മലയാളത്തിലെ പകര്‍പ്പവകാശനിബന്ധനകളില്ലാത്ത കൃതികള്‍ ശേഖരിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സംരംഭമാണ് മലയാളം വിക്കിഗ്രന്ഥശാല. ഒരു ഗ്രന്ഥശാലയുടെ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമാണിത്. സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയില്‍നിന്ന് വ്യത്യസ്തമായി പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍, പകര്‍പ്പവകാശം പൊതുസഞ്ചയത്തില്‍ ആക്കിയ കൃതികള്‍ എന്നിവയെല്ലാം ഗ്രന്ഥശാലയില്‍ ലഭ്യമാകും. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മലയാളകൃതികള്‍, മറ്റ് ഭാഷകളിലെ കൃതികളുടെ മലയാള ലിപ്യന്തരണങ്ങള്‍ എന്നിവ വിക്കിഗ്രന്ഥശാലയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
2006 മാര്‍ച്ച് 29നാണ് മലയാളം വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ് ആദ്യമായി വിക്കിഗ്രന്ഥശാലയില്‍ ചേര്‍ത്തു തുടങ്ങിയത്. ആ വര്‍ഷംതന്നെ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഗ്രന്ഥശാലയിലാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. 2008-2009ല്‍ സത്യവേദപുസ്തകം, ഖുര്‍ആന്‍, കേരളപാണിനീയം, കൃഷ്ണഗാഥ എന്നിവ സമ്പൂര്‍ണ്ണമായി വിക്കിഗ്രന്ഥശാലയിലെത്തിച്ചു. കുമാരനാശാന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും കവിതകള്‍, ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടേയും കൃതികള്‍ എന്നിവ ഏതാണ്ട് പൂര്‍ണ്ണമായി ഗ്രന്ഥശാലയില്‍ സമാഹരിച്ചിട്ടുണ്ട്. ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ കൃതികളും സമാഹരിച്ചു. കുഞ്ചന്‍ നമ്പ്യാര്‍, പൂന്താനം നമ്പൂതിരി, എഴുത്തച്ഛന്‍, മേല്പത്തൂര്‍ നാരായണ ഭട്ടതിരി തുടങ്ങി നിരവധി പേരുടെ വിവിധ കൃതികള്‍ ഗ്രന്ഥശാലയില്‍ സമാഹരണത്തിന്റെ ഘട്ടത്തിലാണ്. ഭാഗവതം കിളിപ്പാട്ട്, നാരായണീയം, ഗീതഗോവിന്ദം, ഋഗ്വേദം, ഇന്ദുലേഖ തുടങ്ങിയവയും ചേര്‍ത്തു. അറബിമലയാളത്തിലെ ആദ്യകാവ്യമായി കരുതപ്പെടുന്ന ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാലയും, കെ.വി. സൈമണ്‍, പി.എം. കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗല്‍, കൊച്ചുകുഞ്ഞുപദേശി തുടങ്ങിയവരുടെ ക്രിസ്തീയകീര്‍ത്തനങ്ങളും വിക്കിഗ്രന്ഥശാലയിലുണ്ട്.