ദക്ഷിണകേരളത്തിലെ വേലന്‍മാരുടെ കലാവിദ്യാപ്രകടനം. ഓണക്കാലത്ത് അവര്‍ ഭവനംതോറും കയറിയിറങ്ങി അവതരിപ്പിക്കാറുള്ള പാവകളിയുടെ ഭാഗമാണിത്. പലകയില്‍ കൊത്തിയെടുത്ത വിവിധതരം പാവകള്‍ ചായം തേച്ച ഒരു മുളന്തണ്ടിനു പിടിപ്പിക്കും. ആ മുളയുടെ അടിഭാഗം മൂക്കിനുതാഴെ, മേല്‍ച്ചുണ്ടിനുമുകളിലായി നിറുത്തും. പാവകളുമായി ബന്ധിപ്പിച്ച ഒരു ചരട് വലിച്ച് പാവകളെ ചലിപ്പിക്കുകയാണ് ഇതിന്റെ സ്വഭാവം. തുടി, കൈമണി തുടങ്ങിയ വാദ്യങ്ങളുണ്ടാവും. പ്രത്യേക പാട്ടുകളും പാടും. സന്തുലിതാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ഈ കലാവിദ്യയില്‍ സ്ത്രീകളാണ് ഏര്‍പ്പെടുന്നത്. അവരുടെ നോക്ക് എപ്പോഴും മുളയുടെ തുലനത്തിലായിരിക്കും. വാദ്യത്തിനും പാട്ടിനും പുരുഷന്മാരുണ്ടാവും. മരത്തിലെ രൂപങ്ങള്‍ മൂക്കിനുതാഴെ വച്ച് പല അഭ്യാസങ്ങളും നടത്താറുള്ളതിനാല്‍ ഇതിന് ‘മൂക്കേവിദ്യ’ എന്നും പറയും. കോട്ടം ജില്ലയിലാണ് ഇത് നിലനില്‍ക്കുന്നത്.