മാര്‍മൂല. തെയ്യം, തിറ, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം തുടങ്ങിയ മിക്ക കലാനിര്‍വഹണങ്ങള്‍ക്കും സ്ത്രീവേഷത്തിനുള്ള ചമയങ്ങളിലൊന്നാണിത്. തെയ്യം തിറകള്‍ക്ക് മാര്‍വട്ടം മരംകൊണ്ടോ ലോഹംകൊണ്ടോ നിര്‍മിക്കും. കഥകളിയിലും മറ്റും മാര്‍മൂല കൊരലാരത്തോടു ബന്ധപ്പെട്ടതായിരിക്കും. സ്ത്രീവേഷത്തിനുള്ള കൊരലാരത്തെ മൂലക്കൊരലാരം എന്ന് പറയുന്നത് അതുകൊണ്ടാണ്. പുതിയഭഗവതി, കക്കര ഭഗവതി, പ്രമാഞ്ചേരിഭഗവതി, നരമ്പില്‍ ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ക്ക് മാര്‍ലവട്ടം മുരിക്കുകൊണ്ടാണ് ഉണ്ടാക്കുക. പുലിയുരുകാളി, വസൂരിമാല, ഉച്ചിട്ട, പുള്ളിക്കരിങ്കാളി എന്നീ തെയ്യങ്ങള്‍ ഓടുകൊണ്ടുള്ള ‘മൂലക്കൂട്ടം’ ധരിക്കുന്നു. കുണ്ഡോറച്ചാമുണ്ഡിക്ക് ഓടുകൊണ്ടുള്ള മാര്‍മൂല തന്നെ ഉണ്ടാവും.