മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് മിശ്രഭാഷാവാദം. ചെന്തമിഴില്‍ സംസ്‌കൃതം കലര്‍ന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിള്ളയാണ് ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികന്‍. ഇളംകുളത്തിന്റെ സിദ്ധാന്തത്തിനു മുന്‍പുതന്നെ തമിഴും മലയാളവും ചേര്‍ന്ന വെങ്കലഭാഷയാണ് മലയാളമായി പരിണമിച്ചത് എന്ന വാദം നിലവിലുണ്ട്. ‘കേരളകൗമുദി’ എന്ന വ്യാകരണഗ്രന്ഥത്തിലെ ആമുഖശ്ലോകം പരിഗണിച്ച് ഭാഷോല്പത്തി സംബന്ധിച്ച കോവുണ്ണി നെടുങ്ങാടിയുടെ കാഴ്ചപ്പാടിനെ സംസ്‌കൃതജന്യവാദമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം സംസ്‌കൃത,തമിഴ് ഭാഷകളുടെ സംഗമത്തില്‍നിന്നാണ് മലയാളത്തിന്റെ ഉദ്ഭവമെന്ന അഭിപ്രായക്കാരനാണ്. കേരളകൗമുദിയില്‍ അദ്ദേഹം ‘ആര്യദ്രാവിഡ വാഗ്ജാതാ കേരളീയോക്തികന്യകാ’ എന്ന് ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. ‘നമ്പൂതിരിമാരുടെ സംസ്‌കൃതവും ദ്രാവിഡരുടെ തമിഴും കലര്‍ന്ന് നമ്മുടെ ഈ മണിപ്രവാളം ഉണ്ടായി.’ എന്ന് അദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ‘സംസ്‌കൃതോച്ചാരണം പ്രായഃ സംസ്‌കൃതം കേരളീയോക്തിയില്‍ എങ്കിലും താവഴിക്കത്രേ തങ്കലേ രീതിയൊക്കയും’ എന്നും, അതായത്, ‘ഉച്ചാരണംകൊണ്ട് സംസ്‌കൃതത്തോട് അധികം ചേര്‍ച്ചയുണ്ടായാലും ഭാഷയുടെ രീതിയും മറ്റും തമിഴ്മുറയ്ക്കുതന്നെയെന്നതിന് യാതൊരു സംശയവും ഇല്ലതാനും’ എന്നും അദ്ദേഹം പറയുന്നു. സംസ്‌കൃതത്തെ മലയാളഭാഷയുടെ പിതാവും ദ്രാവിഡത്തെ മാതാവുമായാണ് അദ്ദേഹം കല്പിക്കുന്നത്.
‘കേരളഭാഷയുടെ വികാസപരിണാമങ്ങള്‍’ എന്ന കൃതിയിലാണ് ഇളംകുളം തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പഴയ തമിഴകത്തെ പന്ത്രണ്ടുദേശങ്ങളിലെയും ഭാഷ ചെന്തമിഴ് തന്നെയായിരുന്നു, കേരളത്തിലെ തമിഴിന് കിഴക്കന്‍ നാടുകളിലെ തമിഴില്‍നിന്ന് നേരിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെങ്കിലും. ‘കേരളത്തിലെ സാമാന്യവ്യവഹാരഭാഷയായിരുന്ന മലനാട്ടുതമിഴ് ദ്രാവിഡഭവം എന്നുള്ളതില്‍ തര്‍ക്കമില്ല’ എന്നും അദ്ദേഹം പറയുന്നു. നമ്പൂതിരിമാരുടെ തള്ളിക്കയറ്റവും അതിനുശേഷം അവര്‍ക്ക് സമുദായത്തില്‍ ലഭിച്ച അധീശസ്ഥാനവും ആണ് മലയാളഭാഷയുടെ ഉദയത്തിന് കാരണമായത്. കേരളത്തില്‍ പ്രവേശിച്ച ആര്യന്മാര്‍ സംസ്‌കൃതമോ പ്രാകൃതമോ സംസാരിച്ചിരിക്കണം. സ്വദേശികളുമായി ഇടപഴകേണ്ടിവന്നപ്പോള്‍ അവര്‍ തങ്ങളുടെ മാതൃഭാഷയായ സംസ്‌കൃതവും തദ്ദേശീയരുടെ തായ്‌മൊഴിയായ ചെന്തമിഴും കൂട്ടിക്കലര്‍ത്തിയ സങ്കരഭാഷയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. സംസ്‌കൃതവും ഭാഷയും ഒന്നെന്നപോലെ യാതൊരു നിയമവും കൂടാതെ ഇടകലര്‍ത്തി നമ്പൂതിരിമാര്‍ വ്യവഹരിച്ചുവന്നതിന് ഭാഷാമിശ്രമെന്നും മിശ്രഭാഷയെന്നും പറഞ്ഞുവന്നു. മണിപ്രവാളം അതിന്റെ മനോഹരമായ സാഹിത്യരൂപമാണ്. നമ്പൂതിരിമാരുടെ മിശ്രഭാഷ മലനാട്ടുതമിഴിനെയും സ്വാധീനിച്ചിരിക്കണമെന്നും ആദ്യകാലങ്ങളില്‍ ഈ മിശ്രഭാഷയില്‍ സംസ്‌കൃതത്തിന്റെ ആധിക്യം ഉണ്ടായിരുന്നിരിക്കാമെന്നും ക്രമേണ സംസ്‌കൃതാംശങ്ങള്‍ കുറഞ്ഞ് തമിഴിന്റെ ഭാഷാസ്വഭാവങ്ങള്‍ക്ക് പ്രാമാണ്യം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.
