തൃശൂര്‍ ജില്ലയിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന ഒരു ആദിമനിവാസിവിഭാഗം. നായാട്ടാണ് ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗം. തേന്‍, കൂവ, ഏലക്കായ, ചൂരല്‍, പച്ചമരുന്നുകള്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ദുര്‍ല്ലഭമായി കൃഷിപ്പണിയിലും ഏര്‍പ്പെടുന്നു. മലനായാടികള്‍ക്ക് വെറ്റിലമുറുക്ക് പ്രധാനമാണ്. വര്‍ഗത്തലവനെ ‘ഏലുമൂപ്പന്‍’ എന്നു പറയും. പരേതാരാധനയിലും മല ദൈവങ്ങളെ ആരാധിക്കുന്നതിലും ഇവര്‍ ഏര്‍പ്പെടാറുണ്ട്. കവരികളി, ചോടുകളി, പോലികളി, മുടിയാട്ടം, പാമ്പുകളി, കുമ്മികളി എന്നിവ മലനായാടികളുടെ കലാനിര്‍വഹണങ്ങളാണ്. ബാധയകറ്റുവാനും രോഗശാന്തിയ്ക്കുംവേണ്ടി അവര്‍ നടത്തുന്ന കര്‍മമാണ് മുറംകിലുക്കിപ്പാട്ട്.
മലനായാടികള്‍ പതിനെട്ടില്ലക്കാരാണ്. കന്യക തിരണ്ടാല്‍ ഏഴുദിവസമാണ് ആശൗചം. ആ ദിവസങ്ങളില്‍ പ്രത്യേക പുരയില്‍ താമസിക്കണം. മരിച്ചാല്‍ 15ദിവസം ആശൗചം പാലിക്കും. പരേതന്റെ ആത്മാവിനെ പൂര്‍വികരോട് ചേര്‍ക്കുന്ന ഒരു കര്‍മം അവര്‍ നടത്താറുണ്ട്. ‘എലപ്പാട്ടം’ എന്നാണതിനു പേര്‍. അഞ്ചിലകളില്‍ ചോറും കറിയും വിളമ്പുന്ന ചടങ്ങ് അതിനുണ്ട്. മലനായാടികള്‍ക്ക് വംശീയമായ പാട്ടുകളുണ്ട്. കലാനിര്‍വഹണങ്ങള്‍ക്കെല്ലാം അവര്‍ പാട്ടുപാടും.