Keralaliterature.com

മരുമക്കത്തായം

മാതൃദായക്രമം. അമ്മയിലൂടെ പകരുന്ന ദായക്രമം. വംശാവകാശം, സ്വത്തവകാശം, ആത്മീയാവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ അവകാശങ്ങള്‍ അമ്മയിലൂടെ സിദ്ധിക്കുന്ന സമ്പ്രദായം. ഈ സമ്പ്രദായപ്രകാരം മരുമക്കളുടെ രക്ഷാധികാരികള്‍ അമ്മാവന്മാരായിരിക്കും. ഭാര്യാഗൃഹത്തില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവകാശമൊന്നുമില്ല. അമ്മാവന്റെ കാലശേഷം അയാളുടെ സഹോദരിമാര്‍ മൂത്തവളുടെ മൂത്തമകനാണ് അവകാശി. കേരളത്തില്‍ മിക്ക സമുദായക്കാരും മരുമക്കത്തായ സമ്പ്രദായികളാണ്. ക്ഷത്രിയരും നായന്‍മാരും ഇക്കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നു. ആദിമ നിവാസികളില്‍ ചിലരും മരുമക്കത്തായ സമ്പ്രദായം പാലിക്കുന്നവരാണ്. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യം മാക്കത്തോറ്റം, മാരന്‍പ്പാട്ട് തുടങ്ങിയ നാടന്‍പാട്ടുകളിലും ആഖ്യാനം ചെയ്തുകാണാം.

മരുമക്കത്തായ സമ്പ്രദായപ്രകാരം സ്ത്രീസന്താനത്തിന് പ്രാമുഖ്യമേറെയുണ്ട്. ഭവനത്തില്‍ പടിഞ്ഞാറ്റയുടെ അവകാശം അവള്‍ക്കാണ്. വംശത്തിന്റെ നിലനില്‍പ്പ് സ്ത്രീയെ കേന്ദ്രീകരിച്ചാണെന്ന് കരുതിവരുന്നു.

Exit mobile version