കടമറ്റത്തുകത്തനാര്‍ എന്ന മാന്ത്രികന്‍ സ്വീകരിച്ചിരുന്ന മന്ത്രവാദരീതി. തിരുവിതാംകൂറിലെ കടമറ്റം എന്ന ദേശത്ത് പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച പൗലൂസ് എന്ന കുട്ടിയാണ് പില്‍ക്കാലത്ത് കടമറ്റത്ത് കത്തനാര്‍ ആയത്. മന്ത്രവാദം, ഇന്ദ്രജാലം, മഹേന്ദ്രജാലം തുടങ്ങിയ വിദ്യകള്‍ അറിയാവുന്ന, ഒരു മലയരയന്‍ തലവനായുള്ള ഗൂഢസംഘത്തില്‍ ആ കുട്ടി ചെന്നുപെട്ടു. പന്ത്രണ്ടുവര്‍ഷം അവിടെ അവരോടൊപ്പം കഴിച്ചുകൂട്ടി. അതിനിടയില്‍ മലയരയനില്‍നിന്ന് വിദ്യകളെല്ലാം പഠിച്ചു. ഒടുവില്‍ ഗുരുവിന്റെ അനുഗ്രഹത്തോടെ ആ സംഘത്തില്‍നിന്ന് രക്ഷപ്പെട്ട് തന്റെ ആദ്യകാലരക്ഷിതാവായ കത്തനാരുടെ അടുത്തേക്ക് വന്നു. ആ കത്തനാരുടെ കാലശേഷം അവനെ കത്തനാരാക്കി. പില്‍ക്കാലത്ത് കടമറ്റത്തുകത്തനാരായി.