ഭദ്രകാളീക്ഷേത്രങ്ങളില്‍ പൂരവേലയ്ക്കും മറ്റും താലപ്പൊലിക്ക് സ്ത്രീകള്‍ താലമെടുക്കും. ആദ്യമായി താലമെടുത്തു തുടങ്ങുന്നതിന് പ്രത്യേക ചടങ്ങുണ്ട്. അതിന് ‘മഞ്ഞത്താലം’ എന്നു പറയും. കിണ്ണത്തില്‍ കുറച്ചരിയും പൂക്കുലയും വാഴപ്പോളയില്‍ കോല്‍ത്തിരിയുമാണ് താലപ്പൊലിക്കുപതിവ്. എന്നാല്‍, മഞ്ഞത്താലത്തിന് കിണ്ണത്തില്‍ നാളികേരവും, കോല്‍ത്തിരിക്കുപകരം അരിത്തിരിയുമായിരിക്കും. തുണിയില്‍ ഒരുപിടി അരി കെട്ടി അതിന്റെ തല ഉയര്‍ത്തി നിറുത്തും. മഞ്ഞത്താലം എഴുന്നള്ളിച്ചവര്‍ പൊങ്ങിലിടിയില്‍ പങ്കുകൊള്ളണമെന്നാണ് നിയമം.