, ഭാഷാവിലാസം തുടങ്ങിയ പേരുകളില്‍ സ്ഥാപിതമായ അച്ചുകൂടങ്ങളുടെയും ഇവയില്‍നിന്ന് പുറത്തുവന്നുതുടങ്ങിയ അതേപേരിലുളള കാലികപ്രസിദ്ധീകരണങ്ങളും ശ്രദ്ധേയമാണ്. ആ നൂറ്റാണ്ടിന്റെ അവസാനത്തില്‍ കൊല്ലം പട്ടണത്തില്‍ എസ്.റ്റി. റെഡ്യാര്‍ എന്ന വ്യവസായി അദ്ദേഹത്തിന്റെ പേരില്‍ പ്രസ് തുടങ്ങി. തുള്ളല്‍ക്കഥ, ആട്ടക്കഥ, മണിപ്രവാള കൃതികള്‍ തുടങ്ങിയ പ്രാചീന മലയാളകൃതികള്‍ അവിടെ അച്ചടിച്ചു. കൊച്ചിയില്‍ മലയാളം മാതൃഭാഷയല്ലാത്ത ദേവ്ജിഭീമ്ജി തുടങ്ങിയ പ്രസും ആദ്യകാലത്തുള്ളതാണ്.

മലയാളം ക്യുറേറ്റര്‍ ഓഫീസ്
    മലയാളഭാഷയിലെ ആദ്യകാലകൃതികളില്‍ ലഭ്യമായവ പരിശോധിച്ച് പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 1924 ല്‍ നിലവില്‍ വന്നതാണ് മലയാളം ക്യുറേറ്റര്‍ ഓഫീസ്. ഈ സ്ഥാപനത്തിന്റെ ആദ്യ ക്യുറേറ്ററായത് മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ ആയിരുന്നു.

Exit mobile version