ക്ഷേത്രങ്ങളിലെ നര്‍ത്തകിമാര്‍. നങ്കൈയാര്‍ എന്നു വിളിക്കുന്നു. ആദ്യകാലത്ത് സമൂഹത്തില്‍ ദേവദാസികള്‍ക്ക് മാന്യമായ സ്ഥാനമുണ്ടായിരുന്നു.
ദേവനെ വിവാഹം കഴിക്കുന്നതുകൊണ്ട് വൈധവ്യം ഇല്ല എന്നതു മറ്റു സ്ത്രീകളില്‍നിന്നു ശ്രേഷ്ഠത്വം ഇവര്‍ക്ക് കല്പിക്കാന്‍ കാരണമായിത്തീര്‍ന്നു. അവരെ ബഹുമാനിക്കുന്നതും അവരുമായി ബന്ധം ഉണ്ടാകുന്നതും മംഗളകരമാണെന്നും കുടുംബശ്രേയസ്‌സിനു നല്ലതാണെന്നും കരുതിയിരുന്നു. ആദ്യകാലത്ത് ബ്രാഹ്മണരോടു മാത്രമേ ദേവദാസികള്‍ക്കു ബന്ധമുണ്ടായിരുന്നുള്ളൂ. കുടുംബശ്രേയസ്‌സിനും സുഖക്കേടുകളില്‍ നിന്ന് രക്ഷപ്രാപിക്കുന്നതിനും വളരെ ഉയര്‍ന്ന നിലയിലുള്ള കുടുംബങ്ങള്‍ പെണ്‍കുട്ടികളെ ക്ഷേത്രങ്ങളിലേക്ക് നല്‍കിയിരുന്നു. ബ്രാഹ്മണര്‍ക്കുശേഷം രാജാക്കന്മാരാണ് ദേവദാസികളുമായി ബന്ധപ്പെട്ടുവന്നത്. നല്ല നൃത്തകലാനിപുണകളും അതീവസുന്ദരിമാരുമായിരുന്നു ദേവദാസികള്‍. രാജകുടുംബങ്ങളുടെ മുന്നില്‍ ഇരിക്കാനും വെറ്റില മുറുക്കാനും ദേവദാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ലായിരുന്നു.
തമിഴ്‌നാട്ടില്‍ നൃത്തവും നാടകാഭിനയവും ദേവദാസികള്‍ തന്നെയാണ് നടത്താറുണ്ടായിരുന്നത്. ദേവദാസികള്‍ക്ക് കൂത്തച്ചികള്‍ അഥവാ ആടും പാത്രങ്ങള്‍ (നര്‍ത്തകി), നാടകശാലക്കാര്‍, തോടവച്ചവര്‍ (തൈക്കിഴവികള്‍) എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു.
കേരളത്തില്‍ ചിറ്ററൈയില്‍ നങ്കൈയാര്‍, ശ്രീധരനങ്ങച്ചി, ശങ്കരനങ്ങച്ചി മുതലായ ദേവദാസികളുണ്ടായിരുന്നു. ഭാഷാകൗടലീയത്തില്‍ ദേവദാസി എന്ന അര്‍ത്ഥത്തില്‍ തളിനങ്ങ എന്നു കാണാം.