തൂണുകള്‍ കുഴിച്ചിട്ട് പടങ്ങുകള്‍വെച്ച് നിര്‍മ്മിക്കുന്ന പുര. പന്തല്‍ സാധാരണയായി പരന്ന പുരയായിരിക്കും എന്നാല്‍ മഴക്കാലത്തും മറ്റും മോന്താഴപ്പന്തല്‍ തന്നെ കെട്ടാറുണ്ട്. വിവാഹം, തിരണ്ടുമങ്ങലം തുടങ്ങിയ അടിയന്തിരങ്ങള്‍ക്ക് ഗൃഹങ്ങളില്‍ മുന്‍വശം പന്തലിടും. ന ിലം കിളച്ചടിച്ച് ചാണകം മെഴുകി വൃത്തിയാക്കും.
കല്യാണപ്പന്തലിന് പാലയുടെ തൂണ് ഉത്തമമാണ്. ക്ഷേത്രം, കാവ് തുടങ്ങിയ സ്ഥാനങ്ങളിലും ഉത്സവവാദികള്‍ക്ക് പന്തല്‍ വേണം. കുരുത്തോല, പഴുക്ക, പൂക്കുല, തെച്ചിപ്പൂ, വെറ്റില തുടങ്ങിയവകൊണ്ട് പന്തല്‍ അലങ്കരിക്കാറുണ്ട്. പന്തലില്‍ തൂക്കുവിളക്കുകളും തൂക്കിയിടും. തൂണുകള്‍ വസ്ത്രംകൊണ്ടോ ഈന്തോലകൊണ്ടോ അലങ്കരിക്കാറുണ്ട്. കൂത്ത,് പാന, കളംപാട്ട്, കളമെഴുത്തുപാട്ട് തുടങ്ങിയ അനുഷ്ഠാനകലകള്‍ പന്തലില്‍ വെച്ചാണ് നടത്തുക. കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയ്ക്കും പന്തല്‍ ആവശ്യമാണ്. ചില ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് അതിവിസ്തൃതമായ പന്തല്‍ ഇടാറുണ്ട്.
വഴിയാത്രക്കാര്‍ക്ക് വെള്ളം കൊടുക്കുവാന്‍ തയാറാക്കുന്ന തണ്ണീര്‍പ്പന്തല്‍ കൃഷിസ്ഥലങ്ങളില്‍ വിളവ് കാക്കുവാനിടുന്ന കാവല്‍ പന്തല്‍ ഇങ്ങനെ പലതരം പന്തലുകള്‍, കുമ്പളം, മത്തന്‍, വെള്ളരി, കൈപ്പ, കക്കിരി, പടവലം തുടങ്ങിയ പച്ചക്കറിവള്ളികള്‍ക്ക് പടര്‍ന്ന് വളരുവാന്‍ പ്രത്യേകതരം പന്തലിടാറുണ്ട്. അവയ്ക്കു മുകളില്‍ കമ്പുകള്‍ പടങ്ങായി വയ്ക്കുകയല്ലാതെ ഓലയും മറ്റും കൊണ്ട് മറയ്‌ക്കേണ്ടതില്ല.