പ്രാക്തനമായ ഒരു കൃഷിസമ്പ്രദായം. വനപ്രദേശങ്ങളിലും മറ്റും ഇന്നും പുനംകൃഷി നടത്താറുണ്ട്. തിന, ചാമ, മുത്താറി, ചോളം, തുവര, നെല്ല് എന്നിവ പുനംകൃഷിക്ക് ഉപയോഗിക്കുന്ന മുഖ്യ വിത്തിനങ്ങളാണ്. പുതിയ പുതിയ സ്ഥലങ്ങളില്‍ വിത്തുകള്‍ പലതും മാറി മാറി കൃഷി നടത്തുന്ന സമ്പ്രദായമാണ് പുനംകൃഷി, സ്ഥലം മാറി മാറിത്താമസിച്ചുപോന്നിരുന്ന പ്രാക്തനകാലങ്ങളില്‍ പുനം കൃഷി നടത്തുവാന്‍ പ്രയാസമുണ്ടായിരുന്നില്ല. കാടുവെട്ടി തീവെച്ചു കരിച്ച സ്ഥലത്താണ് വിത്തിറക്കുക. തോറ്റം പാട്ടുകള്‍, വടക്കന്‍ പാട്ടുകഥകള്‍ തുടങ്ങിയ പഴയ പാട്ടുകളില്‍ പുനം കൃഷിയെക്കുറിച്ചുള്ള വര്‍ണനകള്‍ തന്നെ കാണാം. വിത്തുകിളപ്പാട്ടുകളും, വിതച്ചുകിളപ്പാട്ടുകളും പുനം കൃഷിപ്പാട്ടുകളാണ്.