കളരിയഭ്യാസികളുടെ ഒരടവ്. പതിനെട്ട് അങ്കങ്ങള്‍ക്ക് പുറമെയാണിത്. യോദ്ധാക്കള്‍ പതിനെട്ട് അങ്കം അറിയുന്നവരായിരിക്കും. അവരെ ജയിക്കണമെങ്കില്‍ പ്രത്യേക അഭ്യാസമോ, അടവോ വേണം. തച്ചോളി ഉദയനനും മറ്റും ഈ അടവുകൊണ്ട് വിജയം നേടിയ സന്ദര്‍ഭങ്ങള്‍ ഉണ്ട്. താളത്തിനനുഗുണമായി വെട്ടും തടവും നടക്കവെ, പരിചകൊണ്ട് പൂഴി കോരി പാറ്റുകയും, എതിരാളിയുടെ കണ്ണുകളില്‍ തൂവുകയും ചെയ്യകയാണതിന്റെ സ്വഭാവം. അതിവേഗത്തില്‍ ചെയ്യേണ്ട അടവാണത്. പ്രത്യേക അഭ്യാസസിദ്ധി ഉള്ളവര്‍ക്കേ അത് കഴിയൂ. പൂഴിക്കടകനടി എന്നും ഈ അടവിന് പേരുണ്ട്. തച്ചോളി ഉദയനനും ചന്തുവും അമ്പാടിയും ഇതില്‍ വിദഗ്ദ്ധരായിരുന്നതിനാല്‍ തച്ചോളിയങ്കം എന്നുകൂടി അതിന് പേര്‍ ലഭിച്ചു. വടക്കന്‍പാട്ടുകഥകളില്‍ പലേടത്തും ഈ അടവിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.