കറുക, വിഷ്ണുക്രാന്തി(കൃഷ്ണക്രാന്തി), ചെറുള, തിരുതാളി, മുക്കുറ്റി, നെല്‍പ്പന(നിലപ്പന), പൂവങ്കുറുന്തല, ഉഴിഞ്ഞ, കുഞ്ഞുണ്ണി(കയ്യണ്ണി), മുയല്‍ച്ചെവി എന്നീ പത്തു മംഗളപുഷ്പങ്ങള്‍. സുമംഗലികള്‍ ദശപുഷ്പം ചൂടിയാല്‍ നെടുമാംഗല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോന്നിന്റെയും ദേവത ഓരോന്നും ചൂടിയാലുള്ള ഫലം എന്നിവ ഒരു തിരുവാതിരപ്പാട്ടില്‍ പ്രസ്താവിക്കുന്നുണ്ട്. കറുകയുടെ ദേവത ആദിത്യനാണ്. അത് ചൂടിയാല്‍ ആധിവ്യാധികള്‍ തീരും. വിഷ്ണുക്രാന്തിയുടെ ദേവത ശ്രീകൃഷ്ണനാണ്. അത് ചൂടിയാല്‍ വൈഷ്ണവപദം പ്രാപിക്കും. തിരുതാളിയുടെ ദേവത ഇന്ദിരാദേവിയാണ്. അത് ചൂടിയാല്‍ ഐശ്വര്യമാണ് ഫലം. കുറുന്തലയുടെ ദേവത ബ്രഹ്മാവാണ്. അത് ചൂടിയാല്‍ ദാരിദ്യമില്ലാതാകും. കൈയുണ്ണിയുടെ ദേവത പരമേശ്വരനാണ്. അതു ചൂടിയാല്‍ പഞ്ചപാപവും തീരും. മുക്കുറ്റിയുടെ ദേവത പാര്‍വ്വതിയാണ്. അത് ചൂടിയാല്‍ ഭര്‍ത്തൃസുഖവും പുത്രസമ്പത്തുമുണ്ടാകും. നിലപ്പനയുടെ ദേവത ഭൂമിദേവിയും, ഉഴിഞ്ഞയുടെ ദേവത ഇന്ദ്രനുമാണ്. ഇഷ്ടസിദ്ധിക്ക് ഇവ ചൂടണം. ചെറുളയുടെ ദേവത യമനാണ്. അതു ചൂടിയാല്‍ ദീര്‍ഘായുസ്‌സാണ് ഫലം. മുഴച്ചെവി (മുയല്‍ച്ചെവി)യുടെ ദേവത കാമനാണ്. അത് ചൂടുന്നത് മംഗല്യത്തിന് ഉത്തമമാണ്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പങ്ങള്‍ ചൂടുന്ന പതിവുണ്ട്. മറ്റുചില കര്‍മ്മങ്ങള്‍ക്കും അഭിഷേകാദികള്‍ക്കും ഇവ ഉപയോഗിക്കും.