ദക്ഷിണകേരളത്തിലെ വേലന്‍മാര്‍ പള്ളിപ്പാന നടത്തുമ്പോള്‍ ചെയ്യാറുള്ള ഒരു ചടങ്ങ്. കവുങ്ങുകൊണ്ട് നിര്‍മ്മിച്ച എട്ടു മഞ്ചങ്ങളില്‍ എട്ടുകര്‍മ്മികളെ കിടത്തി ബന്ധിച്ചു എട്ടുദിക്കിലേക്കും എടുത്തുകൊണ്ടുപോവുകയും, അവിടങ്ങളില്‍ വെച്ച് ചില കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യും. ക്ഷേത്രാങ്കണത്തില്‍ പറകൊട്ടി, പാട്ടുപാടുന്നുണ്ടായിരിക്കും. കര്‍മ്മികള്‍ ബന്ധനത്തില്‍നിന്നും മോചിച്ച്, കലികയറിത്തുള്ളിക്കൊണ്ട്, അകലെച്ചെന്ന് ചൂരലോ, പനയോ പറിച്ചെടുത്ത് അട്ടഹസിച്ചുകൊണ്ട് തിരിച്ചുപോരും. അവര്‍ക്ക് കോഴിബലി നല്‍കുന്നതോടെ കലിയടങ്ങുകയും ചെയ്യും. കാളിയൂട്ടുമായി ബന്ധപ്പെട്ട് ചില അനുഷ്ഠാനച്ചടങ്ങുകള്‍ക്കും ദിക്കുബലി എന്നുപറയും.