മലയാളം തമിഴിനെക്കാള്‍ മുന്‍പ് പൂര്‍വ്വദ്രാവിഡത്തില്‍നിന്ന് പിരിഞ്ഞുവെന്ന വാദത്തെ ഇളംകുളം കുഞ്ഞന്‍പിള്ള എതിര്‍ക്കുന്നു. തമിഴിനും മലയാളത്തിനും ഒരു പൊതുപൂര്‍വ്വദശയുണ്ടായിരുന്നു എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. മലനാട്ടുതമിഴ് ആധുനികമലയാളമായി പരിണമിച്ചതിന് നമ്പൂതിരിമാരുടെ മിശ്രഭാഷയോട് കടപ്പെട്ടിരിക്കുന്നു എന്ന് എടുത്തുകാട്ടുകയാണ് അദ്ദേഹം മിശ്രഭാഷാവാദത്തിലൂടെ.
ഇളംകുളത്തിന്റെ മിശ്രഭാഷാവാദത്തെ എന്‍.കൃഷ്ണപിള്ള അതേപടി സ്വീകരിക്കുന്നു: ‘നമ്പൂതിരിമാര്‍ കേരളത്തിലെ തമിഴിനെ തങ്ങളുടെ ആവശ്യം പ്രതി ദുഷിപ്പിച്ചതിന്റെ ഫലമായിട്ടുണ്ടായ രൂപാന്തരങ്ങളാണ് ഒരു പുതിയ ഭാഷക്ക് കളമൊരുക്കിയത്’… ‘സ്വന്തം നാട്ടുവഴക്കങ്ങളോടുകൂടിയ കേരളത്തമിഴ് 700ആമാണ്ടിനുശേഷമുള്ള 500 വര്‍ഷത്തിനകം ആര്യഭാഷകളുടെ പ്രബലസമ്മര്‍ദ്ദംനിമിത്തം മറ്റൊരു ഭാഷയായി ഉരുത്തിരിയുകയും, ഉരുത്തിരിഞ്ഞതോടൊപ്പം ഒരു മിശ്രഭാഷയായിത്തീരുകയും ചെയ്ത് മലയാളമായി.’ എന്ന് ‘കൈരളിയുടെ കഥ’യില്‍ അദ്ദേഹം വിവരിക്കുന്നു.
സി.എല്‍. ആന്റണി ഇളംകുളത്തിന്റെ നിഗമനത്തോട് സാമാന്യമായി യോജിക്കുന്നു. കേരളഭാഷയുടെ ഉദ്ഭവം കൊല്ലവര്‍ഷാരംഭത്തോടുകൂടിയാണെന്ന വാദത്തോട് അദ്ദേഹം വിയോജിക്കുന്നു. തമിഴ്മലയാളങ്ങളുടെ പൂര്‍വ്വദശ രണ്ടു ഭാഷകളിലും സാഹിത്യം രൂപംകൊള്ളുന്നതിനുമുന്‍പ് സംഭാഷണതലത്തില്‍ നിലനിന്നിരിക്കാം എന്നാണ് ആന്റണി കരുതുന്നത്.
മിശ്രഭാഷാവാദത്തിന് പ്രധാനമായും മൂന്ന് എതിര്‍പ്പുകളാണുണ്ടായിട്ടുള്ളത്. രണ്ടു പരിനിഷ്ഠഭാഷകളുടെ ചെന്തമിഴും സംസ്‌കൃതവും സംഗമിച്ച് മൂന്നാമതൊരു ഭാഷയുടെ പിറവിക്ക് കാരണമായി എന്ന വാദം ഭാഷാശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണ്. മിശ്രഭാഷ സാഹിത്യത്തിലല്ലാതെ സാമാന്യവ്യവഹാരത്തില്‍ നിലനിന്നുവെന്ന വാദം വിശ്വാസയോഗ്യമല്ല. മലയാളത്തിന് ചെന്തമിഴിനോടല്ല ബന്ധം, കൊടുന്തമിഴിനോടാണ്.