Keralaliterature.com

വായനദിനം

    1996 മുതല്‍ കേരളാ സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്‌കൂളുകളില്‍ ഇ-റീഡിങ് പ്രചരിപ്പിക്കാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിക്കന്നുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എന്‍.പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ 'സനാതനധര്‍മം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് 'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലയില്‍ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. നിരക്ഷരതാനിര്‍മാര്‍ജ്ജനത്തിനായി 1977ല്‍ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (കാന്‍ഫെഡ്) രൂപം നല്‍കി. 1970 നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പാറശ്ശാല മുതല്‍ കാസര്‍ഗോട് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് 2004 ജൂണ്‍ 19നു അഞ്ചു രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.

Exit mobile version